KOYILANDY DIARY

The Perfect News Portal

ഡെപ്യൂട്ടി കളക്ടറെ പരസ്യമായി ശകാരിച്ച പാറശാല എംഎല്‍എ ഖേദം പ്രകടിപ്പിച്ചു

തിരുവനന്തപുരം: കുന്നത്തുകാലില്‍ ക്വാറി അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസം നല്‍കുന്നത് സംബന്ധിച്ച്‌ ചര്‍ച്ച നടക്കുന്നതിനിടെ ഡെപ്യൂട്ടി കളക്ടറെ പരസ്യമായി ശകാരിച്ച പാറശാല എംഎല്‍എ സി.കെ ഹരീന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചു. സംസ്ഥാന വനിതാ കമ്മീഷന്‍ അതൃപ്തി അറിയിച്ചതിനു പിന്നാലെയാണ് ക്ഷമാപണവുമായി എംഎല്‍എ രംഗത്തെത്തിയത്.

പൊതുജനവികാരം ഉള്‍ക്കൊണ്ടുകൊണ്ട് എന്തെങ്കിലും പറഞ്ഞുപോയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായി എംഎല്‍എ പറഞ്ഞു. നേരത്തേ, എംഎല്‍എയെ ഫോണില്‍ വിളിച്ചാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അതൃപ്തി അറിയിച്ചത്. വനിതകളോട് പെരുമാറേണ്ടത് ഇങ്ങനെയാണോ എന്ന് ജോസഫൈന്‍ ചോദിച്ചു. ഡെപ്യൂട്ടി കളക്ടര്‍ എസ്.ജെ വിജയയുമായും ജോസഫൈന്‍ സംസാരിച്ചിരുന്നു.

ഒരു എംഎല്‍എ ആത്മസംയമനം പാലിക്കണം. എത്ര വികാരപരമായ അന്തരീക്ഷമാണെങ്കിലും സ്ത്രീകളോട് സംസാരിക്കുമ്ബോള്‍ വാക്കുകള്‍ ശ്രദ്ധിച്ച്‌ ഉപയോഗിക്കണമെന്നും ഹരീന്ദ്രനോട് എംസി ജോസഫൈന്‍ പറഞ്ഞു. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷമാണ് വനിതാക്കമ്മീഷന്‍ ഇടപ്പെട്ടത്. ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ജെ വിജയ സംഭവത്തില്‍ പരാതി നല്‍കിയിട്ടില്ല.

Advertisements

ക്വാറി അപകടത്തില്‍ മരിച്ചവര്‍ക്കു ദുരിതാശ്വാസം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ഡപ്യൂട്ടി കളക്ടറോട് എംഎല്‍എ അപമര്യാദയായി പെരുമാറിയത്. ‘എന്നെ നിനക്ക് അറിയില്ല, നിന്നെ ആരാടീ ഇവിടെ എടുത്തോണ്ടു വന്നത്’ എന്നൊക്കെ ഹരീന്ദ്രന്‍ ചോദിച്ചിരുന്നു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കണമെന്നായിരുന്നു എംഎല്‍എയുടെ ആവശ്യം. എന്നാല്‍, ഒരു ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കാനായിരുന്നു കളക്ടറുടെ യോഗത്തിലെടുത്ത തീരുമാനം എന്ന് അറിയിച്ചതോടെ ഹരീന്ദ്രന്‍ നിയന്ത്രണം വിട്ട് സംസാരിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവം വിവാദമായി. നിരവധിയാളുകള്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *