KOYILANDY DIARY

The Perfect News Portal

കേരളത്തില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടതില്ല: ഡിജിപി ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: കേരളത്തില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കേരളം എല്ലാവര്‍ക്കും സുരക്ഷിതമാണെന്നും ഡിജിപി ലോക്നാഥ് ബെഹ്റ. കേരളത്തില്‍ ഇതരസംസ്ഥാനക്കാരെ ആക്രമിക്കുന്നുവെന്ന വ്യാജപ്രചാരണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഡിജിപി വാര്‍ത്താസമ്മേളനം നടത്തിയത്.

കേരളത്തില്‍ ഇതരസംസ്ഥാനക്കാര്‍ക്കെതിരെ യാതൊരുവിധ ആക്രമണവും ഉണ്ടാകുന്നില്ല. തെറ്റായ പ്രചാരണങ്ങളില്‍ ആരും കുടുങ്ങരുത്. ബോധവത്കരണത്തിനായി പൊലീസ് നേരിട്ടറിങ്ങുമെന്നും ബെഹ്റ വ്യക്തമാക്കി. ഹിന്ദിയിലും ബംഗാളിയിലും സംസാരിച്ച ഡിജിപി, ആക്രമണമുണ്ടാകില്ലെന്ന് ബംഗാളി തൊഴിലാളികള്‍ക്കു ഉറപ്പു നല്‍കുകയും ചെയ്തു. ബംഗാളികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അസത്യ പ്രചരണം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ഡിജിപി പറഞ്ഞു.

കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ സര്‍ക്കാര്‍ സഹായത്തോടെ കൊലപ്പെടുത്തുന്ന തായായിരുന്നു സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം. കേരളത്തെ മോശമായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണിതെന്നാണ് നിഗമനം. വാട്സ് ആപ് വഴിയും ഫേസ്ബുക്ക് വഴിയുമുള്ള പ്രചാരണത്തില്‍ ഭയപ്പെട്ട് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ മാത്രം നാലുദിവസത്തിനിടെ ഇരുനൂറോളം പേര്‍ മടങ്ങിയതായാണ് വിവരം.

Advertisements

ഇതരസംസ്ഥാന തൊഴിലാളികളെ ഭയപ്പെടുത്തുന്ന ശബ്ദ സന്ദേശങ്ങളും ചോര വാര്‍ന്ന് അതി ഭീകരാവസ്ഥയില്‍ മരിച്ച്‌ കിടക്കുന്ന ഏതോ തൊഴിലാളികളുടെ ചിത്രങ്ങളുമാണ് പ്രചരിക്കുന്നത്. കൊലപാതകങ്ങള്‍ക്ക് കേരള സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും സന്ദേശത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *