KOYILANDY DIARY

The Perfect News Portal

കർണൻ്റെ ജീവിത രേഖയുമായി “ഇവൻ രാധേയൻ ” അരങ്ങിലേക്ക് 

കൊയിലാണ്ടി: മഹാഭാരതത്തിലെ കർണൻ്റെ ജീവിതം അടിസ്ഥാനമാക്കി സ്വാതി തിയറ്റേഴ്സ് ഒരുക്കുന്ന “ഇവൻ രാധേയൻ ” നാടകം ഇനി ആസ്വാദകരുടെ മുന്നിലേക്ക്..  സർവ സിദ്ധികളും അവസരങ്ങളുമുണ്ടായിട്ടും എന്നും ഇകഴ്ത്തപ്പെടലിന് വിധേയനാകേണ്ടി വന്ന കർണന്റെ ജീവിത സംഘർഷമാണ് നാടകത്തിന്റെ ഇതിവൃത്തം. കുരുക്ഷേത്രയുദ്ധാനന്തര രാത്രിയിൽ താൻ നിമിത്തമായ കർണ പതനത്തെക്കുറിച്ച് പാഞ്ചാലി സ്വപ്നം കാണുന്ന രംഗത്തോടെയാണ് നാടകത്തിന്റെ തുടക്കം.

അധികാരത്തർക്കങ്ങളും യുദ്ധവും മാനവരാശിക്ക് വരുത്തി വെക്കുന്ന വിനാശങ്ങളും ദുരന്തവുമാണ് നാടകം അനാവരണം ചെയ്യുന്നത്. പുരാണ കഥയെ വർത്തമാനകാല സാമൂഹിക പശ്ചാത്തലവുമായി ബന്ധപ്പെടുത്തിയാണ് നാടകം മുന്നോട്ട് പോകുന്നത്. നാട്ടുകൂട്ടായ്മയിൽ പ്രൊഫഷണൽ നാടക ട്രൂപ്പിന് രൂപം കൊടുത്ത സ്വാതി തിയറ്റേഴ്‌സിന്റെ അഞ്ചാമത് നാടകമാണിത്.   

റിഹേഴ്സൽ പൂർത്തിയാക്കാൻ ഒരു വർഷമെടുത്ത ഇവൻ രാധേയൻ നാടകത്തിന്റെ രചന എടത്തിൽ രവിയാണ് നിർവ്വഹിച്ചത്. പ്രശസ്ത സംവിധായകൻ കരീംദാസ് സംവിധാനം ചെയ്ത നാടകത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് രമേശ് കാവിലാണ്. സംഗീത സംവിധാനം കാവുംവട്ടം ആനന്ദനും – ശശി കോട്ടും ഒരുക്കിയിരിക്കുന്നു.

Advertisements

ആധുനിക സങ്കേതിങ്ങൾ ഉപയോഗിച്ച് പുരാണ കഥ പറയുന്ന നാടകമെന്ന പ്രത്യേകതകൂടി നാടകത്തിനുണ്ടെന്ന് നിർമാതാവ് ഷാജീവ് നാരായണൻ പറഞ്ഞു. പ്രഥമ നാടകാവതരണം മരുതൂർ ഗവ: എൽ.പി.സ്കൂൾ ഹാളിൽ നടന്നു.  നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭാ കൗൺസിലർ കെ ലത അധ്യക്ഷത വഹിച്ചു. രമേശ് കാവിൽ നാടകഗാനങ്ങളുടെ സി.ഡി.പ്രകാശനം ചെയ്തു. പ്രശസ്ത സംഗീതജ്ഞൻ പ്രൊഫ: കാവും വട്ടം വാസുദേവനെ ചടങ്ങിൽ ആദരിച്ചു. രാജീവ് കോരമ്പത്ത്, സി.കെ. ബാലകൃഷ്ണൻ, കരീംദാസ്, ആർ.കെ.സുരേഷ് ബാബു, എ.എം.മനോജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *