KOYILANDY DIARY

The Perfect News Portal

അവശതകൾ മറന്ന് ദുരിതമനുഭവിക്കുന്നവർക്ക് പുതപ്പും ലുങ്കിയും നൽകി മധു മല്ലിശ്ശേരി

കൊയിലാണ്ടി: ചേമഞ്ചേരി വെങ്ങളം സ്വദേശിയായ മധു മല്ലിശ്ശേരി (43) തന്റെ ദുരിത ജീവിതത്തിനിടയിൽ   അവശതകൾ മറന്ന് ദുരിതമനുഭവിക്കുന്നവർക്ക് പുതപ്പും ലുങ്കിയും നൽകി മാതൃകയായി.  തന്റെ 17-ാമത്തെ വയസ്സിൽ അടുത്ത വീടിന്റെ മേൽക്കൂരയിൽ നിന്നും വീണ് നട്ടെല്ലിനു പരിക്കുപറ്റി. 21-ാം മത്തെ വയസ്സിൽ  കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും നട്ടെല്ലിന് രണ്ട് ഓപ്പറേഷനുകൾ നടത്തി രണ്ടു കശേരുക്കൾ നീക്കം ചെയ്ത് സ്റ്റീൽ ഘടിപ്പിച്ചതാണ്. അതിനു ശേഷം മധു നടന്നിട്ടില്ല. നെഞ്ചിന് താഴോട്ട് തളർന്നു പോയി.   കുറച്ചു കാലം ഫിസിയോ തെറാപ്പി ചെയ്തിരുന്നു. പിന്നീട് കാൽമുട്ട് നിവർത്താൻ പറ്റാതായതിനെ തുടർന്ന് കാലിന് ഓപ്പറേഷൻ ചെയ്തു. അതിനു ശേഷം കാൽ  നിവർന്നു തന്നെയാണ് നിൽക്കുന്നത്. ഇപ്പോൾ വിധിക്ക് കീഴടങ്ങി കട്ടിലിൽ കഴിയുകയാണ്.
വീടിനകത്ത് വീൽ ചെയറിലൂടെ സഞ്ചരിക്കും. ചെറുപ്രായത്തിലെ മധുവിന് അച്ഛനമ്മമാരെ നഷ്ടപ്പെട്ടു. ഒരു വയസ്സുള്ളപ്പോൾ അച്ഛനും 28 – മെത്തെ വയസ്സിൽ അമ്മയും. ഇപ്പോൾ സഹോദരിയ്ക്കൊപ്പമാണ് താമസം. തനിക്കു വേണ്ടി പലതവണയായി വാങ്ങി സൂക്ഷിച്ചു വെച്ച പുതപ്പും ലുങ്കികളുമാണ് ഇപ്പോൾ പ്രളയദുരിതമനുഭവിക്കുന്നവർക്കു വേണ്ടി മധു സംഭാവനയായി നൽകിയത്. തന്റെ പ്രവൃത്തി മറ്റുള്ളവർക്ക് ഒരു പ്രചോദനമാവട്ടെ എന്ന് മധു പറയുന്നു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻകോട്ട് മധുവിന്റെ വീട്ടിൽ നിന്നും ഈ സ്നേഹ സമ്മാനം ഏറ്റുവാങ്ങി. ഒപ്പം പാലിയേറ്റീവ് പ്രവർത്തകരുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *