KOYILANDY DIARY

The Perfect News Portal

ടാക്സി ഡ്രൈവറെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി

ആറ്റിങ്ങല്‍: ദേശീയപാതയില്‍ മാമം പാലത്തിന് സമീപം പാലമൂട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ ടാക്സി ഡ്രൈവറെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം സ്വദേശി ലാലുവെന്ന സജിന്‍ രാജിനെയാണ് (34) തലയൊഴികെ ശരീരം പൂര്‍ണമായും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയിലായ ഇയാളെ പൊലീസെത്തി 108 ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ ഏഴര മണിയോടെയായിരുന്നു സംഭവം.

മാമം പാലമൂട് ജംഗ്ഷനില്‍ നിന്ന് ഏതാനും മീറ്റര്‍ അകത്തേക്ക് മാറി അല്‍ നൂറാസ് ഡ്രൈവിംഗ് സ്കൂളിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിനോട് ചേര്‍ന്ന കടത്തിണ്ണയ്ക്കടുത്താണ് ദേഹമാസകലം പൊള്ളലേറ്റ് വിവസ്ത്രനായ നിലയില്‍ സജിന്‍രാജിനെ കണ്ടെത്തിയത്. തൊട്ടടുത്ത ഹോട്ടലിന്റെ ഷെഡില്‍ ഉറങ്ങികിടന്ന നൈറ്റ് വാച്ച്‌മാനാണ് നിലവിളികേട്ട് ആദ്യം ഓടിയെത്തിയത്. ശരീരത്തില്‍ തീ ആളിപടരുന്ന നിലയിലായിരുന്നു സജിന്‍രാജ്. ഇയാള്‍ ബഹളം കൂട്ടിയതോടെ വഴിയാത്രക്കാരുള്‍പ്പെടെ ഓടിക്കൂടി. അതുവഴി പോയ വാഹനങ്ങള്‍ക്ക് കൈകാണിച്ചെങ്കിലും നിറുത്തിയില്ല. തുടര്‍ന്ന് പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

സജിന്‍രാജിനെ പൊള്ളലേറ്റ നിലയില്‍ കാണപ്പെട്ടതിന് തൊട്ടടുത്ത് തന്നെ കരമന സ്വദേശിയുടെ പേരിലുള്ള കെ.എല്‍. 01 ബി.ഡബ്ലിയു 3314 ടാക്സി കാറും കണ്ടെത്തി. കാറിനുള്ളില്‍ നിന്ന് ഒരു കുപ്പിയില്‍ പകുതിയോളം പെട്രോളും ലഭിച്ചിട്ടുണ്ട്. കാറിലെത്തിയ ഇയാള്‍ വാഹനം പാര്‍ക്ക് ചെയ്തശേഷം പുറത്തിറങ്ങി തലയൊഴികെ ശരീരത്ത് പെട്രോളൊഴിച്ച്‌ തീകൊളുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം കാറിനുള്ളില്‍ നിന്ന് ബ്രൗണ്‍ നിറത്തിലുള്ള കവറിന് മീതെ ‘ഒറ്റപ്പാലം സ്വദേശി, അച്ഛന്‍ രാജന്‍, ലാലു 30, അമ്പിളി എന്നെ ചതിച്ചു, മണ്ണൂര്‍ക്കാവ് ശിവക്ഷേത്രം , 3 ലക്ഷം എന്നെഴുതിയതും ഒറ്റപ്പാലത്തെ ബി.ആര്‍ ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ വിസിറ്റിംഗ് കാര്‍ഡും കണ്ടെത്തി.

Advertisements

അതിലുള്ള ഫോണ്‍ നമ്പരുകളില്‍ പൊലീസ് ബന്ധപ്പെട്ടെങ്കിലും രണ്ടും സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്. സജിന്‍ രാജിനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ തെളിവെടുത്തശേഷം കാര്‍ സ്ഥലത്തുനിന്ന് സ്റ്റേഷനിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സജിന്‍ രാജിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. പൊള്ളല്‍ ഗുരുതരമായതിനാല്‍ മജിസ്ട്രേട്ടിന്റെ സഹായത്തോടെ മൊഴിയെടുക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ദേശീയപാതയിലൂടെ കാറോടിച്ച്‌ വരികയായിരുന്ന തന്നെ കാര്‍ തടഞ്ഞ് നിറുത്തി പെട്രോളൊഴിച്ച്‌ കത്തിച്ചെന്നാണ് യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരോട് വെളിപ്പെടുത്തിയത്. വിവരമറിഞ്ഞെത്തിയ ഔട്ട് പോസ്റ്റിലെ ജീവനക്കാരോടും ഇത് ഇയാള്‍ ആവര്‍ത്തിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഭവസ്ഥലത്തും സജിന്‍രാജിനെ തീകത്തിയ നിലയില്‍ ആദ്യം കണ്ട ഹോട്ടലിലെ വാച്ചറെയും കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. സജിന്‍രാജിന്റെ വാഹനം റോഡില്‍നിന്ന് അകത്തേക്ക് മാറി പാര്‍ക്ക് ചെയ്ത നിലയിലാണ് കാണപ്പെട്ടത്. ഇയാളുടെ നിലവിളികേട്ട് ഓടിയെത്തുമ്ബോള്‍ സംശയകരമായ സാഹചര്യത്തില്‍ മറ്റാരെയും അവിടെ കാണപ്പെടുകയോ വാഹനങ്ങളില്‍ ആരും രക്ഷപ്പെടുകയോ വാഹനങ്ങള്‍ അതുവഴി കടന്നുപോകുകയോ ചെയ്തിട്ടില്ലെന്നാണ് ഹോട്ടല്‍ ജീവനക്കാരനുള്‍പ്പെടെയുള്ളവര്‍ പൊലീസിനോട് പറഞ്ഞത്. പി ആദിത്യ, സി.ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *