KOYILANDY DIARY

The Perfect News Portal

ജനകീയ പ്രക്ഷോഭം അക്രമാസക്തമായി ഹോങ്കോങ്

ഹോങ്കോങ്: ചൈനയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ വിചാരണ ചെയ്യേണ്ടിവന്നാല്‍, ഹോങ്കോങ് സ്വദേശികളെ അങ്ങോട്ടു വിട്ടുകൊടുക്കാനുള്ള നിയമത്തിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമായി. ഹോങ്കോങ് ലെജിസ്‌ലേറ്റീവ് കൗ‍ണ്‍സില്‍ ഉപരോധിച്ച പതിനായിരക്കണക്കിന് പ്രക്ഷോഭകര്‍ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് ലാത്തിചാര്‍ജില്‍ 10 പേര്‍ക്കു പരുക്കേറ്റു.

പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് നിര്‍ദിഷ്ട നിയമഭേദഗതി ഇന്നലെ ചര്‍ച്ച ചെയ്യാനിരുന്നത് മാറ്റിവച്ചു. പുതിയ തീയതി തീരുമാനിച്ചിട്ടില്ല. വോട്ടെടുപ്പ് 20 നു നടക്കുമെന്നാണ് സൂചന. എന്നാല്‍ ചര്‍ച്ച നീട്ടിക്കൊണ്ടു പോവുകയല്ല, നിയമം പിന്‍വലിക്കുകയാണു വേണ്ടതെന്നും പ്രതിഷേധം തുടരുമെന്നും സമരക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണത്തെ വിമര്‍ശിക്കുന്നവരെ കുടുക്കാന്‍ പുതിയ നിയമം വഴിവയ്ക്കുമെന്നതാണ് ജനങ്ങളുടെ ആശങ്ക.

ഇന്നലെ രാവിലെ മുതല്‍ കറുത്ത കുപ്പായവും മുഖംമൂടിയും ഹെല്‍മറ്റും ധരിച്ച വന്‍സംഘം കൗ‍ണ്‍സില്‍ മന്ദിരം ഉപരോധിക്കാനെത്തി. മുദ്രാവാക്യമെഴുതിയ കുടകള്‍ അവര്‍ പിടിച്ചിരുന്നു. ചെറുപ്പക്കാരും വിദ്യാര്‍ഥികളുമായിരുന്നു ഏറെയും. നഗരത്തിലെ പ്രധാന വഴികളെല്ലാം അവര്‍ തടഞ്ഞു. പ്രക്ഷോഭകര്‍ക്കു പിന്തുണ പ്രഖ്യാപിച്ച്‌ വ്യാപാരസ്ഥാപനങ്ങള്‍ മിക്കതും തുറന്നിരുന്നില്ല. പ്രതിഷേധക്കാര്‍ ലെജിസ്‌ലേറ്റീവ് കൗ‍ണ്‍സിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം മുറുകി. പൊലീസിനുനേരെ കമ്ബികളും കുപ്പികളും പറന്നെത്തി. മുളകു സ്പ്രേയും കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റുമായി പൊലീസ് അവരെ നേരിട്ടു. രംഗം വഷളായപ്പോഴാണ് ലാത്തിച്ചാര്‍ജ് തുടങ്ങിയത്.

Advertisements

ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 10 ലക്ഷത്തോളം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കഴിഞ്ഞ ഞായറാഴ്ച നടത്തിയ പ്രകടനത്തെ അധികൃതര്‍ ഗൗരവത്തോടെ കാണാഞ്ഞതാണ് സംഭവം വഷളാക്കിയതെന്ന് നിരീക്ഷകര്‍ ആരോപിക്കുന്നു. ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോങ് 1997 ലാണു സ്വയംഭരണാവകാശത്തോടെ ചൈനയുടെ കീഴിലായത്. പൗരാവകാശവും സ്വയംഭരണാവകാശവും സംരക്ഷിക്കണമെന്നു ബ്രിട്ടന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *