KOYILANDY DIARY

The Perfect News Portal

ഡി. വൈ. എഫ്. ഐ. അഖിലേന്ത്യസമ്മേളനം : നിർദ്ധനർക്കുള്ള ആദ്യവീട് കൈമാറി

കൊച്ചി > ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ 13 നിര്‍ധന കുടുംബങ്ങള്‍ക്ക്  നിര്‍മിച്ചു നല്‍കുന്ന വീടുകള്‍ പൂര്‍ത്തിയായി. ആദ്യ വീടിന്റെ താക്കോല്‍ദാനകര്‍മം  ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് നിര്‍വഹിച്ചു. വൈകീട്ട മൂന്നിന് എളമക്കര താന്നിക്കല്‍ കീര്‍ത്തി നഗര്‍ റോഡില്‍ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം എസ് എന്‍ ഡി പി ഹാളിലാണ് ചടങ്ങ് നടന്നത്‌.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട വിനീഷിന്റെ നിര്‍ധന കുടുംബത്തിനാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇവിടെ വീട് നിര്‍മിച്ചു നല്‍കീയത്. മൂന്നു സെന്റ് സ്ഥലത്ത് ഇടിഞ്ഞു വീഴാറായ വീട്ടില്‍ പ്രാരാബ്ധങ്ങളോട് മല്ലിട്ട് ജീവിച്ച വിനീഷിന്റെ അച്ഛന്‍ വേണുവും അമ്മ സരോജവും പുതിയ വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങും. 550 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടിന്റെ നിര്‍മാണം കേവലം 35 ദിവസങ്ങള്‍ കൊണ്ടാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരും തൊഴിലാളികളും ചേര്‍ന്ന് ശ്രമദാനമായി പൂര്‍ത്തീകരിച്ചത്.

ഡിസംബര്‍ 19ന് എം സ്വരാജ് എം എല്‍ എയാണ് വീടിന് തറക്കല്ലിട്ടത്. ജനകീയ ഭവന നിര്‍മാണ കമ്മിറ്റിയും സി പി ഐ എം അംഗങ്ങളും അനുഭാവികളും ബഹുജന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളും നിര്‍മാണ സാമഗ്രികളില്‍ പലതും സ്‌പോണ്‍സര്‍ ചെയ്യാന്‍ മുന്നോട്ടുവന്നവരും ചേര്‍ന്നാണ് വീട് നിര്‍മാണത്തിനാവശ്യമായ ഫണ്ട് കണ്ടെത്തിയത്. നോട്ട് നിരോധനം പോലുള്ള പ്രതിസന്ധികളൊന്നും സന്നദ്ധ പ്രവര്‍ത്തകരുടെ ആവേശത്തിന് മുന്നില്‍ പ്രതിബന്ധമായില്ല.

Advertisements

എറണാകുളത്തിന് പുറമെ അങ്കമാലിയില്‍ രണ്ടും കളമശേരി, പറവൂര്‍, കൊച്ചി, പെരുമ്പാവൂര്‍, കോലഞ്ചേരി, വൈറ്റില, കൂത്താട്ടുകുളം, കോതമംഗലം, തൃപ്പൂണിത്തുറ, ആലുവയില്‍ ഒന്നും വീതം വീടുകളാണ് ഡി വൈ എഫ് ഐയുടെ വിവിധ ബ്ലോക്ക് കമ്മിറ്റികള്‍ മുന്‍കൈയെടുത്ത് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ജനുവരി 30 നുള്ളിൽ മറ്റ് വീടുകളുടെയും താക്കോല്‍ദാനം നടക്കുമെന്ന് നേതാക്കൾ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *