KOYILANDY DIARY

The Perfect News Portal

ജയില്‍ വകുപ്പിന്റെ ‘ഷെയര്‍മീല്‍’ പദ്ധതി കോഴിക്കോട് തുടക്കമായി

കോഴിക്കോട്: വിശക്കുന്നവനെ ഒരുനേരമെങ്കിലും ഊട്ടുകയെന്ന ഉദ്ദേശ്യത്തോടെ ജയില്‍വകുപ്പിന്റെ ‘ഷെയര്‍മീല്‍’ പദ്ധതി തുടങ്ങി. ജയില്‍ ഉത്പന്നങ്ങളുടെ നവീകരിച്ച വില്‍പ്പന കൗണ്ടര്‍, ഫുഡ് ഫോര്‍ ഫ്രീഡം ഷോപ്പിനോടുചേര്‍ന്നാണ് ഒരുക്കിയിട്ടുള്ളത്. കോംട്രസ്റ്റ് ജങ്ഷനിലാണ് കൗണ്ടര്‍.

കൗണ്ടറില്‍നിന്ന് 25 രൂപയുടെ കൂപ്പണ്‍വാങ്ങി ഇവിടെയുള്ള ബോര്‍ഡില്‍ പതിപ്പിച്ചാല്‍ മതി. വിശന്നുവരുന്ന ആര്‍ക്കും ഈ കൂപ്പണ്‍ എടുത്ത് കൗണ്ടറില്‍ നല്‍കിയാല്‍ അഞ്ച് ചപ്പാത്തിയ്ക്കൊപ്പം മുട്ടക്കറിയോ പച്ചക്കറിയോ ഉള്‍പ്പെടുന്ന ഭക്ഷണപ്പൊതി ലഭിക്കും. ഭക്ഷണത്തിനൊപ്പം പങ്കുവെക്കുന്നത് കരുതലും സ്നേഹവും കൂടിയാണെന്നതാണ് പദ്ധതിയുടെ പ്രത്യേകത. എറണാകുളത്ത് നടപ്പാക്കി വിജയിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട്ടും ഇത് തുടങ്ങിയത്.

ഭക്ഷണ കൗണ്ടറും നവീകരിച്ചിട്ടുണ്ട്. ചപ്പാത്തിക്കും കറികള്‍ക്കും പുറമെ ജയിലില്‍ നിന്നുള്ള വിവിധ ഉത്പന്നങ്ങളും വില്‍ക്കുന്നുണ്ട്. ചപ്പാത്തിക്ക് രണ്ട് രൂപയും പച്ചക്കറിക്ക് 15 രൂപയും ചിക്കന്‍ കറിക്ക് 25 രൂപയുമാണ് വില. പൂച്ചട്ടി, പേപ്പര്‍ ബാഗ്, കുട, ഫെനോയില്‍, ഡിഷ് വാഷ്, വാഷിങ് പൗഡര്‍, ചിരട്ടത്തവി തുടങ്ങിയ ഉത്പന്നങ്ങളാണ് ഇവിടെയുള്ളത്. ഇതിനുപുറമെ ജലസേചന വകുപ്പിന്റെ ഹില്ലിഅക്വാ കുടിവെള്ളവും 10 രൂപയ്ക്ക് വില്‍ക്കുന്നുണ്ട്.

Advertisements

പദ്ധതിയുടെ ഉദ്ഘാടനം ജയില്‍ ഡി.ഐ.ജി. സാംതങ്കയ്യന്‍ നിര്‍വഹിച്ചു. ജയില്‍ സൂപ്രണ്ട് കെ. അനില്‍ കുമാര്‍ അധ്യക്ഷനായി. സ്പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് കെ. ഹസന്‍, കമാല്‍ വരദൂര്‍, ഇ.ആര്‍. രാധാകൃഷ്ണന്‍, കെ.പി. മണി തുടങ്ങിയവര്‍ സംസാരിച്ചു.

ആദ്യദിവസം തന്നെ പദ്ധതി ജനകീയം

കോഴിക്കോട്: കൗണ്ടര്‍ തുടങ്ങി ആദ്യ അരമണിക്കൂറിനുള്ളില്‍ തന്നെ ഏതാണ്ട് 35,000 രൂപയുടെ കൂപ്പണുകളാണ് ആളുകള്‍ വാങ്ങിയത്. 13,00-ലേറെപ്പേര്‍ക്ക് ഇത് പ്രയോജനപ്പെടും. എന്നാല്‍ ഇരുപതോളം പേരാണ് കൂപ്പണ്‍ ഉപയോഗിച്ച്‌ ഭക്ഷണം കഴിച്ചത്.

അടുത്തയാഴ്ച തന്നെ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലേയും വെള്ളിമാടുകുന്ന് സര്‍ക്കാര്‍ മന്ദിരങ്ങളിലേയും അന്തേവാസികള്‍ക്ക് കൂപ്പണ്‍ ഉപയോഗിച്ച്‌ ഭക്ഷണം നല്‍കും. രണ്ടിടങ്ങളിലും അഞ്ഞൂറോളം പേരുണ്ട്. ആളുകള്‍ ഉപയോഗപ്പെടുത്തിയശേഷം ബാക്കിയാവുന്ന കൂപ്പണുകള്‍ പ്രയോജനപ്പെടുത്തിയാണ് ഭക്ഷണം നല്‍കുകയെന്ന് ജയില്‍ സൂപ്രണ്ട് കെ. അനില്‍ കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *