KOYILANDY DIARY

The Perfect News Portal

അടച്ചിടൽ കാലത്തെ വിദ്യാഭ്യാസത്തിന് മാതൃകയൊരുക്കി പ്രധാനാധ്യാപകൻ പടിയിറങ്ങി

കൊയിലാണ്ടി: പ്രതിസന്ധികളിൽ പകച്ചു നിൽക്കാതെ ഇച്ഛാശക്തിയോടെ വിവര സാങ്കേതിക വിദ്യയുടേയും കലയുടേയും സഹവർത്തികരുടേയും സാധ്യതകൾ ഉപയോഗപ്പെടുത്തി അടച്ചിടൽ കാലത്ത് മാതൃകാ വിദ്യാഭ്യാസമൊരുക്കി പ്രധാനാധ്യാപകൻ ശശികുമാർ പാലയ്ക്കൽ കാപ്പാട് ഗവ. മാപ്പിള യു.പി.സ്കൂളിൻ്റെ പടിയിറങ്ങി. ഭിന്നശേഷിക്കാർ ഉൾപ്പടെ മുഴുവൻ വിദ്യാർഥികളേയും ഓൺലൈൻ – ഓഫ് ലൈൻ പ്ലാറ്റ് ഫോമുകളിൽ എത്തിച്ച് പി.ടി.എ., എസ്.എസ്.ജി, എസ്.എം.സി, സ്റ്റാഫ് കൗൺസിൽ സഹകരണത്തോടെ വ്യത്യസ്തവും ആകർഷകവും നിരന്തര മൂല്യനിർണയാവസരമുള്ള നൂറോളം പഠന പരിപാടികളാണ് സ്കൂളിൽ ആവിഷ്ക്കരിച്ചത്.

കലാ രംഗത്തേയും മാധ്യമ രംഗത്തേയും ദീർഘകാല പ്രവർത്തന പരിചയമാണ് ശശിമാസ്റ്റർക്ക് ടീം കാപ്പാടിനെ നൂതന വഴിക്ക് നയിക്കാൻ പ്രാപ്തി നൽകിയത്. സ്വാതന്ത്ര്യ ദിനത്തിൽസ്കൂളിൽ ആരംഭിച്ച ‘വിദ്യാദർശൻ ‘ ചാനലിൽ പങ്കെടുത്ത് വിദ്യാഭ്യസ മന്ത്രി സി. രവീന്ദ്രനാഥ് സ്ക്കൂൾ പ്രവർത്തനം മാതൃകാപരവും അനുകരണീയവും’ എന്ന് വിശേഷിപ്പിച്ചത് പ്രചോദനമായി. അനശ്വരായ സാഹിത്യകാരൻ യു.എ.ഖാദർ, ഐ.എസ്.ആർ.ഒ. സീനിയർ ശാസ്ത്രജ്ഞ ഡോ. എസ്. ഗീത, അമേരിക്കൻ സയൻ്റിസ്റ്റ് ഡോ. വിപിൻ ഗോപാൽ, ഡോ.ഖദീജ മുംതാസ്, ഡോ.കല്പറ്റ നാരായണൻ, ദേശീയ പരിസ്ഥിതി പ്രവർത്തകൻ എസ്.പി. ഉദയ്കുമാർ, വി.എസ്.സി. ടെക്നിക്കൽ ഡയരക്ടർ ഡോ. ഹാരിഷ്, ഫോക്ലോറിസ്റ്റ് ഡോ. കോയ കാപ്പാട്, മന:ശാസ്ത്രജ്ഞൻ ഡോ.ഭാർഗ്ഗവൻ, ജൈവകർഷകൻ അബൂബക്കർ ഹാജി ,വൈക്കം മുഹമ്മദ് ബഷീറിൻ്റെ മകൾ ഷാഹിന തുടങ്ങിയ 50 പ്രതിഭകൾ വ്യത്യസ്ത വേദികളിൽ കുട്ടികളുമായി സംവദിച്ചു.

ശശി മാസ്റ്ററുടെ സംവിധാനത്തിൽ വിദ്യാർഥികൾ വീടുകളിൽ ഒരുക്കിയ നിശ്ചല – ചലന ദൃശ്യങ്ങളായ ‘ഇത്തിഹാദ് കിസബർമതി ‘ഇമ്മിണി ബല്യൊന്ന് ‘ ഏറ്റവും ജനശ്രദ്ധ നേടി. കേരള ഐ.ടി.വകുപ്പിൻ്റെ നിമ്പിൾ ഇ.2. പാഠശാല, ഡയറ്റിൻ്റെ പഠനവിടവ് പൂരണ പദ്ധതി, കോഴിക്കോട് വിദ്യാഭ്യാസ സമിതിയുടെ ഓൺലൈൻ മാർഗ്ഗരേഖ, ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ സഹായം എന്നിവ ടീം കാപ്പാടിന് ദിശാബോധം നൽകി. ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ ടി.വി യും പഠനോപകരണവും നൽകുന്ന ‘ കൂടെ.. തണലായ് ‘ പദ്ധതിയും സ്കൂളിൽ പ്രധാനാധ്യാപകൻ്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ പ്രകിയയുടെ കണ്ണി മുറിയാതെ വിദ്യാർഥികൾക്കായി സർഗാത്മക വിദ്യാഭ്യാസത്തിന് നേതൃത്വം നൽകി വിരമിക്കുന്ന പ്രധാനാധ്യാപകന് എച്ച്.എം ഫോറം, പി ടി.എ., സ്റ്റാഫ് യോഗം, വിദ്യാർഥി കൗൺസിൽ എന്നിവർ യാത്രയയപ്പ് നൽകി. ബി.പി.സി. ഒ.ഗിരി ഉപഹാര സമർപ്പണം നടത്തി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *