KOYILANDY DIARY

The Perfect News Portal

അടിമാലിയില്‍ രണ്ടിടത്ത്‌ ഉരുള്‍പൊട്ടല്‍

ഇടുക്കി> നാലുദിവസമായി ജില്ലയില്‍ പെയ്യുന്ന കനത്തമഴ ഹൈറേഞ്ച്‌ മേഖലയില്‍ കോടികളുടെ നാശം വിതച്ചു. അടിമാലിയില്‍ രണ്ടിടത്തും രാജാക്കാട്‌ കള്ളിമാലി വ്യൂപോയിന്റിലും ഉരുള്‍പൊട്ടി. മിക്കയിടങ്ങളിലും മരം വീണും കാറ്റിലും വൈദ്യുതി ബന്ധം ഇല്ലാതായി. അറുപതോളം വീടുകള്‍ തകര്‍ന്നു. വീശിയടിക്കുന്ന ശക്തമായ കാറ്റില്‍ ഏക്കറുകളോളം സ്ഥലത്തെ വാഴകൃഷി പൂര്‍ണമായും നശിച്ചു. റബര്‍, കുരുമുളക്, കൊക്കോ, ജാതി തുടങ്ങിയ വിളകള്‍ക്കും കനത്ത നാശമുണ്ടായി. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് സംവിധാനങ്ങളും പ്രവര്‍ത്തന രഹിതമായി.

ജില്ലയില്‍ശരാശരി 71.6മില്ലിമീറ്റര്‍ മഴലഭിച്ചു. ഇടുക്കി ജലാശയത്തില്‍ 2325.22 അടിയായി ജലനിരപ്പ്‌ ഉയര്‍ന്നു.ശനിയാഴ്‌ച ജലനിരപ്പ്‌ 2323.46 അടിയായിരുന്നു. പീരുമേട്‌ താലൂക്കിലാണ്‌ ഏറ്റവും ശക്തമായി മഴ പെയ്‌തത്‌. ഇവിടെ 112 മില്ലിമീറ്റര്‍ മഴരേഖപ്പെടുത്തി.

തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കൊട്ടാരക്കര- ദിണ്ഡുഗല്‍ ദേശീയപാതയില്‍ ഞായറാഴ്ച പകല്‍ സമയം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ടാണ്‌ ഗതാഗതം പുനഃസ്ഥാപിച്ചത്‌.

Advertisements

കല്ലാര്‍ വട്ടിയാറില്‍ ശനിയാഴ്ച രാത്രി എട്ടരയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ നിന്നും മൂന്നംഗ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു. പുത്തന്‍പുരയ്ക്കല്‍ മോനിച്ചനും കുടുംബവുമാണ് രക്ഷപെട്ടത്. ചെളിയും വെള്ളവും ഒഴുകിയെത്തിയപ്പോള്‍ ഓടിമാറുന്നതിനിടെ വീണ് മോനിച്ചന്റെ ഭാര്യ ലാലിക്ക് നിസാര പരിക്കേറ്റു. വീട് ഭാഗികമായി മണ്ണിനടിയിലായി. ദേശീയപാതയില്‍ നിന്നും അഞ്ഞൂറ് അടി ഉയരത്തില്‍ വിയല്‍ എസ്റ്റേറ്റിലാണ് ഉരുള്‍ പൊട്ടിയത്. വെള്ളത്തൂവലില്‍ മണ്ണിടിഞ്ഞ് ഞായറാഴ്ച പുലര്‍ച്ചെമുതല്‍ ഗതാഗതംതടസ്സപ്പെട്ടു. അടിമാലിയില്‍ നിന്നും ഫയര്‍ഫോഴ്സെത്തി മണ്ണ് നീക്കം ചെയ്തു.

കൊച്ചി – മധുര ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ വാളറ വരെ വ്യാപകമായി മരങ്ങള്‍ ഒടിഞ്ഞുവീണു. ദേവിയാര്‍പുഴ കരകവിഞ്ഞൊഴുകി. അമ്ബലപ്പടി, ചാറ്റുപാറ, മച്ചിപ്ലാവ്, പതിനാലാംമൈല്‍ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വാരിയാനിപ്പടി- കലുങ്കുസിറ്റി റോഡിനും കേടുപാട്‌ സംഭവിച്ചു. പൊന്മുടി ജലസംഭരണിയോട്‌ ചേര്‍ന്നുകിടക്കുന്ന പ്രദേശത്തെ 12 കുടുംബങ്ങളാണ്‌ ഉരുള്‍പൊട്ടുമെന്ന ഭീതിയില്‍ കഴിയുന്നത്‌.

രാജാക്കാട്‌ കള്ളിമാലി വ്യൂ പോയിന്റിനു സമീപത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒന്നര ഏക്കറോളം കൃഷിയിടം ഒലിച്ചുപോയി. കൂട്ടുങ്കല്‍ ജോസിന്റെ കൃഷിയിടത്തിലാണ്‌ ഉരുള്‍പൊട്ടിയത്‌.

Leave a Reply

Your email address will not be published. Required fields are marked *