KOYILANDY DIARY

The Perfect News Portal

ഡിഎംകെ അദ്ധ്യക്ഷന്‍ കരുണാനിധിയുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തി

ചെന്നെ: ഡിഎംകെ അദ്ധ്യക്ഷന്‍ കരുണാനിധിയുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയപ്രവേശത്തിന് ശേഷം ആശീര്‍വാദം വാങ്ങാനാണ് കരുണാനിധിയെ കാണാനെത്തിയതെന്ന് രജനീകാന്ത് വ്യക്തമാക്കി. ഹിന്ദുത്വത്തെ ഉപയോഗിച്ച്‌ ദ്രാവിഡ രാഷ്ട്രീയത്തെ തകര്‍ക്കാനാകില്ലെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം സ്റ്റാലിന്റെ പ്രതികരണം.

1996 -ല്‍ ജയലളിതയ്ക്കെതിരായ രജനീകാന്തിന്റെ ഒരു പ്രസ്താവനയായിരുന്നു ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തെ അന്ന് അധികാരത്തിലെത്തിച്ച പ്രധാനഘടകങ്ങളിലൊന്ന്. രാഷ്ട്രീയപ്രവേശത്തിന് ശേഷം ആദ്യമായി ഗോപാലപുരത്തെ കരുണാനിധിയുടെ വീട്ടിലെത്തിയ രജനീകാന്തിനെ ഡിഎംകെ പ്രവര്‍ത്തനാദ്ധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ സ്വീകരിച്ചു. ഏതാണ്ട് ഇരുപത് മിനിറ്റ് നീണ്ടു നിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തു വന്ന രജനീകാന്ത് കരുണാനിധിയ്ക്ക് നവവത്സരാശംസകള്‍ നേര്‍ന്നുവെന്ന് പറഞ്ഞു.

എന്നാല്‍ രജനീകാന്തിനെ ഉപയോഗിച്ച്‌ ദ്രാവിഡരാഷ്ട്രീയത്തെ തകര്‍ക്കാന്‍ ഹിന്ദുത്വകക്ഷികള്‍ക്കാവില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സ്റ്റാലിന്‍ തുറന്നടിച്ചു. ആത്മീയരാഷ്ട്രീയം കൊണ്ടുവരുമെന്ന പ്രഖ്യാപനത്തോടെ രംഗത്തെത്തിയ രജനിയെ എതിര്‍ത്ത് ഒട്ടേറെ ചെറു ദ്രാവിഡപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തോട് ചായ്വുണ്ടെന്ന ആരോപണത്തെ മറികടക്കാന്‍ കൂടിയാണ് രജനീകാന്തിന്റെ ഈ നീക്കമെന്ന് വിലയിരുത്തലുണ്ട്. ദ്രാവിഡരാഷ്ട്രീയത്തിന്റെ അമരക്കാരിലൊരാളായ കരുണാനിധിയെ കാണാനെത്തുന്നത് നിഷ്പക്ഷമുഖം നല്‍കുമെന്ന് രജനി ക്യാമ്ബ് കണക്ക് കൂട്ടുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *