KOYILANDY DIARY

The Perfect News Portal

ജനജാഗ്രതായാത്രകള്‍ക്ക് തുടക്കം

തിരുവനന്തപുരം : വര്‍ഗീയതയ്ക്കെതിരെ പ്രതിരോധം തീര്‍ക്കാനും കേരളത്തിന്റെ വികസനത്തിനായി ഒറ്റക്കെട്ടായി രംഗത്തിറങ്ങാനും ആഹ്വാനം ചെയ്ത് എല്‍ഡിഎഫ് ജനജാഗ്രതാ യാത്രകള്‍ക്ക് ആവേശകരമായ തുടക്കം. വര്‍ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശം ഉയര്‍ത്തിയും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടിയുമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി നേതൃത്വത്തില്‍ രണ്ട് യാത്രകള്‍ ശനിയാഴ്ച വൈകിട്ട് പര്യടനം തുടങ്ങിയത്. ഇരുയാത്രകളും നവംബര്‍ മൂന്നിന് സമാപിക്കും.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍മേഖലാ യാത്ര തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍മേഖലാ യാത്ര മഞ്ചേശ്വരം ഉപ്പളയില്‍ സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും ഉദ്ഘാടനംചെയ്തു. ആയിരങ്ങളാണ് ഉദ്ഘാടനം പൊതുയോഗങ്ങളില്‍ പങ്കെടുത്തത്. ജനങ്ങളെ നിരന്തരം ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരായ രോഷവും പൊതുയോഗത്തിനെത്തിയവര്‍ പ്രകടിപ്പിച്ചു. അസത്യങ്ങള്‍ പ്രചരിപ്പിച്ച്‌ കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കുള്ള താക്കീതു കൂടിയായി തിരുവനന്തപുരത്തും മഞ്ചേശ്വരത്തും അണിനിരന്ന ജനക്കൂട്ടം.

കനത്ത മഴയെ അവഗണിച്ചും ആയിരങ്ങളാണ് തിരുവനന്തപുരം പാളയത്തെ തെക്കന്‍മേഖലാ യാത്രയുടെ ഉദ്ഘാടനവേദിയിലെത്തിയത്. യാത്രയുടെ ലീഡര്‍ കാനം രാജേന്ദ്രന്‍ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍ സ്വാഗതം പറഞ്ഞു. തെക്കന്‍മേഖലാ യാത്രയില്‍ എ വിജയരാഘവന്‍ (സിപിഐ എം), ജോര്‍ജ് തോമസ് (ജനതാദള്‍ എസ്), അഡ്വ. ബാബു കാര്‍ത്തികേയന്‍ (എന്‍സിപി), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്), പി എം മാത്യു (കേരള കോണ്‍ഗ്രസ് സ്കറിയ വിഭാഗം) എന്നിവരാണ് സ്ഥിരം അംഗങ്ങള്‍. എല്‍ഡിഎഫ് തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ വര്‍ഗബഹുജനസംഘടനാ നേതാക്കള്‍ സ്വീകരണംനല്‍കി. ഞായറാഴ്ച കോവളം, പാറശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട, അരുവിക്കര എന്നിവിടങ്ങളില്‍ പര്യടനം നടത്തും.

വിവിധഭാഷകളും സംസ്കാരങ്ങളും സമന്വയിച്ച കാസര്‍കോടിന്റെ മണ്ണില്‍ നിന്ന് മതനിരപേക്ഷതയുടെ കാഹളമുയര്‍ത്തിയാണ് വടക്കന്‍മേഖലാ യാത്ര പ്രയാണം തുടങ്ങിയത്. ഉദ്ഘാടനയോഗത്തില്‍ ബി വി രാജന്‍ അധ്യക്ഷനായി. കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ സംസാരിച്ചു. വി പി പി മുസ്തഫ സ്വാഗതം പറഞ്ഞു.

Advertisements

കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തായിരുന്നു ആദ്യ സ്വീകരണം. കോടിയേരി ബാലകൃഷ്ണന്‍, യാത്രയിലെ അംഗങ്ങളായ സത്യന്‍ മൊകേരി (സിപിഐ), പി എം ജോയ് (ജനതാദള്‍ എസ്), പി കെ രാജന്‍ (എന്‍സിപി), ഇ പി ആര്‍ വേശാല (കോണ്‍ഗ്രസ് എസ്), സ്കറിയ തോമസ്(കേരള കോണ്‍ഗ്രസ്) എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ എം അനന്തന്‍ നമ്ബ്യാര്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ കെ എ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു. ഞായറാഴ്ച രാവിലെ ചട്ടഞ്ചാലില്‍നിന്ന് തുടങ്ങി കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്ബില്‍ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *