KOYILANDY DIARY

The Perfect News Portal

അടുത്ത 36 മണിക്കുറിനുള്ളില്‍ കനത്ത കാറ്റിനും മഴക്കും സാധ്യത

തിരുവനന്തപുരം: ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി അറബിക്കടല്‍ വഴി ലക്ഷദ്വീപിനടുത്തേക്ക് നീങ്ങി തുടങ്ങി. അടുത്ത 36 മണിക്കുറിനുള്ളില്‍ ന്യൂനമര്‍ദ്ദം തീവ്രമാകും. ചുഴലിക്കാറ്റിന് സാധ്യതയില്ലെങ്കിലും കനത്തകാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെങ്ങും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. എല്ലാ തുറമുഖങ്ങളിലും ഫിഷിങ് ഹാര്‍ബറുകളിലും അപായ സിഗ്നല്‍ ഉയര്‍ത്തി.മല്‍സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ച വരെ കടലില്‍ പോകരുത്. വ്യോമ -നാവിക സേനകളും തീരസംരക്ഷണ സേനയും അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണ്.

തിരുവനന്തപുരത്തിന് തെക്കുപടിഞ്ഞാറായി അറബിക്കടലില്‍ 390 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദം രൂപംകൊണ്ടത്. ഇത് വടക്കുപടിഞ്ഞാറേ ദിശയില്‍ മുന്നോട്ടുനീങ്ങി ലക്ഷദ്വീപ് ഭാഗത്തേക്കെത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍. കന്യാകുമാരിമുതല്‍ മാലദ്വീപുവരെയും ലക്ഷദ്വീപുമുതല്‍ തിരുവനന്തപുരംവരെയുമുള്ള ഭാഗത്ത് ഉള്‍ക്കടല്‍ പ്രക്ഷുബ്ദമാണ്. മേഖലയില്‍ കനത്ത മഴയുമുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ എത്തുന്നു.ഇത് 75 കിലോമീറ്റര്‍ വരെ ഉയരാം.

ജില്ലകളില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. പൊലീസ്, ഫയര്‍ഫോഴ്സ് വിഭാഗങ്ങളും കോസ്റ്റ് ഗാര്‍ഡും തീരദേശ പൊലീസും കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ്. തീരദേശത്ത് ഫിഷറീസ് വകുപ്പിന്റെയും റവന്യൂവകുപ്പിന്റെയും നേതൃത്വത്തില്‍ അനൗണ്‍സ്മെന്റടക്കമുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. മത്സ്യത്തൊഴിലാളി സംഘടനകളും രാഷ്ട്രീയ സാമൂഹ്യ സമുദായ സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ഏജന്‍സികള്‍ക്കൊപ്പം രംഗത്തുണ്ട്.

Advertisements

കടലില്‍ പോകരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം > അടിയന്തരസാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സംവിധാനം സുസജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ അപകടസാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ചവരെ ഒരുകാരണവശാലും മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് ലഭിച്ചയുടന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടു. ദേശീയ ദുരന്ത പ്രതികരണസേനയിലെ 45 അംഗങ്ങള്‍കൂടി ബുധനാഴ്ച തൃശൂരിലെത്തും. സര്‍ക്കാരിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണിത്. എല്ലാ കേന്ദ്ര സേനാവിഭാഗങ്ങള്‍ക്കും കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാരിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നിര്‍ദേശങ്ങളോട് തീരദേശത്തുള്ളവര്‍ പൂര്‍ണമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ശനിയാഴ്ച രാത്രി 9.23 നാണ് മുന്നറിയിപ്പ് ലഭിച്ചത്. ഉടന്‍ സര്‍ക്കാര്‍വകുപ്പുകള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും നിര്‍ദേശങ്ങള്‍ പോയി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ 2.30ന് ന്യൂനമര്‍ദം തീവ്രന്യൂന മര്‍ദമാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *