KOYILANDY DIARY

The Perfect News Portal

സേവ് നോട്ട്ബുക്ക് പദ്ധതിക്ക് തുടക്കമായി

കോഴിക്കോട്: ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവ് ലവ് ഡെയില്‍ ഫൗണ്ടേഷന്‍ മിഷന്‍ മില്യന്‍ ബുക്‌സുമായി സഹകരിച്ച്‌ നടപ്പാക്കുന്ന സേവ് നോട്ട്ബുക്ക് പദ്ധതിക്ക് തുടക്കമായി. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നോട്ടുപുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ഒരു വിദ്യാര്‍ത്ഥിക്ക് 10 നോട്ട്ബുക്കുകള്‍ വീതം നല്‍കും.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗംകൂടിയായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മരം വെട്ടുന്നത് കുറക്കാനായി ഉപയോഗിച്ചുകഴിഞ്ഞ നോട്ടുബുക്കുകള്‍, ടെക്സ്റ്റ് ബുക്കുകള്‍, മറ്റു പ്രസിദ്ധീകരണങ്ങള്‍ എന്നിവ സ്‌കൂളുകളില്‍ ശേഖരിച്ച്‌ ഇവ പുനരുപയോഗിക്കും. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള കരുണ സ്‌കൂളില്‍ പ്രമുഖ നോവലിസ്റ്റ് കെ. പി.രാമനുണ്ണി നിര്‍വഹിച്ചു. പ്രയോജനപരതയില്‍ ഊന്നിയ പരിസ്ഥിതി സ്‌നേഹത്തിനു പകരം ഭൂമിയെ സ്‌നേഹിക്കുമ്ബോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ പരിസ്ഥിതി സ്‌നേഹമാണ് ഇന്ന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.

കരുണ സ്‌കൂളിലെ 100 വിദ്യാര്‍ത്ഥികള്‍ക്കുള്ള ആയിരം നോട്ടുപുസ്തകങ്ങള്‍ കെ.പി.രാമനുണ്ണി സ്‌കൂള്‍ ലീഡര്‍ വി.അഞ്ജനക്ക് കൈമാറി. സ്‌കൂളില്‍ ശേഖരിച്ച പഴയ നോട്ടുപുസ്തകങ്ങള്‍ സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ആന്‍ മേരി ലവ് ഡെയില്‍ ഫൗണ്ടേഷന്‍ പ്രതിനിധി കെ.പ്രീജോയ്ക്ക് കൈമാറി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.കെ. സുരേഷ്‌കുമാര്‍ അധ്യക്ഷതവഹിച്ചു. സേവ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വടയക്കന്‍ നാരായണന്‍ പദ്ധതി വിശദീകരിച്ചു. പ്രൊഫ. ശോഭീന്ദ്രന്‍ ഹരിത സന്ദേശം നല്‍കി. അബ്ദുല്ല സല്‍മാന്‍ ,സിസ്റ്റര്‍ വിക്ടോറിയ, ഇ. മുരളീ മോഹന്‍ എന്നിവർ
സംസാരിച്ചു. സ്‌കൂളുകളില്‍ ശേഖരിച്ച പഴയ നോട്ട് പുസ്തകങ്ങളും മറ്റും ഏപ്രില്‍ മാസത്തില്‍ ഫൗണ്ടേഷന്റെ ആളുകള്‍ഏറ്റെടുക്കും. കുട്ടികള്‍ക്ക് വിതരണം ചെയ്യാനുള്ള പുതിയ നോട്ടുപുസ്തകങ്ങള്‍ ജൂണ്‍ ആദ്യം സ്‌കൂളുകളില്‍ എത്തിക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *