KOYILANDY DIARY

The Perfect News Portal

അലങ്കാര പ്രാവുകളുടെ പ്രദര്‍ശനവും മത്സരവും

കോഴിക്കോട്: വിശറി വിടര്‍ത്തിയ പോലെ ഇന്ത്യന്‍-അമേരിക്കന്‍ ഫിന്‍റ്റെയില്‍, ബോഡി ബില്‍ഡറെ പോലെ മഗ്സി വിഭാഗം, പെന്‍ഗിനുകളെ പോലുള്ള ഹംങ്കേറിയന്‍ ജെയിന്റ് ഹണ്ട്, കോഴിയെ പോലുള്ള കിങ് , ബോക്കോറ, മോമാര്‍നര്‍ ടംബ്ലര്‍ എന്നിങ്ങനെ സ്വദേശിയും വിദേശിയുമായ 34 ഇന അലങ്കാര പ്രാവുകളാണ് പ്രദര്‍ശനത്തിനും മത്സരത്തിനുമായി കോര്‍പ്പറേഷന്‍ ജൂബിലി ഹാളില്‍ ഒരുങ്ങിയിരിക്കുന്നത്.

നാഷണല്‍ പീജിയന്‍ അസോസിയേഷനാണ് അമേരിക്ക, യൂറോപ്പ്, ഇംഗ്ലണ്ട്, സൗദി, ഒമാന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രാവുകളുടെ ദ്വിദിന നാഷണല്‍ പീജിയന്‍ ഷോ സംഘടിപ്പിച്ചിരിക്കുന്നത്. പ്രദര്‍ശനത്തിനായി വച്ചിരിക്കുന്ന അലങ്കാര പ്രാവുകള്‍ക്ക് 2000 മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് വില. കൊല്‍ക്കത്ത, ഗുജറാത്ത്, ബംഗ്ലാദേശ്, തമിഴ്നാട്, കര്‍ണാടക,കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള അമ്പത് പ്രാവുടമകളാണ് പ്രദര്‍ശനത്തിനും മത്സരത്തിനുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അഞ്ചംഗ ബഹ്റൈന്‍ സംഘങ്ങളായ അക്ബര്‍ അല്‍ സയ്യിദ്, നജീബ് റഫി, മഹ്മൂദ് അഫ്റ, ജമീല്‍ അല്‍ശൈഖ്, മജീദ് ഖന്നറ്റി എന്നിവരും ഇന്ത്യയില്‍ നിന്നുള്ള സെന്തില്‍ അരസുവുമാണ് അലങ്കാര പ്രാവുകളുടെ മത്സരം വിലയിരുത്തുന്നത്. നാഷണല്‍ പീജിയന്‍ അസോസിയേഷന്റെ നിയമാവലിക്കനുസരിച്ചാണ് വിധി നിര്‍ണയം നടത്തുക. ഓരോ ഇനത്തിനും നിശ്ചിത ഉയരം, ഐ റീംഗ്, തൂവല്‍, പ്രായം എന്നിവ നോക്കിയാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്.

Advertisements

ഗോതമ്പ്‌, പട്ടാണികടല, ചെറുപയര്‍, സൂര്യകാന്തി വിത്ത് തുടങ്ങിയ ധാന്യങ്ങളുടെ കൂട്ടാണ് പ്രാവുകളുടെ ഭക്ഷണം. കൃത്യമായ ഭക്ഷണവും വെള്ളവും നല്‍കിയുള്ള പരിചരണം ഇവക്കാവശ്യമാണ്. കൂട്ടില്‍ നിന്ന് പുറത്തുചാടിയ പ്രാവുകളെ അവയുടെ കാലിലെ റിംഗ് ഉപയോഗിച്ചാണ് തിരിച്ചറിയുന്നതെന്ന് പ്രാവുടമയായ മുഹമ്മദ് ബിന്‍ ഫാറൂഖ് പറഞ്ഞു.

ഒരു പ്രാവുണ്ടാകുമ്പോള്‍ തന്നെ അവയുടെ കാലില്‍ ഉടമയുടെ പേര്, സ്ഥലം, ജനിച്ച വര്‍ഷം എന്നിവ രേഖപ്പെടുത്തിയ റിംഗ് ധരിപ്പിക്കും.അവയുടെ ജീവിതാവസാനം വരെ അത് കാലില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അലങ്കാര പ്രാവ് പ്രദര്‍ശനവും മത്സരവും നാളെ അവസാനിക്കും. പ്രവേശനം സൗജന്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *