KOYILANDY DIARY

The Perfect News Portal

ദേശീയപാത വികസനം: ഏറ്റെടുത്ത സ്ഥലം നിരപ്പാക്കുന്ന ജോലി പുരോഗമിക്കുന്നു

കൊയിലാണ്ടി: ദേശീയപാത ആറുവരിയാക്കുന്നതിൻ്റെ ഭാഗമായി ഏറ്റെടുത്ത സ്ഥലം നിരപ്പാക്കുന്ന ജോലി പുരോഗമിക്കുന്നു. മൂരാട്, ഇരിങ്ങൽ ഭാഗങ്ങളിൽ ഏറ്റെടുത്ത സ്ഥലത്തെ മരങ്ങൾ പൂർണമായി മുറിച്ചു നീക്കി. ഇനി പയ്യോളിക്കും ഇരിങ്ങലിനും ഇടയിലുള്ള സ്ഥലത്തെ മരങ്ങളാണ് മുറിക്കേണ്ടത്. ബൈപ്പാസ് ആരംഭിക്കുന്ന നന്തി ജങ്‌ഷനിൽ നിന്ന് ശ്രീശൈലം കുന്നിലേക്ക് ചെമ്മൺ പാതയൊരുക്കി. ഇവിടെയാണ് കരാർ കമ്പനി പ്ലാൻ്റ് സ്ഥാപിച്ചത്. ബൈപ്പാസ് നിർമാണത്തിൻ്റെ ഭാഗമായി മുചുകുന്ന് റോഡ് കൂട്ടിമുട്ടുന്ന സ്ഥലത്ത് മരങ്ങൾ മുറിച്ചു നീക്കിത്തുടങ്ങി. ചെങ്ങോട്ടുകാവുവരെ മരങ്ങൾ മുറിക്കണം.

ചെങ്ങോട്ടുകാവ് മുതൽ വെങ്ങളം ജങ്‌ഷൻ വരെയാണ് റോഡ് വികസിപ്പിക്കുന്നത്. പൊയിൽക്കാവ്, പൂക്കാട്, തിരുവങ്ങൂർ ടൗണുകളിലെ കടകൾ ഏതാണ്ട് പൊളിച്ചു നീക്കി. മരങ്ങൾ മുറിച്ചു നീക്കിക്കഴിഞ്ഞാൽ പെട്ടെന്നുതന്നെ സ്ഥലം തട്ടി നിരപ്പാക്കി ചെമ്മൺപാതയുണ്ടാക്കും. ഒന്നരവർഷംകൊണ്ട് റോഡ് വികസനം യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ. മൂരാട് പുഴയ്ക്കുകുറുകെ പുതിയ പാലം നിർമിക്കുന്ന പ്രവൃത്തിയും അതിവേഗം പുരോഗമിക്കുകയാണ്. പൈലിങ്പ്രവൃത്തികൾ വളരെവേഗത്തിൽ നടക്കുന്നുണ്ട്. സ്പാൻ നിർമാണത്തിനാവശ്യമായ കൂറ്റൻ കോൺക്രീറ്റ് ബീമുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. പാലത്തിന്റെ തൂണുകൾ നിർമിച്ചുകഴിഞ്ഞാൽ ഈ കോൺക്രീറ്റ് ബീമുകൾ ക്രെയിനുപയോഗിച്ച് ഘടിപ്പിക്കും. അഴിയൂർ മുതൽ വെങ്ങളംവരെ റോഡുനിർമാണം കരാറെടുത്തത് അദാനി ഗ്രൂപ്പാണ്. ഇവർ അഹമ്മദാബാദിലെ വാഗഡ് ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിക്ക് ഉപകരാർ നൽകിയിരിക്കുകയാണ്.

എൻ.എച്ച്. 66-ന്റെ ഭാഗമായുള്ള അഴിയൂർമുതൽ വെങ്ങളംവരെയുള്ള റീച്ചാണ് അദാനിഗ്രൂപ്പ് നിർമിക്കുന്നത്. മൊത്തം 40.5 കിലോമീറ്ററാണ് ഇതിന്റെ ദൈർഘ്യം. ഇരുവശങ്ങളിലും സർവീസ് റോഡോടുകൂടി ആറുവരിയിലാണ് പാതനിർമിക്കുക. 2021 ജനുവരിയിലാണ് അദാനിഗ്രൂപ്പിന് നിർമാണച്ചുമതല ഏൽപ്പിച്ചത്. രണ്ടു വർഷമാണ് നിർമാണ കാലാവധി. തുടർന്ന് 15 വർഷം പാതയുടെ പരിപാലനചുമതലയും ഇവർക്കുണ്ടാവും. 1382 കോടി രൂപയുടെ പദ്ധതിയാണിത്. അഴിയൂർമുതൽ വെങ്ങളം വരെ പത്ത് അടിപ്പാതകൾ, അഞ്ച് ഫ്ലൈഓവറുകൾ, ഒരു ഓവർപാസ്, ഒരു റെയിൽവേ മേൽപ്പാലം, മൂന്ന് ഫൂട്ട് ഓവർ ബ്രിഡ്ജുകൾ, 50 ബസ്ഷെൽട്ടറുകൾ, ട്രക്ക് ലൈൻ എന്നിവ പുതിയ പാതയിലുണ്ടാവും. പൂക്കാട്, പൊയിൽക്കാവ്, ആനക്കുളം-മുചുകുന്ന് റോഡ്, മൂടാടി-ഹിൽബസാർ റോഡ് എന്നിവിടങ്ങളിൽ കൂടി അടിപ്പാതവേണമെന്ന ആവശ്യം ശക്തമാണ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *