KOYILANDY DIARY

The Perfect News Portal

കെവിനെ കൊലപ്പെടുത്തിയ സംഭവം: എഎസ്‌ഐ ബിജുവിനും ഡ്രൈവര്‍ക്കും സസ്പെന്‍ഷന്‍

തിരുവനന്തപുരം: നവവരനായ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ എഎസ്‌ഐ ബിജുവിനെയും പൊലീസ് ജീപ്പ് ഡ്രൈവറെയും കൂടി സസ്പെന്‍റ് ചെയ്തു. സംഭവത്തില്‍ ഐജിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. എഎസ്‌ഐ ബിജു നേരത്തെ തന്നെ കാര്യങ്ങള്‍ അറിഞ്ഞിരുന്നെന്നും കേസ് അട്ടിമറിച്ചത് ബിജുവാണെന്നും ഐജി വിജയ് സാക്കറെയുടെ അന്വേഷണത്തില്‍ വ്യക്തമാക്കിയിരുന്നു.

രാത്രി പട്രോളിങ്ങിനുണ്ടായിരുന്ന എഎസ്‌ഐ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ ഷിനു ചാക്കോയേയും സംഘത്തെയും ഒന്നര മണിക്കൂറോളം എഎസ്‌ഐ ബിജു ചോദ്യം ചെയ്തിരുന്നു. എന്നാല്‍ എഎസ്‌ഐ ബിജു കൈക്കൂലി വാങ്ങി പ്രതികളെ വിട്ടയക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍ വിവരം എഎസ്‌ഐ ആരെയും അറിയിക്കാത്തതാണ് കെവിന്‍റെ മരണത്തിലേക്കെത്തിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ഗാന്ധിനഗര്‍ എസ്‌ഐ ഷിബുവിനെയും ജിഡി ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐയെയും സസ്പെന്‍റ് ചെയ്തിരുന്നു.

അതേസമയം തെന്മലയില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ കെവിന്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് മുഖ്യ പ്രതി ഷാനു ചാക്കോ മൊഴി നല്‍കി. അനീഷിന് ഛര്‍ദിക്കാനായിട്ടാണ് വാഹനങ്ങള്‍ നിര്‍ത്തിയത്. കെവിന്റെ പുറകെ ഓടിയെങ്കിലും കണ്ടെത്താനായില്ല. സംഘത്തിലുണ്ടായിരുന്ന എല്ലാവരും തിരിച്ച്‌ വന്നെന്നും തുടര്‍ന്ന് അനീഷിനെ കോട്ടയത്ത് ഇറക്കി വിട്ടെന്നും ഷാനു ചാക്കോ മൊഴി നല്‍കി. എന്നാല്‍ പൊലീസ് മൊഴി മുഖവിലയ്ക്കെടുത്തിട്ടില്ല. പ്രതികളെയെല്ലാം ഒരുമിച്ച്‌ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *