KOYILANDY DIARY

The Perfect News Portal

വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

ലണ്ടന്‍: വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസ്സായിരുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖ ശാസ്ത്രജ്ഞനായി കരുതപ്പെടുന്ന അദ്ദേഹത്തിന്റെ അന്ത്യം പുലര്‍ച്ചെ കേംബ്രിഡ്ജിലെ വസതിയിലായിരുന്നു. മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവരാണ് പ്രസ്താവനയില്‍ മരണവാര്‍ത്ത അറിയിച്ചത്. അറുപത് വര്‍ഷങ്ങളായി ശരീരം തളര്‍ന്ന നിലയില്‍ വീല്‍ ചെയറില്‍ കഴിയുന്ന അദ്ദേഹം ആ അവസ്ഥയില്‍ ജീവിച്ചാണ് ശാസ്ത്ര സംഭാവനകള്‍ ഏറെയും നല്‍കിയത് .

നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച്‌ ഇന്നു ലഭ്യമായ വിവരങ്ങളില്‍ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ രൂപപ്പെട്ടതാണ്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യന്‍ പ്രഫസര്‍ സ്ഥാനം വഹിക്കുകയായിരുന്നു. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പ്രശസ്തമായ ശാസ്ത്രഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്.

1942 ജനുവരി 8ന് ഓക്സ്ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. പതിനൊന്നാം വയസ്സില്‍ ‍സ്റ്റീഫന്‍ ഇംഗ്ലണ്ടിലെ ഹെര്‍ട്ട്ഫോര്‍ഡ്ഷെയറിലെ സെന്റ് ആല്‍ബന്‍സ് സ്കൂളില്‍ ചേര്‍ന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നതെങ്കിലും, സ്റ്റീഫന്‍ ഹോക്കിങിന് ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താത്പര്യം.

Advertisements

17ാം വയസ്സില്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകള്‍ തളര്‍ന്നു പോകാന്‍ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. കൈകാലുകള്‍ ചലിപ്പിക്കാനാവാത്ത അവസ്ഥയിലും സഹപ്രവര്‍ത്തകരുടെ പിന്തുണ അദ്ദേഹത്തിന് ആത്മവിശ്വാസം പകര്‍ന്നു. ഗവേഷണ ബിരുദം നേടിയ ശേഷം 1965ല്‍ ജെയ്ന്‍ വൈല്‍ഡിനെ വിവാഹം കഴിച്ചു. 1991ല്‍ അവര്‍ വിവാഹമോചനം നേടി.

പൊതുവിഷയങ്ങളിലും ശക്തമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്താറുള്ള അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ഡോനാള്‍ഡ് ട്രംപിന്റെ പരിസ്ഥിതി നയത്തെ ശക്തമായി എതിര്‍ത്തിരുന്നു. പാരീസ് ഉടമ്ബടിയില്‍നിന്ന് പിന്മാറാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം തിരിച്ചുവരാനാകാത്ത കടുത്ത സാഹചര്യത്തിലേക്ക് ഭൂമിയെ നയിക്കുമെന്ന് സ്റ്റീഫന്‍ ഹോക്കിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ആഗോളതാപനം തടയാനാകാത്ത സാഹചര്യത്തിലേക്ക് നയിക്കും. ഭൂമിയുടെ അവസ്ഥ ശുക്രഗ്രഹത്തിന് സമാനമാകും. ഭൂമിയില്‍ സള്‍ഫ്യൂരിക് ആസിഡ് പെയ്യുകയും താപനില 250 ഡിഗ്രിയിലേക്ക് കുതിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *