KOYILANDY DIARY

The Perfect News Portal

കോഴിക്കോട്ട് പോലീസും എക്സൈസും നടത്തിയ റെയ്ഡില്‍ എട്ട് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നാലിടങ്ങളിലായി പോലീസും എക്സൈസും നടത്തിയ റെയ്ഡില്‍ എട്ട് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. നാല് കേസുകളിലായി അഞ്ചുപേരെ അറസ്റ്റ് ചെയ്തു. നാല് കിലോയിലധികം കഞ്ചാവുമായി ബേപ്പൂര്‍ ചെറുപുരയ്ക്കല്‍ അബ്ദുള്‍ ഗഫൂര്‍ (39) മച്ചിലകത്ത് ഹനീഫ (51) എന്നിവരെ ബേപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ഒന്നര കിലോ കഞ്ചാവുമായി കല്ലായി കോയവളപ്പ് കെ.പി.എം. വില്ലയില്‍ നജീബ് (32) മാറാട് പോലീസിന്റെ പിടിയിലായി.

രണ്ടേകാല്‍ കിലോ കഞ്ചാവുമായി ചെറുവണ്ണൂര്‍ കൊളത്തറ കൈപാടത്ത് വീട്ടില്‍ സിദ്ധിഖ് ഷമീര്‍ എന്ന അട്ടു(25)വിനെ എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ. ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. 155 ഗ്രാം കഞ്ചാവുമായി ഒളവണ്ണ കോയമ്ബുറത്ത് മോഹനനെ(66) കോഴിക്കോട് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ. വിശ്വനാഥനും സംഘവും ചേര്‍ന്നാണ് പിടികൂടിയത്. അതേസമയം ഒരു പ്രതി വാഹനപരിശോധനയ്ക്കിടെ എക്സൈസിനെ വെട്ടിച്ച്‌ കടന്നുകളയുകയും ചെയ്തു.

നഗരത്തിലെ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്പനയ്ക്കായി കൊണ്ടുവന്ന നാല് കിലോയിലധികം കഞ്ചാവുമായി തിങ്കളാഴ്ച വൈകീട്ട് ബേപ്പൂര്‍ ജങ്കാര്‍ജെട്ടിക്ക് സമീപത്തുനിന്നാണ് അബ്ദുള്‍ ഗഫൂറും ഹനീഫയും അറസ്റ്റിലായത്. സിറ്റി പോലീസ് കമ്മിഷണറുടെ ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡും നോര്‍ത്ത് എ.സി.പി.യുടെ ക്രൈംസ്ക്വാഡും ബേപ്പൂര്‍ പോലീസും ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്.

Advertisements

ബേപ്പൂര്‍ പോലീസില്‍ രജിസ്റ്റര്‍ ചെയ്ത അടിപിടിക്കേസില്‍ ജാമ്യത്തിലിറങ്ങിയ ഗഫൂറും ഗോള്‍ഡന്‍ ബോട്ടിലെ ജീവനക്കാരനായ ഹനീഫയും ചേര്‍ന്ന് ആന്ധ്രയില്‍ നിന്ന് വലിയ അളവില്‍ കഞ്ചാവ് എത്തിച്ച്‌ വിപണനം നടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. മട്ടാഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കൊലപാതകക്കേസ് ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഗഫൂറെന്ന് പോലീസ് അറിയിച്ചു.

ഇരുവരെയും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗഫൂറില്‍ നിന്ന് കഞ്ചാവ് വാങ്ങി വില്പന നടത്തിവരുന്ന നജീബിനെ ഗോതീശ്വരം ഭാഗത്ത് നിന്ന് ആന്റി നാര്‍ക്കോട്ടിക്, ക്രൈം സ്ക്വാഡുകളും മാറാട് പോലീസും ചേര്‍ന്ന് പിടികൂടിയത്.

ബേപ്പൂര്‍ എസ്.ഐ. റെനീഷ് കെ. ഹാരിഫ്, മാറാട് എസ്.ഐ. റെക്സ് തോമസ്, ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ നവീന്‍, ജോമോന്‍, ജിനേഷ്, രാജീവ്, സുമേഷ്, ഷാജി, സോജി, രതീഷ് നോര്‍ത്ത് ക്രൈം സ്ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാഫി, അഖിലേഷ്, പ്രപിന്‍, നിജിലേഷ്, ബേപ്പൂര്‍ പോലീസ് സ്റ്റേഷന്‍ എ.എസ്.ഐ. വിനോദ് പ്രകാശ്, സീനിയര്‍ സി.പി.ഒ. രതീഷ്, സി.പി.ഒ. മാരായ സുകു, വിനോദ്, ഗഫൂര്‍, മാറാട് പോലീസ് സ്റ്റേഷന്‍ എ.എസ്.ഐ.മാരായ സുനില്‍, സുഗതന്‍, സി.പി.ഒ.മാരായ ആനന്ദന്‍, ജയന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

ഞായറാഴ്ച രാത്രി എട്ടുമണിക്ക് ചെറുവണ്ണൂര്‍ ശാരദാമന്ദിരത്തിന് സമീപത്ത് വെച്ചാണ് സിദ്ദിഖ് ഷമീറി(അട്ടു)നെ എക്സൈസ് സംഘം പിടികൂടിയത്. മോഡേണ്‍ സ്റ്റോപ്പിന് സമീപത്ത് നിന്നും വാഹനപരിശോധനയ്ക്കിടെ എക്സൈസിനെ വെട്ടിച്ച്‌ കടന്ന സിദ്ദിഖ് ഷമീറും സുഹൃത്ത് കൊളത്തറ സ്വദേശി മഠത്തില്‍ കുറ്റിപറമ്ബ് ജുനീഷും സഞ്ചരിച്ച ബൈക്ക് എക്സൈസ് സംഘം പിന്തുടര്‍ന്ന് തടഞ്ഞുവെക്കുകയായിരുന്നു. സിദ്ധിഖ് ഷമീറിനെ പിടികൂടാനായെങ്കിലും ബൈക്ക് ഓടിച്ച ജുനീഷ്, മൂന്നംഗ എക്സൈസ് സംഘത്തെ തള്ളിമാറ്റി ഓടിരക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച ബൈക്ക് എക്സൈസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് കമ്ബത്ത് നിന്നും പതിനാലായിരം രൂപയ്ക്കാണ് രണ്ടേകാല്‍ കിലോ കഞ്ചാവ് ഇരുവരും വിപണനത്തിനായെത്തിച്ചതെന്ന് എക്സൈസ് അറിയിച്ചു. സിദ്ധിഖ് ഷമീറിനെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ. ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എ.ഇ.ഐ. ഒ.ബി. ഗണേഷ്, പ്രീവന്റീവ് ഓഫീസര്‍ കെ.പി. റഷീദ് എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.

തിങ്കളാഴ്ച വൈകീട്ട് അഞ്ചേമുക്കാലിനാണ് നഗരത്തിലെ സ്വകാര്യ ആസ്​പത്രിക്ക് സമീപത്ത് വെച്ച്‌ മോഹനന്‍ പിടിയിലാവുന്നത്. സൗത്ത് ബീച്ച്‌, വലിയങ്ങാടി, റെയില്‍വേ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങലില്‍ കഞ്ചാവ് വില്പന നടത്തിവരുന്നയാളാണ് മോഹനനെന്ന് എക്സൈസ് അറിയിച്ചു. കോഴിക്കോട് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ. വിശ്വനാഥന്‍, എ.ഇ.ഐ. സാന്റന്‍ സെബാസ്റ്റ്യന്‍, കെ. ഗംഗാധരന്‍, ആര്‍.എന്‍. സുശാന്ത്, ആര്‍. രഞ്ജിത്ത്, ടി.വി. റിഷിത്ത്, കെ. ഷംസുദ്ദീന്‍, എം. ഹാരിസ്, എക്സൈസ് ഡ്രൈവര്‍ കെ.ജി. എഡിസന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *