KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിലെ ഡി.വൈ.എഫ്.ഐ. യൂത്ത് ബ്രിഗേഡ് വയനാട്ടിലെ ദുരന്ത ഭൂമിയിൽ

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ബ്രിഗേഡ് വയനാട്ടിലെ ദുരന്ത ഭൂമിയിൽ സഹായഹസ്തവുമായെത്തി. ഇന്ന് പുലർച്ചെയാണ് സംഘം വയനാട്ടിൽ എത്തിയത്. 72 അംഗ യൂത്ത് ബ്രിഗേഡ് സംഘം സർവ്വ സന്നാഹങ്ങളുമായാണ് ക്യാപ്റ്റൻ എൻ. ബിജീഷിൻ്റെ നേതൃത്വത്തിൽ കൽപ്പറ്റയിലെ കോട്ടക്കുന്ന് കോളനിയിലെ ദുരന്ത ഭൂമിയിലേക്ക് നീങ്ങിയത്. രണ്ട് ലോറി ഉൾപ്പെടെ  7 വാഹനങ്ങളുടെ അകമ്പടിയോടെ ആയിരം കുടുംബങ്ങൾക്കുള്ള ഭക്ഷണ കിറ്റും ക്ലീനിംഗ് ഉപകരണങ്ങളുമായാണ് സംഘം അവിടെ എത്തിയത്.

വയനാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഇവർ ആദ്യം സന്ദർശിച്ചത്. ആ ക്യാമ്പുകളിലെല്ലാം താമസിക്കുന്ന ഓരോ കുടുംബങ്ങൾക്കും ആവശ്യമായ  ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. അരി, പഞ്ചാസാര, ചായപ്പൊടി, വെളിച്ചെണ്ണ, മുളക്, മല്ലി, പരിപ്പ്, ഉപ്പ്, ബിസ്ക്കറ്റ്, റെസ്ക്ക് തുടങ്ങിയ 13 ഇനങ്ങൾ അടങ്ങിയ കിറ്റിൽ ക്ലീനിംഗിനാവശ്യമായ ഫിനോയിൽ, ബ്രഷ് ഉൾപ്പെടെ ഒരു കുടുംബത്തിനാവശ്യമായ അത്യാവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.  

തുടർന്ന് 4 സ്കോഡുകളായി തിരിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്യാമ്പിൽ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും വീടുകൾ വൃത്തിയാക്കാനും ഓരോ വീടുകളിൽ സന്ദർശനം നടത്തി കിറ്റുകൾ കൈമാറി. തുടർന്ന് സന്ദർശിച്ച എല്ലാ വീടുകളിലും ക്ലീനിംഗ് ഉൾപ്പെടെ നടത്തി കിടന്നുറങ്ങാൻ പാകത്തിലുള്ള അന്തരീക്ഷത്തിലേക്ക് മാറ്റി കുടുംബത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് അടുത്ത വീടുകളിലേക്ക് സംഘം മടങ്ങുന്നത്. 

Advertisements

ദുരിതാശ്വാസ ക്യാമ്പുകളിൽ കൊയിലാണ്ടി സഹകരണ ആശുപത്രിയിലെ മെഡിക്കൽ ടീം മികച്ച സേവനം നടത്തി

കൊയിലാണ്ടിയിൽ പ്രളയം ആരംഭിച്ചത് മുതൽ മണ്ഡലത്തിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ഡി.വൈ.എഫ്.ഐ.യുടെ സന്നദ്ധ പ്രവർത്തകർ ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. താഴ്ന്ന പ്രദേശത്തുള്ളവരെ ക്യാമ്പിലേക്ക് മാറ്റാനും ക്യാമ്പിൽ കഴിയുന്നവർക്ക് ഭക്ഷണമെത്തിക്കാനും യൂത്ത് ബ്രിഗേഡ് നടത്തിയ പ്രവർത്തനം മാതൃകാപരമായിരുന്നു. പാലിയേറ്റീവ് യൂണിറ്റായ കെയറിൻ്റെ വാഹനവും നഴ്സുമാരും ജീവനക്കാരും മറ്റ് ആരോഗ്യ പ്രർത്തകരും ദുരിതബാധികർക്ക് എല്ലാ സഹായവും ഏർപ്പെടുത്തി. വെള്ളപ്പൊക്കം വന്ന ഉടനെ തന്നെ ദുരിതബാധിതരെ സഹായിക്കാൻ കൊയിലാണ്ടി ബസ്സ് സ്റ്റാൻറ് പരിസരത്തെ വാടക കെട്ടിടത്തിൽ രണ്ട് റൂമുകളിൽ കലക്ഷൻ സെൻ്റർ ആരംഭിക്കുകയും ചെയ്തു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യസാധനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തും: ആരോഗ്യമന്ത്രി കെ.കെ.ഷൈലജ

ഡി.വൈ.എഫ്.ഐ.യുടെ വാട്സാപ്പ് കൂട്ടായ്മയിലൂടെ കൊടുത്ത സന്ദേശത്തിൻ്റെ ഭാഗമായി ബ്ലോക്ക്  കമ്മിറ്റി പരിധിയിലെ വിവിധ യൂണിറ്റുകളിൽ നിന്നും മറ്റു സ്വകാര്യ വ്യക്തികളിൽ നിന്നും കലക്ഷൻ സെൻ്ററിലേക്ക് സഹായ പ്രവാഹമായിരുന്നു. അരിയും പഞ്ചസാരയും പഴങ്ങളും പച്ചക്കറികളുമുൾപ്പെടെ ക്ലീനിംഗിനാവശ്യമായ കെമിക്കലുകളും സെൻ്ററിലേക്ക് എത്തി. കൊയിലാണ്ടിയിലെ ക്യാമ്പിലേക്കാവശ്യമായത് വിതരണം ചെയ്തതിന്ശേഷമാണ് ഇന്ന് പുലർച്ചെ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടത്.  പുലർച്ചെ 2 മണിക്ക് ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എൽ.ജി. ലിജീഷ് സംഘത്തിൻ്റെ വാഹന വ്യൂഹത്തെ ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് സെക്രട്ടറി ബി. പി. ബബീഷ് മറ്റു ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *