KOYILANDY DIARY

The Perfect News Portal

ചേലക്കരയില്‍ റിട്ട. അധ്യാപിക കൊല്ലപ്പെട്ടത്‌ ഉറക്കത്തില്‍ അമ്മിക്കുഴലുകൊണ്ട്‌ തലയ്ക്കടിച്ചതിനെ തുടർന്ന്‌

തൃശ്ശൂര്‍: ചേലക്കരയില്‍ റിട്ട. അധ്യാപിക വെള്ളറോട്ടില്‍ ശോഭനയെ കൊലപ്പെടുത്തിയത്‌ ഉറക്കത്തില്‍ അമ്മിക്കുഴലുകൊണ്ട്‌ (അമ്മിക്കുഴവി) തലക്കടിച്ചെന്ന്‌ പ്രതി ബാലന്‍ മൊഴിനല്‍കി. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് ചെറുതുരുത്തി എസ്‌ഐ വി പി സിബീഷിന്റെ നേതൃത്വത്തിലാണ്‌ ബാലനെ പാഞ്ഞാളിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയത്.

മോഷണത്തിനുമുന്നോടിയാണ് കൊല നടത്തിയതെന്ന് പ്രതി സമ്മതിച്ചു. ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് 2.30യോടെ കൊലനടത്തിയ ശേഷം ബസ് സ്റ്റോപ്പിലെത്തി അവിടെ നിന്നും ഓട്ടോയില്‍ മണലാടിയിലെത്തുകയും ബസ് കയറി നേരെ തൃശൂര്‍ക്ക് പോകുകയുമായിരുന്നു. അതിനുശേഷം ട്രെയിനില്‍ കൊച്ചിയിലെത്തി കാക്കനാടുള്ള മകനെ സന്ദര്‍ശിച്ചു. പിന്നീടാണ് തെലങ്കാനയിലേക്ക് പോയത്. ഫെബ്രുവരി 24 ന് ഉച്ചയോടെ ശോഭന തന്നെ വിളിച്ചുവരുത്തിയതാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഫെബ്രുവരി 28നാണ് ശോഭനയുടെ അഴുകിത്തുടങ്ങിയ മൃതദേഹം വീട്ടിനുള്ളില്‍നിന്ന്‌ കണ്ടെത്തുന്നത്‌.

പണം ചോദിച്ചതുമായി ബന്ധപ്പെട്ടാണ് അധ്യാപികയുമായി തര്‍ക്കമുണ്ടായിരിക്കുന്നത്. കിടക്കയില്‍ അര്‍ദ്ധ മയക്കത്തിലായിരുന്ന ശോഭനയുടെ പുറകിലൂടെ വന്ന് തലയില്‍ അമ്മിക്കുഴലുകൊണ്ട് (അമ്മിക്കുഴവി) മൂന്നുതവണ ഇടിച്ചു. തുടര്‍ന്ന് അമ്മിക്കുഴയിലെ രക്തക്കറ കിടക്കവിരിയിലും കാവിമുണ്ടിലും തുടച്ചു. ശോഭനയുടെ ശരീരത്തിലും അലമാരയിലുമുണ്ടായിരുന്ന മാലകള്‍ എടുത്തു സ്ഥലം വിടുകയായിരുന്നു. മൂന്ന് മാസങ്ങള്‍ക്കുമുമ്ബ് വടക്കാഞ്ചേരിയിലെ ബസ് സ്റ്റോപ്പില്‍വെച്ചാണ്‌ ശോഭന ബാലനെ പരിചയപ്പെടുന്നത്‌. രണ്ടുതവണ ഇയാള്‍ ശോഭനയുടെ വീട്ടില്‍ വരുന്നത്‌ നാട്ടുകാര്‍ കണ്ടിട്ടുണ്ട്‌. മൂന്നാംതവണ വീട്ടിലെത്തിയപ്പോള്‍ കൊലപാതകിയുമായി. വലിയ ശബ്‌ദത്തോടെ ടിവി വെച്ചിരുന്നതിനാല്‍ വീട്ടിലുണ്ടായ സംഭവവികാസങ്ങള്‍ പുറമെ ഒരു മനുഷ്യനും അറിഞ്ഞില്ല. വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Advertisements

ആത്മഹത്യാ കുറിപ്പില്‍ ഭാര്യയെ തലക്കടിച്ച്‌ കൊല്ലുമെന്നും സൂചന

ബാലന്റെ ബാഗില്‍നിന്ന്‌ സ്വന്തം കൈപ്പടയിലെഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ്‌ കണ്ടെത്തി. അതില്‍ ഭാര്യയുമായുള്ള പ്രശ്‌നങ്ങളാണ് കൂടുതലും സൂചിപ്പിച്ചിരുന്നത്. ഫെബ്രുവരി 18നകം ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തുന്ന കാര്യം എഴുതിയിട്ടുണ്ട്. അങ്ങനെയുണ്ടായാല്‍ സ്വയം ജീവനൊടുക്കുന്ന കാര്യവും ബാലന്‍ സൂചിപ്പിട്ടുണ്ട്. ചിലപ്പോള്‍ കൊലപാതക തീയതി മാറാനും സാധ്യത ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മൂന്ന് പേജുവരുന്നതാണ് ആത്മഹത്യാ കുറിപ്പ്. ബാലന് രണ്ട് ഭാര്യമാരുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. രണ്ടുപേരുമായും തെറ്റിപ്പിരിഞ്ഞിരിക്കുകയാണെന്നാണ് വിവരം.

സ്വര്‍ണ്ണം വില്‍ക്കാനും ശ്രമം

ഫെബ്രുവരി 25ന് കൊലപാതകത്തെ തുടര്‍ന്ന് രാത്രിയോടെ കൊച്ചിയിലെത്തിയത് മകനെ കാണുന്നതിനുവേണ്ടിയാണ്. മകനോട് കയ്യിലുള്ള സ്വര്‍ണ്ണം വിറ്റുനല്‍കണമെന്ന് ബാലന്‍ ആവശ്യപ്പെട്ടു. ഈ സ്വര്‍ണ്ണം ആരുടേതാണെന്ന് ചേദിച്ചപ്പോള്‍ ബാലന്‍ ഒഴിഞ്ഞുമാറുകയും അവിടെ നില്‍ക്കാതെ നേരെ തെലങ്കാനയിലേക്ക് ട്രെയിന്‍ കയറുകയുമാണുണ്ടായത്. യാത്രയ്ക്കിടെ ശോഭനയുടെ മൊബൈലിലെ സിം കാര്‍ഡ് വലിച്ചെറിഞ്ഞു. തെലങ്കാനയിലെ ലോഡ്‌ജില്‍ 3 ദിവസം തങ്ങി മടങ്ങിവരുന്നതിനിടയിലാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച്‌ മാര്‍ച്ച്‌ 3ന് രാത്രി 10മണിയോടെ പൊലീസ് പിടിയിലാകുന്നത്. സ്ഥിരമായി ഒരു സ്ഥലത്തും നില്‍ക്കാത്ത പ്രതി, നിത്യ ജീവിതത്തിനാവശ്യമായ സാധനങ്ങളെപ്പോഴും കരുതാറുമുണ്ട്.

വൈരക്കല്ല് തട്ടിപ്പ്

വൈരക്കല്ല് വ്യാപാരികളുടെ മീഡിയേറ്ററെന്ന് വ്യാജേന നിരവധി പേരെ തട്ടിപ്പിനിരയാക്കിയതായി പൊലീസ് സംശയിക്കുന്നു. ഇക്കാര്യം മകന്‍ തന്നെയാണ് പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്ര ബന്ധങ്ങളുപയോഗിച്ചാണ് ബാലന്‍ ഇതിനിറങ്ങിയത്. തട്ടിപ്പിനിരയായവര്‍ പരാതികളൊന്നും നല്‍കാത്തതിനാല്‍ പൊലീസ് കേസുകളുണ്ടായിട്ടില്ല. മിലിറ്ററിയിലും മഹാരാഷ്ട്ര ഫോറസ്റ്റ് വകുപ്പിലും പ്രതി ജോലി നോക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *