KOYILANDY DIARY

The Perfect News Portal

കുടുംബശ്രീ സ്കൂള്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കരണം, സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണപദ്ധതി എന്നിവയെപ്പോലെ സമൂഹത്തില്‍ സമൂല പരിവര്‍ത്തനത്തിനുതകുന്ന ഉപാധിയായി കുടുംബശ്രീ മാറിയതായി മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കുടുംബശ്രീ സ്കൂളിന്റെ ജില്ലാതല ഉദ്ഘാടനം ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വടക്കുമ്ബാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി മാതൃകകള്‍ രാജ്യത്തിനും ലോകത്തിനും സമ്മാനിച്ച കേരളത്തിന്റെ മറ്റൊരു നാഴികക്കല്ലാണ് കുടുംബശ്രീ. സ്ത്രീശാക്തീകരണത്തിലൂടെ സാമൂഹ്യ ശാക്തീകരണം ലക്ഷ്യമാക്കി ആരംഭിച്ച കുടുംബശ്രീ ദൗത്യം രണ്ട് ദശകം പിന്നിടുന്ന വേളയില്‍ ആര്‍ജ്ജിച്ച നേട്ടങ്ങള്‍ പരിമിതികള്‍ മറികടന്ന് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിനും പുതിയ വികസനമാതൃകകള്‍ സൃഷ്ടിക്കുന്നതിനും കുടുംബശ്രീ സ്കൂള്‍ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യാധിഷ്ഠിതമായ സംഘടനാ സംവിധാനമായ കുടുംബശ്രീ കുടുംബശ്രീ സ്കൂളിനായി ജില്ലയിലെ 82 സി.ഡി.എസ്സുകളിലുമായി 9100 കമ്മ്യൂണിറ്റി അദ്ധ്യാപകരെ പ്രത്യേക പരിശീലനം നല്‍കി ജില്ലാമിഷന്‍ സജ്ജരാക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള ആറ് ആഴ്ചകളില്‍ 28000-ഓളം അയല്‍ക്കൂട്ടങ്ങളില്‍ ഈ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ ആറ് വിഷയത്തെ അധികരിച്ച്‌ രണ്ട് മണിക്കൂര്‍ വീതമുള്ള ക്ലാസ്സുകള്‍ സംഘടിപ്പിക്കും.

Advertisements

കുടുംബശ്രീ സംഘടന, കുടുംബശ്രീ പദ്ധതികള്‍, സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍, അഴിമതി വിമുക്ത സമൂഹം – കുടുംബശ്രീയുടെ കര്‍ത്തവ്യം, മദ്യാസക്തിയും മയക്കുമരുന്നിന്റേയും ഉപയോഗം കുറയ്ക്കുന്നതില്‍ കുടുംബശ്രീയുടെ ഇടപെടല്‍, ആരോഗ്യ-ശുചിത്വ-കാര്‍ഷിക മേഖലകളില്‍ കുടുംബശ്രീ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളിലാണ് അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ക്ലാസ്സ് നല്‍കുക.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ വി.കെ. സുമതി അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സി.കവിത പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.പി. നാണു, കെ.കെ. രവി, അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി. ഗിരീഷ്കുമാര്‍, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.വി. കുഞ്ഞിക്കണ്ണന്‍, സി.ഡി.എസ് മുന്‍ ചെയര്‍പേഴ്സണ്‍ എം.നളിനി, പി. ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. ഉണ്ണി വേങ്ങേരി സ്വാഗതവും സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ പി.കെ. രമ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *