KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ പുതിയ സബ് സ്റ്റേഷന് ഭരണാനുമതിയായി: കെ.ദാസൻ എം.എൽ.എ

കൊയിലാണ്ടി:  കൊയിലാണ്ടിയിൽ പുതിയ 110 Kv സബ് സ്റ്റേഷന് കെ.എസ്.ഇ.ബി യിൽ നിന്നും അന്തിമ ഭരണാനുമതിയായതായി കെ. ദാസൻ എം.എൽ.എ അറിയിച്ചു. സബ് സ്റ്റേഷന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കലിനടക്കം 20.60 കോടി രൂപയുടെ അന്തിമ ഭരണാനുമതിയാണ് ബോർഡിൽ നിന്നും ലഭിച്ചത്.  ഇതിൽ 7. 71 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനും സിവിൽ കൺസ്ട്രക്ഷൻ പ്രവൃത്തികൾക്കുമാണ്.  7.75 കോടി രൂപ പുതിയ ലൈൻ വലിക്കുന്നതിനും ബാക്കി തുക സബ് സ്റ്റേഷൻ നിർമ്മാണത്തിനുമാണ് വിനിയോഗിക്കുക.   

70 സെന്റ് ഭൂമിയാണ് സബ് സ്റ്റേഷൻ നിർമ്മിക്കാനായി മിനിമം വേണ്ടി വരുന്നത്. ആവശ്യമായ ഭൂമി ഇതിനോടകം കൊല്ലത്ത് രണ്ടിടങ്ങളിലായി കണ്ടെത്തിയുണ്ട്. നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുന്ന നടപടിക്രമങ്ങൾക്ക് കൂടി ബോർഡിന്റെ അനുമതി  ലഭിക്കുന്നതോടെ ടെണ്ടർ ചെയ്ത് നിർമാണ പ്രവർത്തനം ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.   
റെയിൽവെ ലൈനിന് പടിഞ്ഞാറു ഭാഗത്തായി  നഗര കേന്ദ്രത്തിനടുത്ത്  തന്നെ സബ് സ്റ്റേഷന് സ്ഥലം കണ്ടെത്തേണ്ടതുളളതിനാൽ ഭൂമി സംബന്ധമായ  അന്വേഷണങ്ങൾ നേരെത്തെ ആരംഭിച്ചിരുന്നു. 

110 കെ.വി. എയർ ഇൻസുലേറ്റഡ് സബ് സ്റ്റേഷനാണ് ഇവിടെ സ്ഥാപിക്കുന്നത്.  നിലവിൽ 9 കിലോമീറ്റർ അകലെയുള്ള കന്നൂര് സബ്സ്റ്റേഷനെയാണ് കൊയിലാണ്ടിയിലെ വൈദ്യുതി വിതരണത്തിനായി ആശ്രയിച്ചു വരുന്നത്. സബ് സ്റ്റേഷനിലേക്കായി 6.5 കിലോമീറ്റർ ദൂരത്തിൽ 110 കെ.വി. ഡബിൾ സർക്യൂട്ട് ലൈൻ കൂടി വലിക്കും.  ഇത് റെയിൽവെ ലൈൻ ക്രോസ് ചെയ്യുന്നത് 250 മീറ്റർ യു.ജി. കേബിൾ വഴിയായിരിക്കും.

Advertisements

കൊയിലാണ്ടിയിൽ ഹാർബർ, ആശുപത്രി, പുതിയ ഷോപ്പിംഗ് മാളുകൾ എന്നിവ സ്ഥാപിതമായതോടെ അനുദിനം വൈദ്യുതിയുടെ ആവശ്യകത വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയൊരു സബ് സ്റ്റേഷനില്ലാതെ നഗരത്തിന് വൈദ്യുതി പ്രസരണത്തിന്റെ കാര്യത്തിൽ ഒരടി മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. 

വളരുന്ന കൊയിലാണ്ടി നഗരത്തിനൊപ്പം തന്നെ വൈദ്യുതിയുടെ ആവശ്യകതയും വർദ്ധിച്ചു വന്നിരുന്നു.  ഭാവിയിൽ രൂക്ഷമായേക്കുന്ന വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരം തേടി പുതിയ സബ് സ്റ്റേഷന് വേണ്ടിയുള്ള മുറവിളി വളരെ നാളുകളായി കൊയിലാണ്ടിയിൽ ഉയർന്നു തുടങ്ങിയിട്ട്.  ഇപ്പോൾ ഭരണാനുമതിയായതോടെ കൊയിലാണ്ടിയെ സംബന്ധിച്ചിടത്തോളം നീറുന്ന മറ്റൊരു പ്രശ്നത്തിന് കൂടിയാണ് ശാശ്വത പരിഹാരമാകുന്നത്. കെ. ദാസൻ എം.എൽ.എ.യോടൊപ്പം കൊയിലാണ്ടി നഗരസഭ നടത്തിയ ഇടപെടലും പദ്ധതി യാഥാർത്ഥ്യമാകുന്നതിന് വേഗതകൂട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *