ആര്‍.എസ്.എസിനേക്കാള്‍ വലിയ രാജ്യദ്രോഹ പ്രസ്ഥാനം ഇന്ത്യയിലില്ല: കെ.മുരളീധരന്‍ എംഎല്‍എ

മലപ്പുറം: സ്ഥാപിതമായ കാലം മുതല്‍ ജനങ്ങളെ പല തട്ടുകളാക്കി വിഭജന രാഷ്ട്രീയവും സാംസ്‌കാരിക ഫാഷിസവും നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസിനേക്കാള്‍ വലിയ രാജ്യദ്രോഹ പ്രസ്ഥാനം ഇന്ത്യയിലില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ. തെരട്ടമ്മലില്‍ ഊര്‍ങ്ങാട്ടിരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ര്ടീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കശ്മീരില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട നാടോടി ബാലികയുടെ പൂര്‍വ പിതാക്കള്‍ ചെയ്ത രാജ്യ സേവനം പോലും ചെയ്യാത്ത ആര്‍എസ്‌എസുകാരെ ജനാധിപത്യ രീതിയില്‍ തൂത്തെറിയാന്‍ മതേതര പ്രസ്ഥാനങ്ങള്‍ ഒന്നിക്കണമെന്നും ഇക്കാര്യത്തില്‍ കൃത്യമായ രാഷ്ട്രീയ യാഥാര്‍ഥ്യം സി.പി.എമ്മുകാര്‍ക്ക് ഇനിയും ബോധ്യമായില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

ഊര്‍ങ്ങാട്ടിരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.ടി.റഷീദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി അജീഷ് എടാലത്ത്, കെ.എസ്.യു കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി മുഹമ്മദ് ദിഷാല്‍, കെ.പി.സി.സി അംഗം എം.പി.മുഹമ്മദ്, സേവാദള്‍ അഖിലേന്ത്യ ചീഫ് ഇന്‍സ്ട്രക്ടര്‍ വിശ്വനാഥന്‍ അങ്ങാടിപ്പുറം, ജില്ല കോ-ഓഡിനേറ്റര്‍ എ.റഹ്മത്തുല്ല, കെ.സി.നാദിഷ് ബാബു സംസാരിച്ചു.

