KOYILANDY DIARY

The Perfect News Portal

ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്താന്‍ ജില്ലാ ഭരണകൂടവും ഹരിത കേരള മിഷനും ഒന്നിക്കുന്നു

കൊച്ചി: ജില്ലയിലാകെ തേന്‍കനികള്‍ നല്‍കുന്ന ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്താന്‍ ജില്ലാ ഭരണകൂടവും ഹരിത കേരള മിഷനും ഒന്നിക്കുന്നു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം തൈകളാണ് നാട്ടിലെങ്ങും തേന്‍ കനി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്കു വേണ്ടി പ്രത്യേകം നഴ്‌സറികളില്‍ തയ്യാറാക്കുന്നത്.

പ്ലാവ്, മാവ്, ആഞ്ഞിലി, പേര, സപ്പോട്ട, റമ്ബൂട്ടാന്‍, കശുമാവ്, മാംഗോസ്റ്റിന്‍, ഞാവല്‍, ചാമ്ബ, കൊക്കോ, ചതുരപ്പുളി, മാതളം, മധുരനാരങ്ങ, ലിച്ചി, കാര, ആത്ത, സീതപ്പഴം, പാഷന്‍ ഫ്രൂട്ട് തുടങ്ങി വിവിധ ഫലവര്‍ഗ്ഗങ്ങളാണ് ജില്ലയിലാകെ നാട്ടിലെങ്ങും തേന്‍ കനിയുടെ ഭാഗമായി നട്ട് വളര്‍ത്തുന്നത്. കൂടാതെ കറിവേപ്പ്, ആര്യവേപ്പ്, മുരിങ്ങ, തെങ്ങ്, മഹാഗണി, നെല്ലി, ലക്ഷ്മിതരു തുടങ്ങിയ വൃക്ഷങ്ങളും വിതരണത്തിന് തയാറായിട്ടുണ്ട്.

തൈകള്‍ നടാന്‍ മാത്രമല്ല മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തൈകള്‍ നനച്ച്‌ സംരക്ഷിക്കുന്നതിനും തൊഴിലുറപ്പ് പദ്ധതി വഴി സാധിക്കും. നമ്മുടെ നാട്ടില്‍ അന്യം നിന്ന് പൊയ്‌ക്കൊണ്ടിരിക്കുന്ന നാട്ടുമാവിനങ്ങളുടെ വിത്തുകള്‍ ശേഖരിച്ച്‌ അവ നട്ടുവളര്‍ത്തി സംരക്ഷിക്കുന്നതിനും കൂടിയാണ് ഈ പദ്ധതി. പദ്ധതി ലക്ഷ്യം നേടുന്നതിലൂടെ എല്ലാ വീടുകളിലും വിഷമയമല്ലാത്ത പഴവര്‍ഗ്ഗങ്ങള്‍ ലഭിക്കുകയും നമ്മുടെ തനത് ഫലങ്ങള്‍ അന്യം നിന്ന് പോകാതെ സംരക്ഷിക്കാന്‍ കഴിയുമെന്നും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. അങ്കമാലി, കൂവപ്പടി, വടവുകോട്, പാമ്ബാക്കുട, പള്ളുരുത്തി, വാഴക്കുളം ബ്ലോക്കുകളിലെ വിവിധ നഴ്‌സറികളാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൈകള്‍ ഉല്‍പ്പാദിപ്പിച്ച്‌ വിതരണത്തിന് തയ്യാറാക്കിയിട്ടുള്ളതെന്ന് തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ.ജി.തിലകന്‍ അറിയിച്ചു.

Advertisements

ജൂണ്‍ 5 മുതല്‍ തൈകളുടെ നടീല്‍ ആരംഭിക്കും . പൊതു സ്ഥലങ്ങളിലും പട്ടികജാതി /പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍, ബി.പി.എല്‍, ഐഎവൈ, ചെറുകിട നാമമാത്ര കര്‍ഷകര്‍ എന്നിവരുടെ കൃഷി സ്ഥലങ്ങളിലുമാണ് തൈകള്‍ നട്ടുവളര്‍ത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *