KOYILANDY DIARY

The Perfect News Portal

തൃശൂരില്‍ കഴിഞ്ഞദിവസം രാത്രി പെയ്ത മഴ നഗരത്തെയും താഴ്ന്ന പ്രദേശങ്ങളെയും വെള്ളത്തില്‍ മുക്കി

തൃശൂര്‍: കഴിഞ്ഞദിവസം രാത്രി പെയ്ത മഴ നഗരത്തെയും താഴ്ന്ന പ്രദേശങ്ങളെയും വെള്ളത്തില്‍ മുക്കി. ദിവാന്‍ജിമൂല, ശക്തന്‍നഗര്‍, മുണ്ടുപാലം ജംഗ്ഷന്‍, അശ്വനി ആശുപത്രി ജംഗ്ഷന്‍, ചേറൂര്‍, പെരിങ്ങാവ്, പൂങ്കുന്നം തുടങ്ങിയ പ്രദേശങ്ങളില്‍ വലിയതോതില്‍ വെള്ളം കയറി. ചിലയിടങ്ങളില്‍ വീടുകളിലും വെള്ളം കയറി. അതേസമയം പളളിക്കുളത്തിന്റെ മതില്‍ തകര്‍ന്നുവീണത് പരിഭ്രാന്തിക്കിടയാക്കി. ചുറ്റുമതിലിന്റെ 10 മീറ്ററോളം തകര്‍ന്നു. കുളത്തിനു പടിഞ്ഞാറുഭാഗത്ത് കൂട്ടിയിട്ട മാലിന്യമലയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് അഞ്ചുവര്‍ഷം മുമ്ബു പണിത മതില്‍ ഇടിഞ്ഞുവീണതെന്നു കരുതുന്നു. സാഹിത്യഅക്കാദമിക്കു മുന്നിലും ചെമ്ബുക്കാവിലും മൃഗശാലാ റോഡിലും പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. അയ്യന്തോള്‍, പുതൂര്‍ക്കര ഭാഗത്തും പലയിടത്തും വെള്ളക്കെട്ടുണ്ടായി.

അടിയന്തര നടപടികളെടുത്ത് എല്ലാ തോടുകളും വൃത്തിയാക്കാന്‍ കോര്‍പറേഷന്‍ 16 കരാറുകാരെ ചുമതലപ്പെടുത്തി. ഓടകളും തോടുകളും വൃത്തിയാക്കുന്നതിലുണ്ടായ കാലതാമസമാണ് ചിലയിടങ്ങളില്‍ വെള്ളക്കെട്ടിനു കാരണമെന്നു പറയുന്നു. റെയില്‍വേ സ്‌റ്റേഷനടുത്തുള്ള ചേരിപ്രദേശത്തെ വീടുകളില്‍ വെള്ളം ഇരച്ചുകയറി. വ്യാഴാഴ്ച്ച രാത്രി പത്തോടെയാണ് മഴ അതിശക്തമായത്. ഇന്നലെ പുലര്‍ച്ചെയോടെ സാധാരണനിലയായി. ഉയര്‍ന്ന പ്രദേശമായ സ്വരാജ്‌റൗണ്ടിന്റെ പരിസരം പോലും വെള്ളക്കെട്ടിലമര്‍ന്നു. ഇവിടെ പാര്‍ക്കു ചെയ്തിരുന്ന കാറുകളുടെ ടയറിനു മുകളില്‍ വരെ വെള്ളമെത്തി.

റെയില്‍വെ കോളനിയുടെ മുന്നിലും ഓട നിറഞ്ഞുകവിഞ്ഞു. മൂന്നു വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. 10 മാസം പ്രായമുള്ള മൂന്നു കുട്ടികളുമായി ഒരുകുടുംബം രാത്രി മുഴുവന്‍ ഭീതിയോടെ കഴിഞ്ഞു. റെയില്‍വെ കോളനിയില്‍ മഴയെതുടര്‍ന്ന് അമ്ബതോളം വീടുകളില്‍ വെള്ളം കയറി.

Advertisements

അശ്വനി ആശുപത്രി മൂലയില്‍ കാന അടഞ്ഞാണ് പ്രശ്‌നമുണ്ടായത്. അഴുക്കുചാല്‍ ശുചീകരിച്ചതോടെ വെള്ളക്കെട്ട് മാറി. കാനകളും തോടുകളും ശുചീകരിക്കുന്നതിനു മുമ്ബുതന്നെ തീരുമാനിച്ചിരുന്നുവെങ്കിലും നടപടികളെടുക്കാത്തതാണ് ദുരിതമായത്. മഴ ഇത്ര കനത്ത തോതില്‍ പെയ്യുമെന്നു ആരും കരുതിയതുമില്ല. സമീപകാലത്തെ രൂക്ഷമായ മഴപ്പെയ്ത്താണ് ഉണ്ടായത്.

