KOYILANDY DIARY

The Perfect News Portal

കോഴിക്കോട് നഗരത്തില്‍ വീണ്ടും കഞ്ചാവ് വേട്ട

കോഴിക്കോട്: നഗരത്തില്‍ വീണ്ടും പോലീസിന്റെ കഞ്ചാവ് വേട്ട. മലബാറിലെ വിവിധ ജില്ലകളിലെ ചില്ലറ വില്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന നിരവധി മോഷണക്കേസുകളില്‍ പ്രതികളായ രണ്ട് യുവാക്കളെ 10 കിലോ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോട്ടക്കല്‍ പുതുക്കിടി വീട്ടില്‍ നിസാമുദ്ധീന്‍(29) നെ 7 കിലോയിലധികം കഞ്ചാവുമായി മാവൂര്‍ പോലീസും മലപ്പുറം വാഴക്കാട് മുണ്ടുമുഴി മുണ്ടമോള്‍ വീട്ടില്‍ അനസ്(28) നെ 2 കിലോയിലധികം കഞ്ചാവുമായി കോഴിക്കോട് ടൌണ്‍ പോലീസും അറസ്റ്റ് ചെയ്തു.

മുന്‍പ് മോഷണം, മാല പൊട്ടിക്കല്‍, ഭവനഭേദനം തുടങ്ങിയ കേസുകളില്‍ പ്രതികളായ നിസാമുദ്ധീനും അനസും ഇവരുടെ ചില സുഹൃത്തുക്കളും ചേര്‍ന്ന് കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് നോര്‍ത്ത് അസി. കമ്മീഷണര്‍ പൃഥ്വിരാജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇവരെ പിടികൂടുന്നതിനായി കോഴിക്കോട് നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ എ.ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്‌ക്വാഡിലെയും നോര്‍ത്ത് അസി. കമ്മീഷണര്‍ പൃഥ്വിരാജന്റെ നേതൃത്വത്തിലുള്ള നോര്‍ത്ത് ക്രൈം സ്‌ക്വാഡിലെയും അംഗങ്ങളുള്‍പ്പെട്ട ഒരു സ്പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചിരുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്പെഷ്യല്‍ സ്‌ക്വാഡ് ഇവരുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. ആന്ധ്രയില്‍ നിന്നാണ് ഇവര്‍ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതെന്നും വാടക്കെടുത്ത ലക്ഷ്വറി വാഹനങ്ങളുപയോഗിച്ചും ട്രെയിന്‍ മാര്‍ഗവുമാണ് ഇവര്‍ കഞ്ചാവ് കേരളത്തിലേക്കെത്തിക്കുന്നതെന്നും അന്വേഷണത്തില്‍ മനസിലായി.

Advertisements

റെയില്‍വേ സ്റ്റേഷനുകള്‍, ദീര്‍ഘദൂര സ്വകാര്യ ബസ് സര്‍വീസുകള്‍, ചെക് പോസ്റ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചും ലക്ഷ്വറി വാഹനങ്ങള്‍ വാടകക്ക് നല്‍കുന്നവരെ കുറിച്ചും നടത്തിയ അന്വേഷണത്തില്‍ നിസാമുദ്ധീന്‍ ഒരു മഹീന്ദ്ര സൈലോ എക്‌സ്.യു.വി വാഹനം വാടകക്ക് എടുത്തതായി വിവരം ലഭിച്ചിരുന്നു.

സാധാരണ ഫോണ്‍ കോളുകള്‍ ഉപയോഗിക്കുന്നതിനു പകരം ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള ഫോണ്‍ കോളുകള്‍ ആണ് തങ്ങളുടെ കസ്റ്റമേഴ്‌സുമായി ആശയവിനിമയത്തിനായി ഇവര്‍ ഉപയോഗിച്ചിരുന്നത്. പെരുവയല്‍ ഊര്‍ക്കടവ് സ്വദേശികളായ ചിലരും കോഴിക്കോട് വലിയങ്ങാടി സൗത്ത് ബീച്ച്‌ ഭാഗത്തുള്ള ചിലരും ഇവര്‍ക്ക് കഞ്ചാവിനായി മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കിയതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കഞ്ചാവുമായി കേരളത്തിലെത്തിയതായി മനസ്സിലായി.

തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും കൈമാറുകയും ഇവര്‍ വരാന്‍ കഞ്ചാവ് വില്‍പ്പനക്കായി കൊണ്ടുവരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പട്രോളിങ് ശക്തമാക്കുകയും ചെയ്തു. പട്രോളിങ്ങിനിടയില്‍ മാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഊര്‍ക്കടവില്‍ നിന്നും ലക്ഷ്വറി വാഹനത്തില്‍ വില്‍പ്പനക്കായി കൊണ്ട് വന്ന 7 കിലോ കഞ്ചാവുമായി നിസാമുദ്ധീനെ മാവൂര്‍ എസ്.ഐ മുരളിയുടെ നേതൃത്വത്തില്‍ മാവൂര്‍ പോലീസും വില്‍പ്പനക്കായി കൊണ്ടുവന്ന 3 കിലോ കഞ്ചാവുമായി അനസിനെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ നാലാം പ്ലാറ്റ്‌ ഫോമിലേക്കുള്ള റോഡിനു സമീപത്തു നിന്നും കോഴിക്കോട് ടൗണ്‍ എസ്.ഐ ഗോപകുമാറിന്റെ നേതൃത്വത്തില്‍ ടൗണ്‍ പോലീസും അറസ്റ്റ്ണ് ചെയ്യുകയായിരുന്നു.

അറസ്റ്റിലായ നിസാമുദ്ധീന്റെ പേരില്‍ കേരളത്തിലും കര്‍ണാടകയിലുമായി മോഷണം, പിടിച്ചുപറി, ഭവനഭേദനം എന്നിവക്ക് നിരവധി കേസുകള്‍ നിലവിലുണ്ട്. നിസാമുദ്ധീനെ ചോദ്യം ചെയ്തതില്‍ നിന്നും മലപ്പുറം ടൗണിലെ ഒരു ലൂയി ഫിലിപ്പ് ഷോറൂമില്‍ നിന്നും കൂട്ടാളികളോടൊപ്പം 5 ലക്ഷത്തോളം വില വരുന്ന വസ്ത്രങ്ങള്‍ മോഷ്ടിച്ചതായി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *