ഞാനും രാജ്യവും നിങ്ങളോടൊപ്പമുണ്ട്: ISRO ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

ബെംഗളൂരു: ചന്ദ്രയാന്‍ 2-ന്റെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായതില്‍ നിരാശരായ ഐ.എസ്.ആര്.ഒ. ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ”നിരാശപ്പെടരുത്, പ്രതീക്ഷ കൈവിടുകയുമരുത്, ഇനിയും ശ്രമം തുടരും. നമ്മള് വിജയം നേടുകതന്നെ ചെയ്യും” -പ്രധാനമന്ത്രി നരേന്ദ്രമോദി ഐ.എസ്.ആര്.ഒ. ചെയര്മാന് ഡോ. കെ. ശിവനോടും സഹപ്രവര്‍ത്തകരായ ശാസ്ത്രജ്ഞരോടുമായി പറഞ്ഞു. ഇതുവരെ കൈവരിച്ചത് വലിയനേട്ടങ്ങള്‍ തന്നെയാണ്. ഈ പരിശ്രമങ്ങള്‍ ഇനിയും തുടരും. ഞാനും രാജ്യവും നിങ്ങളോടൊപ്പമുണ്ട്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാരണങ്ങള്‍ പരിശോധിക്കുന്നു -ഡോ. ശിവന്

ബെംഗളൂരു: ”ചന്ദ്രയാന്‍-2ലെ വിക്രം ലാന്‍ഡര്‍ 2.1 കിലോമീറ്റര്‍ ചന്ദ്രോപരിതലത്തിന് അടുത്തുവരെ എത്തിയതായിരുന്നു. പിന്നീട്, ആശയവിനിമയബന്ധം നിലയ്ക്കുകയായിരുന്നു. കാരണങ്ങള്‍ പരിശോധിച്ചുവരുന്നു” -ഐ.എസ്.ആര്.ഒ. ചെയര്മാന് ഡോ. കെ. ശിവന് പറഞ്ഞു.

മൂന്ന് സാധ്യതകള്‍

നിശ്ചയിച്ചപാതയില്‍ നിന്ന് വ്യതിചലിച്ച് ചന്ദ്രയാന്‍-2ന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ സഞ്ചരിച്ചുവെന്നത് സ്ഥിരീകരിച്ചെങ്കിലും കൃത്യമായി എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായിട്ടില്ല. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അടുത്തുവരെ എത്തിയ ലാന്‍ഡര്‍ എവിടേയെങ്കിലും ഇടിച്ചിറങ്ങിയോ മറ്റെവിടേയെങ്കിലും വിജയകരമായി ഇറങ്ങിയോ ചന്ദ്രനിലെ ഗര്‍ത്തങ്ങളിലെവിടെയെങ്കിലും പെട്ടുപോയോ എന്നീ മൂന്ന് സാധ്യതകളാണ് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നത്. സുരക്ഷിതമായി ഇറങ്ങിയെങ്കില്‍ പിന്നീട് സിഗ്നല്‍ ലഭിക്കാനും സാധ്യതയുണ്ട്.
