KOYILANDY DIARY

The Perfect News Portal

വിവാഹ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത കേസ് വഴിത്തിരിവില്‍

കോഴിക്കോട്: വടകരയില്‍ വിവാഹ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത കേസ് വഴിത്തിരിവില്‍. വടകര സദയം സ്റ്റുഡിയോയിലെ എഡിറ്ററുടെ കൈയ്യില്‍ 46000ത്തിലധികം ഫോട്ടോകള്‍ ഉണ്ടായിരുന്നുവെന്നും അതില്‍ നൂറിലധികം ഫോട്ടോകള്‍ മോര്‍ഫ് ചെയ്തതാണെന്നും റിപ്പോര്‍ട്ട്. വിവാഹ വീഡിയോകളും ഫോട്ടോകളും മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുകയായിരുന്നു എഡിറ്റര്‍ ബിബീഷ്. ബിബീഷ് ഇപ്പോള്‍ ഒളിവിലാണ്.

ബിബീഷിന്റെ ഹാര്‍ഡ് ഡിസ്കില്‍ നിന്നാണ് 46000ത്തോളം ചിത്രങ്ങല്‍ പോലീസിന് ലഭിച്ചത്. ഒളിവില്‍ പോയ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ് . സ്ഥാപനത്തിന്റെ ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഇവര്‍ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഹാര്‍ഡ് ഡിസ്ക്കില്‍ ആരുടെയൊക്കെ ചിത്രങ്ങളാണ് ഉള്ളതെന്ന് അറിയാത്തതിനാല്‍ നാട്ടുകാരും പരിഭ്രാന്തിയിലാണ്.

കല്യാണവീഡിയോകളില്‍ നിന്നെടുത്ത സ്ത്രീകളുടെ ചിത്രങ്ങളാണ് ഇവ. ഈ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു പ്രതിയുടെ ലക്ഷ്യം എന്നാണ് പോലീസ് നല്‍കുന്ന വിവരം. നേരത്തെ ബിബീഷ് മോര്‍ഫിങ്ങ് നടത്തി സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ചിത്രങ്ങള്‍ മോര്‍ഫ് നടത്തിയശേഷം അതേ ചിത്രങ്ങള്‍ ഉടമകള്‍ക്ക് സോഷ്യല്‍ മീഡിയ വഴി അയച്ചു കൊടുക്കും.

Advertisements

പിന്നീട് ഇതുപയോഗിച്ച്‌ അവരെ ബ്ലാക്ക് മെയില്‍ ചെയ്യും. ഇത്തരത്തില്‍ നിരവധിപേര്‍ ബിബീഷിന്റെ ക്രൂരതയ്ക്ക് പാത്രമായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അതേസമയം മോര്‍ഫ് ചെയ്ത ചിത്രത്തിലെ ആറ് പേരെ മാത്രമാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ബാക്കി എല്ലാവരും ആരാകും എന്ന ആശങ്കയിലാണ് നാട്ടുകാരും പോലീസും.

ഏഴ് മാസം മുമ്പ്‌ തന്നെ ബിബീഷ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ മനസിലാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ബിബീഷ് എഡിറ്റിങില്‍ മിടുക്കനായിരുന്നു എന്ന കാരണം പറഞ്ഞ് നടപടിയെടുക്കാനോ താക്കീത് നല്‍കാനോ സ്ഥാപന ഉടമകള്‍ നിന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഈ സ്റ്റുഡിയോയില്‍ നിന്ന് പുറത്ത് പോയി മറ്റൊരു സ്റ്റുഡിയോ തുറക്കാന്‍ ബിബീഷ് ശ്രമിച്ചതോടെയാണ് ഇപ്പോള്‍ സംഭവം എല്ലാവരും അറിഞ്ഞത്. സ്ഥാപന ഉടമകളുടെ നാടായ ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരിയിലെ ഒരു സ്ത്രീയുടെ ചിത്രമാണ് ആദ്യം പുറത്തായത്. ബിബീഷിനെ കുടുക്കാനായിരുന്നു ഇത് പുറത്ത് വിട്ടതെങ്കിലും പിന്നീട് നാടിനെ നടുക്കുന്ന കാര്യങ്ങളായിരുന്നു പുറത്തു വന്നത്.

മോര്‍ഫിങ് നടത്തിയ ബിബീഷിനെ അറസ്റ്റ് ചെയ്യുന്നത് വൈകുന്തോറും വൈക്കിലശ്ശേരി, മലോല്‍മുക്ക് പ്രദേശവാസികളുടെ ആശങ്കയേറുന്നുണ്ട്. ഇതുവരെ ചിത്രങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ലെന്നാണ് പോലീസ് നിലപാട്. ഫോട്ടോകള്‍ അശ്ലീല സൈറ്റിലോ മറ്റോ അപ്ലോഡ് ചെയ്ത് ഇയാള്‍ സാമ്ബത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഒളിവ്ല്‍ പോയിരിക്കുന്ന ബിബീഷിന്റെ കൈവശം ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. ബിബീഷ് പിടിയിലായാല്‍ മാത്രമേ കൃത്യമായ സംഭവങ്ങള്‍ പുറത്തുവരികുള്ളൂ. കേസ് പോലീസില്‍ എത്താന്‍ വാകിയതാണ് ഇയാള്‍ക്ക് മുങ്ങാനുള്ള അവസരമുണ്ടായതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

നാട്ടുകാരായ സ്ഥാപന ഉടമകള്‍കക്കെതിരെയാണ് ജനങ്ങളുടെ രോക്ഷം മുഴുവന്‍. ഒരു ജീവനക്കാരന്‍ വര്‍ഷങ്ങളോളം ഈ വൃത്തികേട് കാണിച്ചിട്ടും അത് അറിഞ്ഞില്ലെന്നുപറയുന്നത് കളവാണെന്നാണ് നാട്ടുകാരുടെ പക്ഷം. സ്റ്റുഡിയോ ഉടമയുടെ മലോല്‍മുക്കിലെ മറ്റൊരു സ്ഥാപനത്തിലേക്ക് നൂറുകണക്കിന് സ്ത്രീകളും കുട്ടികളും മാര്‍ച്ച്‌ നടത്തിയിരുന്നു. പ്രധാനമായും ഇവര്‍ ഉയര്‍ത്തുന്ന ആവശ്യം സ്റ്റുഡിയോ ജീവനക്കാരനെയും ഉടമകളെയും അറസ്റ്റ് ചെയ്യണമെന്നതാണ്. ഇവര്‍ പിടിയിലായാല്‍ തന്നെ ദുരൂഹതകള്‍ ഒരുപരിധിവരെ നീങ്ങുമെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍. അതേസമയം ബിബീഷിന്റെ ഭാര്യവീടായ ഇടുക്കിയില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. അന്വേഷണത്തിന് മൂന്നു സ്‌ക്വാഡുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. വടകര വനിതാ സിഐ ഭാനുമതിക്കാണ് അന്വേഷണച്ചുമതല.

Leave a Reply

Your email address will not be published. Required fields are marked *