KOYILANDY DIARY

The Perfect News Portal

കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ പ്ലാന്റില്‍ നിന്ന് ബയോഗ്യാസ് പ്ലാന്റ് പ്രവർത്തിച്ചു തുടങ്ങി

കോഴിക്കോട്: മാലിന്യം ഉപയോഗപ്പെടുത്തി സെന്‍ട്രല്‍ മാര്‍ക്കറ്റിലെ പ്ലാന്റില്‍ നിന്ന് ബയോഗ്യാസ് ഉത്പാദിപ്പിച്ചു തുടങ്ങി. എട്ടുവര്‍ഷമായി അപകടാവസ്ഥയിലായിരുന്ന പ്ലാന്റ് വേങ്ങേരി നിറവാണ് നവീകരിച്ച്‌ പ്രവര്‍ത്തന സജ്ജമാക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാന്റില്‍ നിന്നുള്ള വാതകം ഉപയോഗിച്ച്‌ അടുപ്പ് കത്തിച്ചു.

മാര്‍ക്കറ്റിലെ മീനിന്റെയും മറ്റും അവശിഷ്ടങ്ങളാണ് പ്ലാന്റില്‍ ഉപയോഗിക്കുന്നത്. കോര്‍പ്പറേഷന്‍ മുമ്പ്‌
നിര്‍മിച്ച നിര്‍ജീവമായ പ്ലാന്റിന്റെ നവീകരണം 2016 ജൂണിലാണ് തുടങ്ങിയത്. പഴയ പ്ലാന്റിലെ വാതകവും മറ്റ് അവശിഷ്ടങ്ങളും പൂര്‍ണമായി നീക്കിയ ശേഷമാണ് പണിതുടങ്ങിയത്. ഇതില്‍ 10 ലോഡ് ചാണകവും ഒരു ലക്ഷം ലിറ്റര്‍ വെള്ളവും നിറച്ചു.

 ഇവിടെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം മൂടിക്കിടക്കുകയായിരുന്നു. അതിന്റെ വലിയൊരു ഭാഗവും നീക്കം ചെയ്തു. ശേഷിക്കുന്ന മാലിന്യവും വൈകാതെ നീക്കും. 1500-2000 കിലോ മാലിന്യം ഒരു ദിവസം പ്ലാന്റില്‍ നിക്ഷേപിക്കാന്‍ കഴിയും. 60-70 എം ക്യൂബ് ബയോഗ്യാസ് ദിവസം ഉത്പാദിപ്പിക്കാനാകും. പ്ളാന്റില്‍ നിന്നുള്ള ബയോഗ്യാസ് ഉപയോഗിച്ച്‌ ലഘുഭക്ഷണശാല തുടങ്ങാനാണ് പദ്ധതിയെന്ന് നിറവ് കോ-ഓര്‍ഡിനേറ്റര്‍ ബാബു പറമ്പത്ത് പറഞ്ഞു. ഇവിടെ ചുറ്റുമതിലും കെട്ടും. കൂടാതെ പ്ലാന്റിന് സമീപം പച്ചക്കറി കൃഷിയും തുടങ്ങും. താഴ്ന്ന പ്രദേശമായതിനാല്‍ ഇവിടെ മണ്ണിട്ടു നികത്തി പുല്ല് പിടിപ്പിക്കും.

20 ലക്ഷം രൂപയുടേതാണ് പദ്ധതി. അതില്‍ ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് ഇതുവരെയുള്ള പണി പൂര്‍ത്തിയായത്. വിവിധ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Advertisements

നിറവിനൊപ്പം വി.കെ.സി. ഗ്രൂപ്പ്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവര്‍ രണ്ടുലക്ഷം രൂപവീതം മുടക്കി. കോര്‍പ്പറേഷന്‍ 17-ാം ഹെല്‍ത്ത് സര്‍ക്കിളിലെ എച്ച്‌.ഐ. കെ.പി. രമേശന്‍, ജെ.എച്ച്‌.ഐ.മാരായ വി.കെ. പ്രമോദ്, പി.എസ്. ഡെയ്സണ്‍ എന്നിവരാണ് പ്ലാന്റിനുള്ള മറ്റ് സഹായങ്ങള്‍ ചെയ്തത്.

ഭക്ഷണശാലയുടെ ചുമതല മൂന്ന് വര്‍ഷത്തേക്ക് നിറവിന് നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇത് മൂന്നുവര്‍ഷം കൂടുമ്പോള്‍ പുതുക്കും. മൂന്നുമാസം കൊണ്ട് എല്ലാ പണിയും പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

പ്ലാന്റിന്റെ പരീക്ഷണ പ്രവര്‍ത്തനം ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി. ബാബുരാജ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ പി. കിഷന്‍ ചന്ദ്, നമ്പിടി നാരായണന്‍, വി.ടി. സത്യന്‍, മുല്ലവീട്ടില്‍ മൊയ്തീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *