KOYILANDY DIARY

The Perfect News Portal

എട്ട് വർഷത്തെ സേവനത്തിന് ശേഷം റൂണിയ്‌ക്ക്‌ ഇനി വിശ്രമ ജീവിതം

കൊച്ചി: എട്ട് വർഷത്തെ സേവനത്തിന് ശേഷം റൂണിയ്‌ക്ക്‌ ഇനി വിശ്രമ ജീവിതം. എറണാകുളം റൂറൽ ജില്ലയിൽ നിരവധി പ്രമാദമായ കേസുകളുടെ അന്വേഷണത്തിന്‍റെ ഭാഗമായി പോലീസിനൊ പ്പമുണ്ടായ നായയാണ് റൂണി. സെനോരയെന്നതാണ് ഔദ്യോഗിക നാമം. 2014 ൽ ആണ് റൂറൽ ജില്ലയുടെ കെ 9 സ്‌ക്വാഡിൽ ചേരുന്നത്. ഒരു വർഷത്തെ കേരള പോലീസ് അക്കാദമിയിലെ പരിശീലനത്തിന് ശേഷം സജീവമായി. മോഷണം, കൊലപാതകം, ആളുകളെ കാണാതാവുന്നത് തുടങ്ങിയ കേസുകളിലെ സഹായിയായി, ട്രാക്കർ ഡോഗ് വിഭാഗത്തിലായിരുന്നു സേവനം.

കൂത്താട്ടുകുളം സ്റ്റേഷൻ പരിധിയിൽ കാണാതായ ഒരാളെ കണ്ടെത്താൻ നിർണ്ണായക പങ്കുവഹിച്ചത് റൂണിയാണ്. ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെട്ട റൂണിക്ക് ഒമ്പതു വയസുണ്ട്. എപ്പോഴും ചുറുചുറോക്കടെ ഓടിനടന്ന് എല്ലവർക്കും ഇഷ്‌ടതാരമായ റൂണിയുടെ യാത്രയയപ്പ് ചടങ്ങ് വികാര നിർഭരമായിരുന്നു. സബ് ഇൻസ്‌പെക്‌ടർ സാബു പോൾസല്യൂട്ട് സ്വീകരിച്ചു. ഒപ്പമുണ്ടായിരുന്ന അഞ്ച് നായകളും സല്യൂട്ട് ചെയ്‌തു. ഉച്ചയോടെ പ്രത്യേക വാഹനത്തിൽതൃശൂരിലേക്ക്. ഇനി കേരള പൊലീസ് അക്കാദമയിലെ “ഓൾഡ് ഏജ് ഹോം’ ആയ വിശ്രാന്തിയിൽ വിശ്രമ ജീവിതം. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സി പി ഹേമന്ദ്, ഒബിസിമിൽ, കെ എസ് അഭിജിത്ത് തുടങ്ങിയവരായിരുന്നു പരിശീലകർ.


Leave a Reply

Your email address will not be published. Required fields are marked *