കണ്ണൂര്‍ ജില്ലയിലാകെ അക്രമം അഴിച്ചുവിട്ട് സംഘപരിവാര്‍: ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

കണ്ണൂര്‍: ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ പ്രഖ്യാപിച്ച ഹര്‍ത്താലിന് പിന്നാലെ കണ്ണൂര്‍ ജില്ലയിലാകെ അക്രമം അഴിച്ചുവിട്ട് സംഘപരിവാര്‍. സിപിഐ എം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ക്കുനേരേ ആര്‍എസ്എസ് ആക്രമണവും ബോംബേറുമുണ്ടായി. നിരവധി പാര്‍ടി ഓഫീസുകളും ബിജെപി ആക്രമിച്ചു.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ എന്‍ ഷംസീര്‍ എംഎല്‍എ, സിപിഐ എം മുന്‍ ജില്ലാ സെക്രട്ടറി പി ശശി എന്നിവരുടെ വീടിന് ആര്‍എസ്എസ് ബോംബെറിഞ്ഞു. വെള്ളിയാഴ്ച രാത്രി ഒമ്ബതരയോടെയാണ് ബൈക്കിലെത്തിയ ആര്‍എസ്എസ് ക്രിമിനല്‍ സംഘം കോടിയേരി മാടപ്പീടികയിലെ ഷംസീറിന്റെ വീടിനു ബോംബെറിഞ്ഞത്. ബോംബ് മുറ്റത്ത് വീണു പൊട്ടി. ഷംസീര്‍ തലശേരി എഎസ്പി ഓഫീസില്‍ ജില്ലാ പൊലീസ് മേധാവി വിളിച്ചു ചേര്‍ത്ത സമാധാനയോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ആക്രമണം.

ഷംസീറിന്റെ ഉപ്പയും ഉമ്മയും സഹോദരിയും അവരുടെ മക്കളും വീട്ടിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. വാട്ടര്‍ ടാങ്കും മുറ്റത്തെ ചെടിച്ചട്ടികളും തകര്‍ന്നു. സിപിഐ എം മുന്‍ ജില്ലാ സെക്രട്ടറി പി ശശിയുടെ തലശേരിയിലെ വീടിനും വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ ബോംബേറുണ്ടായി.

ഇരിട്ടിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താനും ശ്രമമുണ്ടായി. പെരുമ്ബറമ്ബിലെ വി കെ വിശാഖിനെ(28)യാണ് ആര്‍എസ്എസ് ക്രിമിനല്‍ സംഘം ആക്രമിച്ചത്. വയറില്‍ ആഴത്തിലുള്ള മുറിവേറ്റ വിശാഖ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി പത്തോടെ പെരുമ്ബറമ്ബിലെ സജീവന്റെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോവുമ്ബോഴാണ് കാറുകളിലെത്തിയ ആര്‍എസ്എസ് സംഘം വളഞ്ഞിട്ട് വെട്ടിയത്. കാലുകള്‍ക്കും തലക്കും ശരീരത്തില്‍ പലേടത്തും വെട്ടേറ്റു.

തലശ്ശേരിയില്‍ സിപിഐ എം നേതാവിന്റെ വീട് അടിച്ചു തകര്‍ത്തിരുന്നു. വാഴയില്‍ ശശിയുടെ തിരുവങ്ങാട്ടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം സിപിഐ എം തിരുവങ്ങാട്ട് ബ്രാഞ്ച് സെക്രട്ടറി ബാലന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. അക്രമത്തെ തുടര്‍ന്ന് കണ്ണൂരില്‍ 19 പേരെ അറസ്റ്റ് ചെയ്തു. 33 പേരെ കരുതല്‍ തടങ്കലിലെടുത്തെന്ന് പൊലീസ് അറിയിച്ചു.
കരുതല്‍ തടങ്കലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സമാധാന അന്തരീക്ഷം നിലനിന്നിരുന്ന കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ രാത്രി വ്യാപകമായ അക്രമമാണുണ്ടായത്. ആസൂത്രിതമായി അക്രമം അഴിച്ചുവിട്ട് കലാപം സൃഷ്ടിക്കാനാണ് ആര്‍എസ്എസിന്റെ ശ്രമം. ആര്‍എസ്എസ്-ബിജെപി നേതാക്കള്‍കൂടി പങ്കെടുത്ത സമാധാന യോഗത്തിനുശേഷം അക്രമം നടത്താനാവില്ലെന്ന ബോധ്യത്തില്‍ യോഗം അവസാനിക്കുന്നതിനു മുമ്ബ് തിരക്കിട്ട് തങ്ങളുടെ ആക്രമണ പദ്ധതി നടപ്പാക്കുകയായിരുന്നു.
അടിയന്തര സാഹചര്യം പരിഗണിച്ച് അവധിയിലായിരുന്ന ഉദ്യോഗസ്ഥരെയടക്കം തിരികെ വിളിച്ച് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് തലശേരി മേഖലയില്‍ ഒരുക്കിയിരിക്കുന്നത്.
