KOYILANDY DIARY

The Perfect News Portal

നടൻ ശശി കപൂര്‍ അന്തരിച്ചു

മുംബൈ > പ്രശസ്ത നടനും സംവിധായകനും നിര്‍മാതാവുമായ ശശി കപൂര്‍ മുംബൈയില്‍ അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.20ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 79 വയസ്സായിരുന്നു.

ഹിന്ദിയിലും ഇംഗ്ളീഷിലുമായി 175ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ബാലതാരമായി അഭിനയരംഗത്ത് വന്ന അദ്ദേഹം അഞ്ചുപതിറ്റാണ്ട് ചലച്ചിത്രമേഖലയില്‍ നിറഞ്ഞുനിന്നു. ജനപ്രിയസിനിമയിലും കലാസിനിമയിലും ഒരുപോലെ തിളങ്ങിയ ശശി കപൂര്‍ വേറിട്ട അഭിനയപാടവത്തിന് ഉടമയായിരുന്നു. 2011ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2014ല്‍ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്ക് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡും തേടിയെത്തി.

കൊല്‍ക്കത്തയില്‍ 1938ലായിരുന്നു ജനനം. അച്ഛന്‍ പൃഥ്വിരാജ് കപൂറിന്റെ നാടകങ്ങളിലൂടെയാണ് കപൂര്‍ ത്രയത്തിലെ ഇളയവനായ ശശി അഭിനയത്തിന്റെ ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കിയത്. 1948ല്‍ പത്താംവയസ്സില്‍ ആഗ് എന്ന ചിത്രത്തിലൂടെ ബാലതാരമായി ചലച്ചിത്രരംഗത്തെത്തി. 1961ല്‍ പുറത്തിറങ്ങിയ ധര്‍മപുത്രയിലൂടെ നായകവേഷം. തുടര്‍ന്ന് അഭിനയമികവിലൂടെ ബോളിവുഡില്‍ നിറഞ്ഞുനിന്നു. പത്തോളം ഇംഗ്ളീഷ് സിനിമകളില്‍ നായകനായി.

Advertisements

രാഖി, ഷര്‍മിള ടഗോര്‍, സീനത്ത് അമന്‍, ഹേമമാലിനി തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ച ചിത്രങ്ങള്‍ ബോളിവുഡിലെ എക്കാലത്തെയും അനശ്വര പ്രണയചിത്രങ്ങളാണ്. ദീവാര്‍ (1974), കഭി കഭി (1975), സത്യം ശിവം സുന്ദരം (1977), സില്‍സില (1981), നമക് ഹലാല്‍ (1982) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അദ്ദേഹം സിനിമാപ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠ നേടി.എഴുപതുകളില്‍ വര്‍ഷം പത്തുചിത്രങ്ങള്‍വരെ ശശി കപൂറിന്റേതായി പുറത്തുവന്നു. തൊണ്ണൂറുകള്‍ക്കുശേഷം അഞ്ചുചിത്രങ്ങളില്‍ വേഷമിട്ടു. 1978ല്‍ പൃഥ്വി തിയറ്റര്‍ സ്ഥാപിച്ചു.

1998ല്‍ പുറത്തിറങ്ങിയ സൈഡ് സ്ട്രീറ്റ് എന്ന ഇംഗ്ളീഷ് ചിത്രമാണ് അവസാനത്തേത്. ജുനൂന്‍ ഉള്‍പ്പെടെ ആറുചിത്രങ്ങള്‍ നിര്‍മിച്ചു. 1991ല്‍ അജൂബ സംവിധാനം ചെയ്തു. ഇതിന്റെ നിര്‍മാതാവും അദ്ദേഹമായിരുന്നു. ചിത്രം റഷ്യന്‍ ഭാഷയിലും റിലീസ് ചെയ്തിരുന്നു. ഏകദേശം രണ്ടുപതിറ്റാണ്ടായി മുഖ്യധാരയില്‍നിന്ന് മാറി കഴിയുകയായിരുന്നു. ജെന്നിഫറാണ് ഭാര്യ. നാടകനടികൂടിയായിരുന്ന ഇവര്‍ 1984ല്‍ മരിച്ചു. കരണ്‍ കപൂര്‍, കുനാല്‍ കപൂര്‍, സഞ്ജന കപൂര്‍ എന്നിവര്‍ മക്കള്‍. അന്തരിച്ച രാജ് കപൂര്‍, ഷമ്മി കപൂര്‍ എന്നിവര്‍ സഹോദരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *