KOYILANDY DIARY

The Perfect News Portal

കോവിഡ് വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൻ്റെ രണ്ടാം തരംഗം കേരളത്തിലും രോഗികളുടെ എണ്ണം കുത്തനെ ഉയരാന്‍ കാരണമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. സംസ്ഥാനത്ത് ഇന്നലെ മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നിരുന്നു. ഇതിന് പുറമൊണ് ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളിലടക്കം കുടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.

സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതിപേര്‍ ജോലിക്ക് എത്തിയാല്‍ മതിയാകും. ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ നിര്‍ദേശമുണ്ടായി. എന്നാല്‍ സമ്ബൂര്‍ണ അടച്ചിടലുണ്ടാകില്ല. വിദ്യാഭ്യാസം ഓണ്‍ലൈനിലൂടെ മാത്രം മതിയെന്നാണ് തീരുമാനം. അതേസമയം കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള സാധാരണ കടകള്‍ 9 മണി വരെ പ്രവര്‍ത്തിക്കാനനുവദിക്കാനും തീരുമാനമായി.

വാക്‌സിന്‍ വിതരണത്തില്‍ തിക്കും തിരക്കും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പരമാവധി പേര്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ നടത്താനും പ്രത്യേക സമയം അനുവദിച്ച്‌ വാക്‌സിനേഷന്‍ നടത്താനും തീരുമാനമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയി നടത്താനും നിര്‍ദേശം വന്നിട്ടുണ്ട്. ടെസ്റ്റ് പൊസിറ്റിവിറ്റി കൂടിയ ജില്ലകളില്‍ കൂടുതല്‍ വാക്സീന്‍ നല്‍കാനാണ് ലക്ഷ്യം.

Advertisements

രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് കര്‍ഫ്യൂ. കര്‍ഫ്യൂവിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പൊലീസ് പരിശോധന ഊര്‍ജിതമാക്കിയിരുന്നു. ആദ്യ ദിനമായ ഇന്നലെ ബോധവല്‍ക്കരണം എന്ന നിലയിലായിരുന്നു പൊലീസ് നടപടി. എന്നാല്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും കര്‍ശന നടപടികള്‍ എടുക്കാനും പൊലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇന്നലെ ഒന്‍പത് മണിയോടെ കടകള്‍ അടച്ചെങ്കിലും നിരത്തുകള്‍ സജീവമായിരുന്നു. ഇത്തരത്തില്‍ രാത്രി യാത്ര നടത്തിയവര്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കി വിട്ടയച്ചു.

ഇന്ന് മുതല്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ആവശ്യമെങ്കില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും ചെയ്യും. ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണമെന്നും ജനങ്ങളു‌ടെ സുരക്ഷയ്ക്കായാണ് നിയന്ത്രണമെന്ന് തിരിച്ചറിഞ്ഞ് സഹകരിക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു. രാത്രി ഒന്‍പത് മുതല്‍ രാവിലെ അഞ്ച് വരെയുള്ള സമയങ്ങളില്‍ വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, ആഘോഷങ്ങള്‍, ഒത്തുചേരലുകള്‍ ഒന്നും അനുവദിക്കില്ല.

അതേസമയം പൊതുഗതാഗതത്തെയും ചരക്ക് ഗതാഗതത്തെയും കര്‍ഫ്യൂവില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടരും. ആശുപത്രി, മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍, പത്രം, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടക്കം അവശ്യസര്‍വീസുകള്‍ക്കും രാത്രികാല ജോലിയിലുള്ളവര്‍ക്കും യാത്രയാകാം. റംസാന്‍ നോമ്ബുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും ഇളവ് നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *