കോൺഗ്രസ്സ് അംഗത്തിൻ്റെ വാട്ടർ ടാങ്ക് അഴിമതി: ചേമഞ്ചേരി പഞ്ചായത്തിലേക്ക് DYFl മാർച്ച്

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം SC കുടുംബങ്ങൾക്ക് വിതരണം ചെയ്ത വാട്ടർ ടാങ്കിൽ അഴിമതി നടത്തിയ കോൺഗ്രസ്സ് പഞ്ചായത്തംഗം കുനിയിൽ ശശിധരൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് DYFI നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് DYFl ബ്ലോക്ക് സെക്രട്ടറി ബി. പി. ബബീഷ് ഉദ്ഘാടനം ചെയ്തു.
2018-19 സാമ്പത്തിക വർഷം SC കുടുംബങ്ങൾക്ക് കുടിവെള്ളം ശേഖരിച്ച് വെക്കാൻ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയിലാണ് 16-ാം വാർഡ് മെമ്പർ ശശിധരൻ തട്ടിപ്പ് നടത്തിയത്. 3200 രൂപ വിലയുള്ള വാട്ടർ ടാങ്കിന് സബ്സഡി നിരക്കിൽ 800 രൂപ അടച്ചാണ് ഗുണഭോക്താവിന് പഞ്ചായത്ത് ടാങ്ക് നൽകുന്നത്. എന്നാൽ 32 പേർ 16ാം വാർഡിൽ അപേക്ഷകരായിരിക്കെ 22 പേർക്ക് പാസായ പദ്ധതിയിൽ 2 പേർ പണം അടക്കാതെയായി.
പണം അടയ്ക്കാത്ത രണ്ട് പേർക്ക് നൽകേണ്ട ടാങ്കുകളാണ് ശശിധരൻ തന്റെ പോക്കറ്റിൽ നിന്ന് പണമെടുത്തടച്ച് കൈപ്പറ്റുകയും മാസങ്ങളോളം 2 വാട്ടർടാങ്ക് വെങ്ങളത്ത് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചിരുന്നത്. കടുത്ത വേനലിൽ പഞ്ചായത്ത് വിതരണം ചെയ്ത കുടിവെള്ളം ശേഖരിച്ച് വേക്കേണ്ടിയിരുന്ന ടാങ്കുകളാണ് ശശിയുടെ സ്ഥാപനത്തിൽ ഉണ്ട് എന്ന് ശ്രദ്ധയിൽപ്പെട്ടത്. രാജിവെച്ചൊഴിയുന്നില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ബബീഷ് പറഞ്ഞു.
മേഖലാ സെക്രട്ടറി സി. ബിജോയ് സ്വാഗതവും പ്രസിഡണ്ട് എം. ലിജീഷ് അദ്ധ്യക്ഷനുമായിരുന്നു. എൻ.ബിജീഷ്, അമൽ രാജീവ് എന്നിവർ സംസാരിച്ചു.
