KOYILANDY DIARY

The Perfect News Portal

കൂമ്പാറയിൽ 10 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 10 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരൻ മലപ്പുറം കാളികാവ് സ്വദേശി സുഫൈൽ, മുഹമ്മദ് ഹാഷിർ, ഷിബിൻ ചന്തക്കുന്ന് എന്നിവരാണ് പിടിയിലായത്. ആന്ധ്രാപ്രദേശിൽ നിന്ന് മൈസൂർ വഴി മലപ്പുറം ജില്ലയിലേക്ക് വ്യാപകമായി കഞ്ചാവ് കടത്തുന്ന സംഘത്തെക്കുറിച്ച് എക്സൈസ് കമീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം മലപ്പുറത്ത് യുവാവിനെ അറസ്റ്റ്‌ ചെയ്‌തിരുന്നു. ഇയാളിൽനിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് സംഘം പിടിയിലായത്.

കൂമ്പാറ പുന്നക്കടവിലെ വാടകവീട്ടിലെ ഒളിത്താവളം വളഞ്ഞാണ് എക്സൈസ് പിടികൂടിയത്. കഞ്ചാവുമായി കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മൂവരും പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയും  ക്രിമിനൽ കേസുകളിൽ  പ്രതിയായതിനാൽ മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ള ആളുമാണ് സുഫൈൽ. ഇയാളുടെ കൂട്ടാളികളാണ് മറ്റു രണ്ടുപേർ. രണ്ടാഴ്ചയായി എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരുൾപ്പെട്ട സംഘത്തെ നിരീക്ഷിച്ചുവരികയായിരുന്നു. മലപ്പുറം ഐബി ഇൻസ്‌പെക്ടർ പി കെ മുഹമ്മദ്‌ ഷഫീഖ്, മഞ്ചേരി റെയിഞ്ച് ഇൻസ്‌പെക്ടർ വി പി ജയപ്രകാശ്, കമീഷണർ സ്‌ക്വാഡ് അംഗം അസി. ഇൻസ്പെക്ടർ ടി ഷിജുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *