KOYILANDY DIARY

The Perfect News Portal

മൂത്തേട്ടുപുഴ പാലത്തിന‌് അപ്രോച്ച‌് റോഡായില്ല

പേരാമ്പ്ര: അപ്രോച്ച്‌ റോഡില്ലാത്ത പാലം നോക്കുകുത്തിയായി. മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയുടെ വാഗ്ദാനം പാഴ‌്‌വാക്കായി. ചക്കിട്ടപാറ പഞ്ചായത്തിലെ പന്നിക്കോട്ടൂരിനെയും ചെമ്പനോടയെയും ബന്ധിപ്പിച്ച്‌ മൂത്തേട്ടുപുഴയ‌്ക്ക് കുറുകെ പാലവും ഇരുഭാഗത്തും ടാര്‍ റോഡും നിര്‍മിക്കുമെന്നായിരുന്നു മൂന്നുവര്‍ഷം മുമ്പ് എംപിയുടെ വാഗ്ദാനം. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ പ്രഖ്യാപനം മുല്ലപ്പള്ളി പാതിവഴിയില്‍ ഉപേക്ഷിച്ചു.

എംപി ഫണ്ടില്‍നിന്ന് അനുവദിച്ച ഒരു കോടി രൂപകൊണ്ട് നിര്‍മിച്ച പാലം അദ്ദേഹംതന്നെ 2018 ജനുവരിയില്‍ ആര്‍ഭാടത്തോടെ ഉദ്ഘാടനവും നടത്തി. പാലം മുതല്‍ ചെമ്ബനോടയിലേക്കുള്ള അപ്രോച്ച്‌ റോഡിന് എംപി ഫണ്ടില്‍ നിന്ന് തുക അനുവദിച്ചതായും രണ്ടുമാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നും ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിച്ചുപോയ മുല്ലപ്പള്ളി പിന്നീട് ഈ വഴി തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

അപ്രോച്ച്‌ റോഡിനായി എംപി ഫണ്ടില്‍നിന്ന് ചില്ലിക്കാശുപോലും അനുവദിച്ചിട്ടില്ലെന്ന് ഏറെ കഴിഞ്ഞാണ് നാട്ടുകാര്‍ അറിയുന്നത്.മുല്ലപ്പള്ളിയുടെ തലതിരിഞ്ഞ വികസനത്തിനെതിരെ നാട്ടുകാര്‍ ഒന്നടങ്കം കടുത്ത പ്രതിഷേധത്തിലാണ്. കുവ്വപ്പൊയില്‍, പറമ്ബല്‍, പന്നിക്കോട്ടൂര്‍ ഭാഗങ്ങളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ ചെമ്ബനോടയിലേക്ക് എത്താനുള്ള മാര്‍ഗമാണിത്.

Advertisements

വില്ലേജ് ഓഫീസ്, ദേശസാല്‍കൃത ബാങ്കുകള്‍, സഹകരണ ബാങ്ക്, ഹൈസ്കൂള്‍ എന്നിവയെല്ലാം ചെമ്പനോടയിലാണ്. ഏറെ ദൂരം യാത്ര ചെയ്താണ് നാട്ടുകാരും വിദ്യാര്‍ഥികളും ഇപ്പോള്‍ ചെമ്പനോടയില്‍ എത്തുന്നത്. പാലത്തിനോട് ചേര്‍ന്നുള്ള 2.5 കിലോമീറ്റര്‍ അപ്രോച്ച്‌ റോഡ് യാഥാര്‍ഥ്യമായാല്‍ എളുപ്പത്തില്‍ ചെമ്ബനോടയിലെത്താനാകും. നാട്ടുകാരുടെ ദുരവസ്ഥ കണ്ടറിഞ്ഞ മന്ത്രി ടി പി രാമകൃഷ്ണന്‍ അപ്രോച്ച്‌ റോഡ് യാഥാര്‍ഥ്യമാക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതിനായി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ അനുവദിച്ചു.

അഞ്ചുവര്‍ഷം കേന്ദ്രമന്ത്രിയും അഞ്ചുവര്‍ഷം എംപിയും ആയിരുന്ന മുല്ലപ്പള്ളി വാഗ്ദാന ലംഘനങ്ങളുടെ പെരുമഴയാണ് പേരാമ്പ്ര മണ്ഡലത്തില്‍ നടത്തിയത്. പൂഴിത്തോട്-പടിഞ്ഞാറത്തറ- ബംഗളൂരു ദേശീയ പാത, പെരുവണ്ണാമൂഴി സിആര്‍പിഎഫ് കേന്ദ്രം, മിലിട്ടറി ആശുപത്രി, സെന്‍ട്രല്‍ സ്കൂള്‍ തുടങ്ങി 10 വര്‍ഷം നടത്തിയ നടപ്പാക്കാത്ത വാഗ്ദാനങ്ങളുടെ നീണ്ട നിരയില്‍ പന്നിക്കോട്ടൂര്‍- ചെമ്പനോട റോഡും സ്ഥാനംപിടിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *