KOYILANDY DIARY

The Perfect News Portal

സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു

ചെന്നൈ: മലയാളത്തിന് നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച പ്രശസ്ത സംവിധായകന്‍ ഐ.വി ശശി(69) അന്തരിച്ചു. ചെന്നൈ സാലിഗ്രാമത്തില്‍ ഉള്ള വസതിയില്‍ 11 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഭാര്യ സീമയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ്മേക്കറായ ഐ.വി.ശശി 150 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

1975ല്‍ ഉമ്മര്‍ നായകനായ ഉത്സവമാണ് ആദ്യ ചിത്രം. തുടര്‍ന്ന് അഭിനന്ദനം, അനുഭവം, ഇതാ ഇവിടെ വരെ, വാടകയ്ക്കൊരു ഹൃദയം, അവളുടെ രാവുകള്‍, മനസാ വാചാ കര്‍മണ, ഏഴാം കടലിനക്കരെ, ഈ നാട്, തുഷാരം, അഹിംസ, ഇന്നല്ലെങ്കില്‍ നാളെ, കാണാമറയത്ത്, അതിരാത്രം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, കരിമ്ബിന്‍പൂവിനക്കരെ, ആവനാഴി, ഇടനിലങ്ങള്‍, അടിമകള്‍ ഉടമകള്‍, 1921, അബ്കാരി, അക്ഷരത്തെറ്റ്, ഇന്‍സ്പെക്ടര്‍ ബല്‍റാം, ദേവാസുരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

Advertisements

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. 1968ല്‍ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണത്തില്‍ കലാ സംവിധായകനായിട്ടായിരുന്നു തുടക്കം. പിന്നീട് ഛായാഗ്രഹണ സഹായിയായി. ഇരുപത്തിയേഴാം വയസ്സില്‍ സംധായകനായെങ്കിലും 1975ല്‍ പുറത്തിറങ്ങിയ ഉത്സവത്തിലാണ് സംവിധായകന്റെ പേര് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. എഴുപതുകളുടെ അവസാനം ഐ.വി. ശശി-ഷെരീഫ് കൂട്ടുകെട്ട് വലിയ തരംഗം തന്നെ സൃഷ്ടിച്ചു. ഒരു കാലത്ത് ഹിറ്റുകളുടെ പര്യായമായിരുന്നു ഐ.വി.ശശി. 1977ല്‍ മാത്രം ഐ.വി.ശശി പന്ത്രണ്ട് സിനിമകള്‍ പുറത്തിറക്കി ഇതില്‍ എട്ടെണ്ണവും ഹിറ്റുകളായി.

ആലപ്പി ഷെറീഫിന് പുറമെ പത്മരാജന്‍, എം.ടി.വാസുദേവന്‍ നായര്‍, ടി.ദാമോദരന്‍ എന്നിവരുടെ തിരക്കഥകളാണ് ഐ.വി.ശശി കൂടുതലായി ചലച്ചിത്രങ്ങളാക്കിയത്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കില്‍ രണ്ടും സിനിമകള്‍ സംവിധാനം ചെയ്തു.

1982ല്‍ ആരൂഢത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡും ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡും കരസ്ഥമാക്കി. ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും ഐ.വി.ശശിക്ക് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *