KOYILANDY DIARY

The Perfect News Portal

ഇൻ്റഗ്രേറ്റഡ് ടൂറിസം സർക്യൂട്ട് പദ്ധതി: വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

വടകര: ഇൻ്റഗ്രേറ്റഡ് ടൂറിസം സർക്യൂട്ട് പദ്ധതി: വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കുന്ന ഇൻ്റഗ്രേറ്റഡ് ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ഭാഗമായുള്ള വികസന പ്രവർത്തനങ്ങൾ വടകര സാൻഡ് ബാങ്ക്സിൽ പുരോഗമിക്കുന്നു. വടകര സാൻഡ് ബാങ്ക്സ് കടലോര വിനോദ സഞ്ചാര കേന്ദ്രത്തെയും ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ്‌ വില്ലേജിനെയും ബന്ധിപ്പിക്കുന്നതാണ് ഇൻ്റഗ്രേറ്റഡ് ടൂറിസം സർക്യൂട്ട് പദ്ധതി. സാൻഡ് ബാങ്ക്സിൽ നിന്ന് പുഴയിലൂടെ സർഗാലയിലേക്ക് ബോട്ടു സർവീസ് ഉൾപ്പെടെ പദ്ധതിയുടെ ഭാഗമായി തുടങ്ങും. ഇതിന് സാൻഡ് ബാങ്ക്സിൽ ഫ്ലോട്ടിങ് ബോട്ടുജെട്ടി ഒരുക്കും.

ഓപ്പൺ ജിം, നടപ്പാത, വഴിവിളക്കുകൾ എന്നിവയും ഒരുക്കും. നടപ്പാത ടൈൽവിരിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ്. നടപ്പാതയിൽ ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. രണ്ടരക്കോടി രൂപയാണ് ഇന്റഗ്രേറ്റഡ് ടൂറിസം സർക്യൂട്ട് പദ്ധതിക്കായി ചെലവഴിക്കുന്നത്. ജലവിതരണത്തിനായി പമ്പ് റൂം, മോട്ടോർ എന്നിവയും മരാമത്ത് പണിയും പൂർത്തിയാക്കും. ഓഗസ്റ്റിലാണ് നിർമാണം തുടങ്ങിയത്. 18 മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്റ്റീൽ ഇൻ്റസ്ട്രി കേരള ലിമിറ്റഡിനാണ് (സിൽക്ക്) നിർമാണക്കരാർ. പദ്ധതി യാഥാർഥ്യമാവുന്നതോടെ ടൂറിസം കേന്ദ്രങ്ങളിൽ എല്ലാ സീസണുകളിലും ടൂറിസ്റ്റുകൾ ഒരേപോലെ എത്തുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *