KOYILANDY DIARY

The Perfect News Portal

നരേന്ദ്ര മോഡി നടത്തിയത് പൊള്ളയായ പ്രഖ്യാപനങ്ങള്‍

ന്യൂഡല്‍ഹി > നോട്ട് അസാധുവാക്കലിന്റെ തുടര്‍ച്ചയായി പുതുവര്‍ഷത്തലേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയത് പൊള്ളയായ പ്രഖ്യാപനങ്ങള്‍. ഗര്‍ഭിണികള്‍ക്ക് 6000 രൂപ ധനസഹായമെന്നത് കേന്ദ്രസര്‍ക്കാര്‍ 2013ല്‍ നടപ്പാക്കിയ ഭക്ഷ്യഭദ്രതാനിയമത്തില്‍ വ്യവസ്ഥചെയ്തതാണ്. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ രണ്ടരവര്‍ഷം ഇത് നടപ്പാക്കിയിട്ടില്ലെന്ന് മാത്രം. മോഡി ചെയ്തത് ഭക്ഷ്യഭദ്രതാനിയമത്തിലെ വാഗ്ദാനം ആവര്‍ത്തിക്കുകമാത്രം. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നഗരങ്ങളിലെ ദരിദ്രരുടെ ഭവനവായ്പകള്‍ക്ക് പലിശയിളവ് എന്നതും എത്രമാത്രം പ്രായോഗികമെന്ന ചോദ്യം ബാക്കി.

2013ല്‍ പാര്‍ലമെന്റ് പാസാക്കിയ ഭക്ഷ്യഭദ്രതാനിയമത്തിലെ പ്രധാന വ്യവസ്ഥകളിലൊന്നായിരുന്നു ഗര്‍ഭിണികള്‍ക്കുള്ള ധനസഹായം.  രാജ്യത്ത് 53 ജില്ലയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ പദ്ധതിതുടങ്ങി. ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന എന്ന പേരില്‍ 4000 രൂപ ധനസഹായം നിലവില്‍ നല്‍കുന്നു. ഇത് 6000 രൂപയാക്കണമെന്ന് പ്രതിപക്ഷ പാര്‍ടികളും സന്നദ്ധസംഘടനകളും ദീര്‍ഘനാളായി ആവശ്യപ്പെടുന്നുണ്ട്. എല്ലാ ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കണമെന്ന ആവശ്യവും ശക്തം. ഭക്ഷ്യഭദ്രതാനിയമം വേണ്ടവിധം നടപ്പാക്കാന്‍ മോഡി സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടിയില്ല. അതുകൊണ്ട് ഗര്‍ഭിണികള്‍ക്ക് സഹായം ഉള്‍പ്പെടെ നിയമത്തിലെ പല വ്യവസ്ഥകളും നടപ്പാക്കാനുമായിട്ടില്ല.

പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പ്രകാരം വായ്പയെടുക്കുന്നവര്‍ക്ക് പലിശയിളവ് എന്നതാണ് മോഡിയുടെ മറ്റൊരു പ്രഖ്യാപനം. നഗരങ്ങളിലെ ദരിദ്രരെ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. തുടക്കത്തില്‍ രാജ്യത്തെ നൂറ് നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. 2015 മുതല്‍ 2022 വരെയാണ് പദ്ധതിയുടെ കാലാവധി. 2017 ല്‍ വായ്പയെടുക്കുന്നവര്‍ക്കാണ് മോഡി പലിശയിളവ് പ്രഖ്യാപിച്ചത്. ആറുലക്ഷം രൂപവരെ വായ്പയെടുക്കുന്നവര്‍ക്ക് നിലവില്‍  പലിശയിളവുണ്ട്. ആറു ലക്ഷത്തിന് മുകളില്‍ 20  ലക്ഷം രൂപ വരെ വായ്പയെടുക്കുന്നവരിലേക്ക് കൂടി പലിശയിളവ് വ്യാപിപ്പിക്കുകയാണ് മോഡി ചെയ്തത്. നഗര ദരിദ്രരെ ലക്ഷ്യമിട്ടുള്ളതാണ് പിഎംഎവൈ പദ്ധതിയെന്ന് പറയുമ്പോള്‍  വ്യവസ്ഥകള്‍ അതിന് വിരുദ്ധമെന്നതാണ് യാഥാര്‍ഥ്യം.

Advertisements

നിരാശ സമ്മാനിച്ച പ്രഖ്യാപനം

ന്യൂഡല്‍ഹി > നോട്ട് അസാധുവാക്കല്‍ നടപടി പരാജയപ്പെട്ടതിന്റെ ക്ഷീണമകറ്റാന്‍ വന്‍പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷയുണര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് ദേശീയമാധ്യമങ്ങളും സാമ്പത്തികവിദഗ്ധരും. സാധാരണക്കാര്‍ക്ക് ആശ്വാസമേകുംവിധം സാമൂഹികസുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട് വന്‍ പ്രഖ്യാപനങ്ങള്‍  പൊതുവില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ വ്യാപകമായ പ്രചാരണങ്ങളും സംഘപരിവാര്‍ നടത്തി. മോഡിയുടെ അഭിസംബോധന തത്സമയം എത്തിക്കാനുള്ള ക്രമീകരണവും ഒരുക്കാന്‍ അത്യധ്വാനം നടത്തി.

സാമൂഹ്യസുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട് മോഡി സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്ന ഒട്ടനവധി കാര്യങ്ങളുണ്ടെന്ന് സാമ്പത്തിക- സാമൂഹിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മുതിര്‍ന്ന പൌരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിധവകള്‍ക്കും നല്‍കിവരുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷനാണ് ഇതില്‍ മുഖ്യം. നിലവില്‍ 200 രൂപ മാത്രമാണ് ഈ വിഭാഗക്കാര്‍ക്ക് പെന്‍ഷന്‍ വിഹിതമായി കേന്ദ്രം നല്‍കുന്നത്. ഇത് വര്‍ധിപ്പിക്കണമെന്ന ആവശ്യം സംസ്ഥാനങ്ങളും ദീര്‍ഘനാളായി മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും കേന്ദ്രം വഴങ്ങിയിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയുടെ വാര്‍ഷികവിവിതം അറുപതിനായിരം കോടിയിലേക്ക് ഉയര്‍ത്തണമെന്ന ആവശ്യമാണ് മറ്റൊന്ന്.  നിലവില്‍ 36000 കോടിയോളം മാത്രമാണ് ഗ്രാമങ്ങളിലെ ദശലക്ഷ ക്കണക്കിന് ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ഗുണംചെയ്യുന്ന ഈ പദ്ധതിക്കായി കേന്ദ്രം നീക്കിവയ്ക്കുന്നത്.

പിന്‍വലിച്ച നോട്ടുകളിലായി എത്ര പണം തിരിച്ചുവന്നുവെന്ന് മോഡി വെളിപ്പെടുത്താത്തതും വിമര്‍ശനവിധേയമായിട്ടുണ്ട്. റിസര്‍വ് ബാങ്കും ഇതുവരെ കണക്കുകള്‍ വെളിപ്പെടുത്തിയിട്ടില്ല. ഡിസംബര്‍ 10 വരെ 12.44 ലക്ഷം കോടി രൂപ തിരിച്ചെത്തിയെന്ന അറിയിപ്പ് മാത്രമാണ് ആര്‍ബിഐയില്‍നിന്ന് അവസാനം വന്നത്. പുതിയ കറന്‍സി എത്രമാത്രം ബാങ്കുകളില്‍ എത്തിച്ചെന്ന കണക്കും ആര്‍ബിഐ പുറത്തുവിടുന്നില്ല. നോട്ട് പിന്‍വലിക്കല്‍ നടപടി പൂര്‍ണമായും പരാജയപ്പെട്ടതിന് തെളിവാണ് സര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും ഒളിച്ചുകളിയെന്ന് പ്രതിപക്ഷ പാര്‍ടികള്‍ കുറ്റപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *


Fatal error: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents() #1 [internal function]: wfWAFStorageFile->saveConfig() #2 {main} thrown in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34