കാനകളില്‍ വെള്ളം കയറി ഒഴുക്കുണ്ടാകാറുണ്ടെങ്കിലും റോഡിലൂടെ ഒലിച്ചു പോകുന്ന പതിവായിരുന്നു മുന്‍കാലത്തുണ്ടായിരുന്നത്. എന്നാല്‍ ഇക്കുറി വെള്ളക്കെട്ട് അതിശക്തമായതിനു കാരണം നീരൊഴുക്ക് തടഞ്ഞുനിര്‍ത്തിയതാണ്. നഗരത്തില്‍ കനത്ത വെള്ളക്കെട്ടുണ്ടായത് കോര്‍പ്പറേഷന്‍ അനാസ്ഥ മൂലമെന്ന് പരാതി. വന്‍തോതില്‍ മാലിന്യകൂമ്ബാരം മിക്ക കാനകളിലും ജനം കൊണ്ടിട്ടതോടെയാണ് വെള്ളമൊഴുക്ക് തടയപ്പെട്ടതെന്നാണ് ആക്ഷേപം. മാലിന്യകൂമ്ബാരം നീക്കാന്‍ കോര്‍പറേഷന്‍ ഒന്നുംചെയ്തില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത്രയധികം മാലിന്യം ജനം വഴിയോരത്തു കൊണ്ടിടാന്‍ ഇടയാക്കിയത് മാലിന്യ ശേഖരണത്തിനു യാതൊരു സംവിധാനവും ഏര്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്നാണ്്.

അതേസമയം 16 കരാറുകാരെ ഇന്നലെ കോര്‍പറേഷന്‍ ശുചീകരണത്തിനു രംഗത്തിറക്കി. സാധാരണ മഴയ്ക്കു മുമ്ബ് കാനകള്‍ ശുചീകരിച്ച്‌ വെള്ളമൊഴുക്കിനു സൗകര്യമൊരുക്കാറുണ്ട്. മഴക്കാല പൂര്‍വ ശുചീകരണം വൈകിയതില്‍ ഭരണപക്ഷം മറുപടി പറയണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ജലമൊഴുക്കു തടയപ്പെട്ടതോടെയാണ് രൂക്ഷമായ വെള്ളക്കെട്ടുണ്ടായത്. ഇക്കണ്ടവാര്യര്‍ റോഡില്‍ പുതിയ കള്‍വര്‍ട്ട് പണിതിട്ടുണ്ടെങ്കിലും വെള്ളമൊഴുക്ക് തടസപ്പെട്ടു. സമയത്തിനു ടെന്‍ഡര്‍ ക്ഷണിച്ച്‌ കാന ശുചീകരണം നടത്തിയിരുന്നുവെങ്കില്‍ പ്രശ്‌നം ഇത്രയും രൂക്ഷമാകില്ലായിരുന്നുവെന്ന് കൗണ്‍സിലര്‍ എ.പ്രസാദ് ചൂണ്ടിക്കാട്ടി.

മരാമത്ത് കമ്മിറ്റിയെ നോക്കുകുത്തിയാക്കിയതും വെള്ളക്കെട്ട് പ്രശ്‌നം രൂക്ഷമാക്കിയതായി വിമര്‍ശിച്ചു. മരാമത്ത് കമ്മിറ്റിയെ നോക്കുകുത്തിയാക്കി അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഏകപക്ഷീയമായി മേയര്‍ ഇടപെട്ടതായും പരാതിയുണ്ട്. അതോടെ സ്വതന്ത്രമായി നീങ്ങാനുള്ള അവസരം നഷ്ടമാക്കിയെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. ഇനിയും വലിയ മഴ വരാനിരിക്കേ കര്‍മപദ്ധതിയുണ്ടാക്കി മാലിന്യ നിക്ഷേപം ഒഴിവാക്കണമെന്നും ആവശ്യമുയര്‍ന്നു. മുമ്ബ് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വിവിധ കേന്ദ്രങ്ങള്‍ തുറന്നിരുന്നു. എന്നാല്‍ പുതിയ ഭരണം വന്നതോടെ അത്തരം സെന്ററുകള്‍ നടത്താന്‍ കഴിയാതെ അടച്ചുപൂട്ടി. അതോടെ പ്ലാസ്റ്റിക് കവറുകള്‍ പോലും ശേഖരിക്കാന്‍ ആരുമില്ലെന്ന അവസ്ഥയായി. അതോടെ ജനം അതു കാനകളില്‍ കൊണ്ടുതള്ളുന്ന അവസ്ഥയുണ്ടായി. അതിനു പരിഹാരം കാണാന്‍ കഴിഞ്ഞതുമില്ല.

Leave a Reply

Your email address will not be published. Required fields are marked *