KOYILANDY DIARY

The Perfect News Portal

അമിത് ഷായുടെ മകനെതിരായ ആരോപണം-റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നു: ദി വയര്‍

ദില്ലി: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്ബിനി ഒറ്റ വര്‍ഷം കൊണ്ട് 16,000 ഇരട്ടി വരുമാനം ഉണ്ടാക്കിയെന്ന റിപ്പോര്‍ട്ടില്‍ ഉറച്ചു നില്ക്കുന്നതായി ഓണ്‍ലൈന്‍ മാധ്യമം ദി വയര്‍. അതേസമയം ജയ് ഷായ്ക്ക് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിയമോപദേശം നല്‍കിയതിനെതിരെ പ്രതിപക്ഷം രംഗത്തു വന്നു. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കൂടി ഉടമസ്ഥതയിലുള്ള ടെംപിള്‍ എന്‍റര്‍പ്രൈസസ് എന്ന കമ്ബനി 15,000 രൂപയില്‍ നിന്ന് ഒറ്റ വര്‍ഷം കൊണ്ട് 80 കോടി രൂപ വിറ്റുവരവുള്ള കമ്ബനിയായി ഉയര്‍ന്നതായുള്ള റിപ്പോര്‍ട്ട് ദി വയര്‍ എന്ന ന്യൂസ് പോര്‍ട്ടല്‍ പുറത്തു വിട്ടിരുന്നു.

ഈ വാര്‍ത്തയ്ക്കെതിരെ അമിത് ഷായുടെ മകന്‍ നിയമനടപടി തുടങ്ങിയിരുന്നു. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ട നോട്ടീസ് ഓണ്‍ലൈന്‍ മാധ്യമത്തിന് അയച്ചത്. ഒപ്പം ഈ വാര്‍ത്ത വരുന്നതിനു മുമ്ബ് റിപ്പോര്‍ട്ടറുടെ ചോദ്യങ്ങള്‍ക്ക് അഭിഭാഷകനായ മാണിക് ദോഗ്ര മുഖേന ജയ്ഷാ നല്കിയ മറുപടിയുടെ പകര്‍പ്പ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്കും നല്കിയത് വ്യക്തമാണ്. ബിജെപി ഐടി വിഭാഗം പുറത്തു വിട്ട ഇമെയിലില്‍ ഇക്കാര്യം പറയുന്നുണ്ട്. ജയ് ഷായുമായി വിഷയം സംസാരിച്ചു എന്ന് തുഷാര്‍ മേത്ത സമ്മതിച്ചു.

ശനിയാഴ്ച താന്‍ നിയമന്ത്രാലയത്തിന്‍റെ അനുമതി വാങ്ങിയിരുന്നു. ആവശ്യമെങ്കില്‍ ജയ് ഷായ്ക്കു വേണ്ടി കോടതിയില്‍ ഹാജരാകുമെന്നും തുഷാര്‍ മേത്ത വ്യക്തമാക്കി. തുഷാര്‍ മേത്ത മുമ്ബ് ഗുജറാത്തിലെ അഡ്വക്കേറ്റ് ജനറലായിരുന്നു. ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്തിന് ഒരു സ്വകാര്യ വ്യക്തിയുടെ വിഷയത്തില്‍ ഇടപെടണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു. വാര്‍ത്ത പുറത്തു വിട്ട ന്യൂസ് പോര്‍ട്ടല്‍ ഇതില്‍ ഉറച്ചു നില്ക്കുകയാണ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ അമിത്ഷായുടെ മകന്‍റെ കമ്ബനിയെക്കുറിച്ച്‌ വന്ന വാര്‍ത്ത അന്വേഷിക്കണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു

Advertisements

Leave a Reply

Your email address will not be published. Required fields are marked *