KOYILANDY DIARY

The Perfect News Portal

കരസേന റിക്രൂട്ട്മെന്റ് റാലിക്ക് തുടക്കമായി

കോഴിക്കോട്: ഉത്തരകേരളം, ലക്ഷദ്വീപ്, മാഹി ഭാഗങ്ങളിലെ യുവാക്കള്‍ക്ക് ഭാരതീയ കരസേനയില്‍ വിവിധ തസ്തികകളില്‍ ജോലിലഭിക്കുന്നതിനുള്ള പ്രത്യേക റിക്രൂട്ട്മെന്റ് റാലിക്ക് കോഴിക്കോട്ട് തുടക്കമായി. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ച റാലിയില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ് പങ്കെടുത്തത്.

അയ്യായിരത്തിലധികം പേര്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നെത്തിയെങ്കിലും മാനദണ്ഡപരിശോധനയില്‍ എഴുപത്തിയഞ്ച് ശതമാനത്തോളം പേര്‍ പുറത്തായതായി റിക്രൂട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ എച്ച്‌.എസ്. ചൗഹാന്‍ പറഞ്ഞു.

ഉയരപരിശോധന, അഞ്ചരമിനിറ്റുകൊണ്ട് 1.6 കിലോമീറ്റര്‍ ഓട്ടം, ആഴമുള്ള കിടങ്ങിനെ മറികടന്നുകൊണ്ട് ഒമ്ബതടി നീളത്തിലുള്ള ലോങ്ജമ്ബ്, പത്ത് പുള്‍ അപ്പ്, നെഞ്ച് വിസ്തൃതി അളവ്, ഉയര-ഭാര അനുപാതം എന്നീ മാനദണ്ഡപരിശോധനകളാണ് ആദ്യദിനം നടന്നത്. അപേക്ഷിച്ച എല്ലാ ഉദ്യോഗാര്‍ഥികളും ഈ പരിശോധനകള്‍ നേരിടണം. ശേഷം മെഡിക്കല്‍ പരിശോധനയും എഴുത്തുപരീക്ഷയും നടക്കും.

Advertisements

ഉദ്യോഗാര്‍ഥികള്‍ക്ക് താമസിക്കാന്‍ കാരപ്പറമ്പ്‌ സ്കൂളിലും കുണ്ടൂപ്പറമ്പ്‌ സ്കൂളിലുമാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. ഇവിടെ കുടുംബശ്രീ പ്രവര്‍ത്തകരുടെ വക ഭക്ഷണവിതരണവുമുണ്ട്. ആദ്യദിനം റാലി നടന്ന ഗ്രൗണ്ടില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ടോയ്ലറ്റ് സൗകര്യം ഇല്ലാതിരുന്നത് പരാതിയായി. എന്നാല്‍, അടുത്തദിവസം മുതല്‍ ഇതിനുള്ള സൗകര്യം ഒരുക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

കഴിഞ്ഞവര്‍ഷം മാനന്തവാടിയില്‍ പ്രത്യേക റിക്രൂട്ട്മെന്റ് റാലി നടന്നപ്പോള്‍ 20,000 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇത്തവണ അത് 39,000 ആയി ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *