ദയാബായിയെ അപമാനിച്ച സംഭവത്തില്‍ രണ്ട് കെ.എസ്.ആര്.ടി.സി ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്

ആലുവ: സാമൂഹ്യപ്രവര്‍ത്തകയും മലയാളിയുമായ ദയാബായിയെ അപമാനിച്ച സംഭവത്തില്‍ രണ്ട് കെ.എസ്.ആര്.ടി.സി ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. വടക്കാഞ്ചേരി ഡിപ്പോയിലെ ഷൈലന്‍, യൂസഫ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്. കെ.എസ്.ആര്.ടി.സി എംഡിയുടെ നിര്‍ദ്ദേശപ്രകാരമാണ് സസ്പെന്ഷന്.
ശനിയാഴ്ച രാത്രി ഏഴരയോടെ തൃശ്ശൂരില്‍ നിന്ന് ആലുവയിലേയ്ക്ക് വരികയായിരുന്ന അവര്‍ ആലുവ ഗാരേജ് വരെ യാത്ര ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ദയാബായ് ഇടയ്ക്ക് ഡ്രൈവറോടും കണ്ടക്ടറോടും വഴി ചോദിച്ചു. ഇതില്‍ ക്ഷുഭിതരായ ഇരുവരും ദയാബായിയെ ബസ്സില്‍ നിന്ന് ഇറക്കി വിടുകയായിരുന്നുവെന്നാണ് പരാതി.

വടക്കാഞ്ചേരി ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട ബസ്സിലാണ് ഇവര്‍ കയറിയത്. കണ്ടക്ടറോട് ചോദിച്ചപ്പോള്‍ ആലുവയില്‍ ഇറങ്ങണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇരുവരും തട്ടിക്കയറാന്‍ തുടങ്ങിയപ്പോള്‍ ആലുവയില്‍ തന്നെ ഇറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ‘പ്രായമുള്ള ആളാണെന്ന് നോക്കില്ലെന്നും നല്ലത് തരുമെന്നും’ പറഞ്ഞാണ് കണ്ടക്ടര്‍ ഭീഷണിപ്പെടുത്തിയത്. ആലുവ ബൈപ്പാസില്‍ ഇറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറ്റൊരിടത്താണ് ബസ് നിറുത്തിയത്.

