KOYILANDY DIARY

The Perfect News Portal

കോഴിക്കോട്ടെ പോലീസുകാര്‍ക്ക് വര്‍ഷത്തില്‍ രണ്ടുദിവസം പ്രത്യേക അവധി നല്‍കി സിറ്റി പോലീസ്

കോഴിക്കോട്: ജന്മദിനവും വിവാഹ വാര്‍ഷികദിനവും ഇനിമുതല്‍ കോഴിക്കോട്ടെ പോലീസുകാര്‍ക്ക് കുടുംബത്തോടൊപ്പം ആഘോഷിക്കാം. പോലീസുകാര്‍ക്ക് വര്‍ഷത്തില്‍ ഈ രണ്ടുദിവസം പ്രത്യേക അവധി നല്‍കി ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് സിറ്റി പോലീസ്. പോലീസുകാരുടെ മാനസിക സംഘര്‍ഷം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തരവ്.

ഇതു സംബന്ധിച്ച പ്രത്യേക ഉത്തരവ് സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് എസ്. മഹേഷ്കുമാര്‍ തിങ്കളാഴ്ച പുറപ്പെടുവിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ പ്രാബല്യത്തിലാകും. പോലീസുകാരുടെ ജന്മദിനവും വിവാഹദിനവും ശേഖരിക്കാനും മറ്റും വേണ്ടിയാണ് ഒരാഴ്ചത്തെ സമയം വേണ്ടിവരുന്നത്.

ചട്ടപ്രകാരം സേനാംഗങ്ങള്‍ക്ക് കാഷ്വല്‍, മെഡിക്കല്‍ അവധികള്‍ ഉള്‍പ്പെടെ ഒട്ടേറെ അവധികളുണ്ട്. എങ്കിലും അവശ്യസര്‍വീസ് എന്ന വിഭാഗത്തില്‍ കുടുങ്ങി ഇവര്‍ക്ക് അനുവദിക്കപ്പെട്ട അവധിയുടെ പകുതിപോലും എടുക്കാന്‍ സാധിക്കാറില്ല. ഇത് പലപ്പോഴും കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. ഇതുമൂലം ജോലിസ്ഥലത്തും സമ്മര്‍ദം നിഴലിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒരുമാസം മുന്‍പ് കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

Advertisements

തുടര്‍ന്നാണ് അവധി അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്. ഇത് സംസ്ഥാന തലത്തില്‍ നടപ്പാക്കാനാണ് ആലോചന. അവധി അനുവദിച്ചത് ജില്ലാ പോലീസ് അസോസിയേഷന്‍ സ്വാഗതംചെയ്തു. സേനാംഗങ്ങളുടെ മാനസിക സംഘര്‍ഷങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ ഇത്തരം അവധികള്‍ ഗുണം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി ജി.എസ്. ശ്രീലേഷ് പറഞ്ഞു. പോലീസുകാര്‍ക്ക് ജന്മദിനത്തിലും വിവാഹദിനത്തിലും അവധിയനുവദിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി കോഴിക്കോട് മാറി.

Leave a Reply

Your email address will not be published. Required fields are marked *