KOYILANDY DIARY

The Perfect News Portal

ചുങ്കപ്പാത വിരുദ്ധ സമരം മലപ്പുറത്ത് ചൂടുപിടിക്കുന്നു

മലപ്പുറം: ഉപരോധ സമരങ്ങളിലൂടെ ചുങ്കപ്പാത വിരുദ്ധ സമരം മലപ്പുറത്ത് ചൂടുപിടിക്കുന്നു. വന്‍ പൊലീസ് സാന്നിദ്ധ്യത്തില്‍ ദേശീയ 66 ബി.ഒ.ടി ടോള്‍ റോഡായി വികസിപ്പിക്കുന്നതിന് 45 മീറ്റര്‍ സ്ഥലമെടുപ്പ് സര്‍വ്വെ നടത്തുന്ന സര്‍ക്കാര്‍ നടപടി ഇരകളുടെ ജനാധിപത്യപമായ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്ന് എന്‍എച്ച്‌ ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം കുറ്റപ്പെടുത്തി.

നൂറു കണക്കിന് പൊലീസുകാരെ വീടിനു മുന്നിലും പിന്നിലും കാവല്‍നിറുത്തി ഭികരാവസ്ഥ സൃഷ്ടിച്ച്‌ ഇരകളുടെ ഭൂമിയും കിടപ്പാടവുമളന്നെടുത്ത് ഇരകള്‍ക്ക് ഒരെതിര്‍പ്പുമില്ലെന്ന് പറഞ്ഞ് മന്ത്രി ജി.സുധാകരനും ജില്ലാ ഭരണകൂടവും ഇരകളെ പരിഹസിക്കുകയാണെന്നും ഇത് ഫ്യൂഡല്‍ ചിന്താഗതിയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരകള്‍ക്ക് ഒരു പരാതിയുമില്ലെന്ന വാദം ശരിയാണെങ്കില്‍ ജില്ല ഇന്നേവരെ ദര്‍ശിച്ചിട്ടില്ലാത്തത്ര പൊലീസ് വ്യൂ ഹത്തെ സര്‍വ്വെ ആരംഭിച്ച നിമിഷം മുതല്‍ എന്തിനാണ് നിലനിര്‍ത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു .

കനത്ത പൊലീസ് നടപടിയില്‍ തട്ടി കഴിഞ്ഞ 19 ന് കുറ്റിപ്പുറത്ത് സര്‍വ്വെ തടയാനാവാതെ പോയ ഇരകള്‍ എന്‍ എച്ച്‌ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമരരൂപം മാറ്റിയിരിക്കുകയാണ്. ഇരകളെ കൈവിട്ട ജില്ലയിലെ മുഖ്യധാര രാഷ്ട്രിയ പാര്‍ട്ടികളെ സമ്മര്‍ദ്ദത്തിലാക്കി പ്രശ്‌നത്തില്‍ ഇടപെടുവിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഇരകള്‍ പാത കടന്നു പോവുന്ന പഞ്ചായത്ത് നഗരസഭകള്‍ ഉപരോധിക്കുന്നത്. അശാസ്ത്രിയമായ അലൈന്‍മെന്റ് കാരണം 50ലേറെ കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയിലായ എ.ആര്‍ നഗര്‍ പഞ്ചായത്ത് ഓഫീസ് 22നും 24നുമായി രണ്ടു തവണയാണ് നൂറുകണക്കിന് സ്ത്രീകളുള്‍പ്പെടെ ഉപരോധിച്ചത്.ആദ്യം മടിച്ചു നിന്നിരുന്ന സ്ഥലം എം.എല്‍.എ അവസാനം സമരക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സ്ഥലം സന്ദര്‍ശിച്ചു.

Advertisements

24 ന് മൂന്നിയൂര്‍ പഞ്ചായത്ത് ഉപരോധത്തിലും നൂറ് കണക്കിന് ഇരകള്‍ പങ്കെടുത്തു. അതിന്റെ ഫലമായി ഇരകളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യുവാന്‍ സ്ഥലം എം. എല്‍ എ പ്രത്യേകയോഗം വിളിച്ചുകൂട്ടി. ഇന്നലെ തിരൂരങ്ങാടി നഗരസഭയും മാറാക്കര പഞ്ചായത്തും അതാതിടങ്ങളിലെ ഇരകള്‍ ഉപരോധിച്ചു. ഇന്ന് തെന്നല പഞ്ചായത്ത് ഉപരോധിക്കുന്നു.

ഇരകളോട് ചര്‍ച്ച ചെയ്യാതെ അവരെ പൂര്‍ണമായും അവഗണിച്ചു കൊണ്ട് ചുങ്കപ്പാത അലൈന്‍മെന്റിന് അനുമതി നല്‍കിയ പഞ്ചായത്ത് – നഗരസഭാ ഭരണസമിതിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ചു കൊണ്ടാണ് ഉപരോധങ്ങള്‍

ഇരകളുടെ സമരത്തില്‍ വന്‍തോയിലുള്ള വീട്ടമ്മമാരുടെ സാന്നിധ്യമാണ് പ്രകടമാകുന്നത്. ദേശീയപാത 66 ബിഒടി ടോള്‍ റോഡായി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കിടപ്പാടവും സ്ഥലവും കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്ന ഇരകള്‍ എന്‍ എച്ച്‌ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മാറാക്കര പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു.

രാവിലെ 10 മണിക്കാരംഭിച്ച ഉപരോധനമരം ദേശീയ പാത സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ പി.കെ.പ്രദീപ് മേനോന്‍ ഉദ്ഘാടനം ചെയ്തു.ഇരകളുമായി ചര്‍ച്ച പോലും ചെയ്യാതെ നൂറുകണക്കിനാളുകളെ ബാധിക്കുന്ന തരത്തിലുള്ള ചുങ്കപ്പാത അലൈന്‍മെന്റിന് അനുമതി നല്‍കിയ പഞ്ചായത്ത് ഭരണസമിതിയുടെ നടപടി ക്രൂരമാണെന്നും ഇതിനെ ശക്തമായി ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എന്‍ എച്ച്‌ ആക്ഷന്‍ കൗണ്‍സില്‍ മാറാക്കര പഞ്ചായത്ത് ചെയര്‍മാന്‍ പി. മുഹമ്മദ് കുട്ടി അധ്യക്ഷ്യം വഹിച്ചു.കണ്‍വീനര്‍ ഷൗക്കത്ത് രണ്ടത്താണി, സെയ്ദലവി രണ്ടത്താണി പ്രസംഗിച്ചു.

തുടര്‍ന്ന് ചുങ്കപ്പാത സര്‍വ്വെ അടിയന്തരമായി നിര്‍ത്തിവെക്കുക, സര്‍ക്കാര്‍ ഇരകളോട് ചര്‍ച്ചയ്ക്ക് തയ്യാറാവുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ പ്രകടനം നടത്തി.പ്രകടനത്തിന് സുല്‍ഫിക്കര്‍, യൂസഫ് രണ്ടത്താണി, ഇബ്രാഹിം, അസ്‌കര്‍., അന്‍സാരി മുതലായവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *