KOYILANDY DIARY

The Perfect News Portal

കസേര സംഭാവന: ചക്കിട്ടപ്പാറ വില്ലേജിൽ വിവാദം തുടരുന്നു

പേരാമ്പ്ര: കാത്ത് കാത്തിരുന്നാണ് ചക്കിട്ടപാറ വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. കെട്ടിടം നിര്‍മിച്ചിട്ടും മാറാന്‍ ഒരുവര്‍ഷം വേണ്ടിവന്നു. പക്ഷേ, വിവാദത്തിന് മാത്രം ഒട്ടും പഞ്ഞമില്ല. ഓഫീസ് നിര്‍മിച്ചെങ്കിലും ഫര്‍ണിച്ചര്‍ വാങ്ങാന്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ സംഭാവനയായി സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പത്ത് കസേരയും ക്ലോക്കും നല്‍കി. യൂത്ത് കോണ്‍ഗ്രസ് എന്ന് പേര് രേഖപ്പെടുത്തിയ കസേരയായിരുന്നു ഇത്. ഇങ്ങനെ ചെയ്തത് പഞ്ചായത്തിലെ ഭരണകക്ഷിയായ സി.പി.എം. നേതൃത്വത്തെ ചൊടിപ്പിച്ചു.

പഞ്ചായത്തിനെ അറിയിക്കാതെയാണ് ഇത്തരമൊരു നടപടിയെന്ന് ആരോപിച്ച്‌ തൊട്ടുപിന്നാലെ പഞ്ചായത്ത് ഭരണാധികാരികള്‍ രംഗത്തെത്തി. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പത്ത് കസേരകള്‍ എത്തിക്കുകയും ചെയ്തു. ഈ കസേരയാണ് ഇപ്പോള്‍ ഓഫീസില്‍ ജീവനക്കാര്‍ ഉപയോഗിക്കുന്നത്. പരാതി ഉയര്‍ന്നതോടെ യൂത്ത് കോണ്‍ഗ്രസ് എന്ന പേര് മാറ്റി കസേരകള്‍ ഉപയോഗിക്കാന്‍ തഹസില്‍ദാര്‍ നിര്‍ദേശിക്കുകയും ചെയ്തു.

മേയ് 25-നായിരുന്നു കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചത്. ഇതിനായി സ്വാഗതസംഘം രൂപവത്കരിക്കുയും പ്രചാരണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ നിപ രോഗബാധയുടെ സുരക്ഷാ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഉദ്ഘാടനം മാറ്റിവെക്കേണ്ടി വന്നു. ഇതിന് ശേഷമാണ് ജൂണ്‍ അവസാനം ഉദ്ഘാടനമില്ലാതെ പുതിയ കെട്ടിടത്തിലേക്ക് മാറിയത്. കുടിവെള്ളമില്ലാത്തതിനാല്‍ അടുത്തുള്ള വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ കിണറില്‍ നിന്ന് മോട്ടോര്‍ സ്ഥാപിച്ച്‌ വെള്ളമെത്തിക്കുകയായിരുന്നു.

Advertisements

ഉദ്ഘാടനച്ചെലവിലേക്ക് സമാഹരിച്ച തുകയില്‍ ഒരുഭാഗം കെട്ടിടത്തിലേക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ വിനിയോഗിക്കുകയും ചെയ്തു. കസേരപ്രശ്നം ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഏറ്റെടുത്തതോടെ വിവാദം പുകയുകയാണ്.

മൂന്ന് വര്‍ഷമായി പഞ്ചായത്ത് കെട്ടിടത്തില്‍ വാടകയില്ലാതെ പ്രവര്‍ത്തിച്ച വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന വിവരം വില്ലേജ് അധികാരികള്‍ അറിയിച്ചില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയും വൈസ് പ്രസിഡന്റ് കെ. സുനിലും കുറ്റപ്പെടുത്തി. ജനപ്രതിനിധികളെയും രാഷ്ടീയ സംഘടനകളെയും അറിയിക്കാതെയാണ് എല്ലാം ചെയ്തതെന്നും ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ഇവര്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

അതേസമയം ഉദ്ഘാടനമില്ലാത്തതിനാല്‍ പുതിയ ഓഫീസിലേക്ക് പെട്ടെന്ന് മാറുകയായിരുന്നുവെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്. ഉദ്ഘാടന പരിപാടിക്കായി സ്വരൂപിച്ച ഫണ്ടിന്റെ കണക്കവതരിപ്പിക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *