KOYILANDY DIARY

The Perfect News Portal

അച്ഛനെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച്‌ മക്കള്‍ കടന്നുകളഞ്ഞു

വരാപ്പുഴ: വയോജന ദിനത്തില്‍ അച്ഛനെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച്‌ മക്കള്‍ കടന്നുകളഞ്ഞു. വരാപ്പുഴയിലാണ് സംഭവം. വരാപ്പുഴ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ഇളയ മകന്റെ വീടിന്റെ മുറ്റത്താണ് എണ്‍പതുകാരനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്.

വിഷമാവസ്ഥയില്‍ നില്‍ക്കുന്ന വയോധികനോട് അയല്‍വാസികള്‍ ചോദിച്ചപ്പോഴാണ് അച്ഛനെ വീടിന് പുറത്തുനിര്‍ത്തി മകനും ഭാര്യയും വീട് പൂട്ടിപ്പോയ വിവരം അറിയാനായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

മൂത്ത മകളുടെ മകനാണ് ആലുവയില്‍നിന്ന് വയോധികനെ വരാപ്പുഴയിലെ വീട്ടിലെത്തിച്ചത്. അച്ഛനെ കണ്ടെങ്കിലും വാതില്‍ തുറക്കാന്‍ ഇളയ മകനും ഭാര്യയും തയ്യാറായില്ല. വീടിനു പുറത്ത് ഭക്ഷണം നല്‍കി. വാതില്‍ പൂട്ടി പുറത്തേക്ക് പോകുകയും ചെയ്തു.

Advertisements

ഏറെ നേരം കഴിഞ്ഞിട്ടും ആരെയും കാണാതായതോടെ വയോധികന്‍ വിഷമാവസ്ഥയിലായി. ഈ സമയമാണ് അയല്‍വാസികള്‍ സംഭവം അന്വേഷിക്കുന്നത്. തുടര്‍ന്ന് വരാപ്പുഴ പോലീസില്‍ വിവരം അറിയിച്ചു. വരാപ്പുഴ എസ്.ഐ. ഷിബുവിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി വയോധികനോട് സംസാരിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമാകുന്നത്.

ആലുവ എന്‍.എ.ഡി.ക്ക് സമീപം മൂത്ത മകളുടെ വാടക വീട്ടിലായിരുന്നു കഴിഞ്ഞ ദിവസം വരെ താമസിച്ചിരുന്നത്. അവിടെ നിര്‍ത്താന്‍ അസൗകര്യമുണ്ടെന്നു പറഞ്ഞാണ് വരാപ്പുഴയിലെ ഇളയ മകന്റെ വീട്ടിലേക്ക് കൊണ്ടുവിടുന്നത്. വീടിന്റെ മുമ്ബില്‍ ഇറക്കിവിട്ട് ഒപ്പം വന്ന കൊച്ചുമകന്‍ പോകുകയും ചെയ്തു.

രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണ് ഇദ്ദേഹത്തിന്. ഇവര്‍ക്കാര്‍ക്കുംതന്നെ നോക്കാനാകില്ലെന്ന നിലപാടാണുള്ളതെന്ന് വയോധികന്‍ പോലീസിനോട് പറഞ്ഞു. മക്കളെ ഫോണില്‍ ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ സമീപത്തുള്ള വീട്ടിലേക്ക് മാറ്റി ഇരുത്തി.

വൈകീട്ടോടെ മൂത്ത മകളെ ഫോണില്‍ കിട്ടി. തീര്‍പ്പുണ്ടാകുന്നതുവരെ അച്ഛനെ കൊണ്ടുപോകാന്‍ മൂത്ത മകളോട് പോലീസ് നിര്‍ദേശിച്ചു. തൊട്ടടുത്ത ദിവസം തന്നെ മക്കളെയെല്ലാവരെയും വിളിച്ചുവരുത്തി തീരുമാനം ഉണ്ടാക്കുമെന്ന് വരാപ്പുഴ എസ്.ഐ. ഷിബു പറഞ്ഞു.

മരുന്നു കമ്ബനിയില്‍ ജോലിയുണ്ടായിരുന്നയാളാണ് വയോധികന്‍. ഇടപ്പള്ളി ടോളിനു സമീപം നാല് സെന്റ് സ്ഥലവും വീടും സ്വന്തമായിട്ടുണ്ട്. ഒമ്ബത് വര്‍ഷം മുമ്ബ് ഭാര്യ മരിച്ചതോടെ അവിടത്തെ സ്ഥിര താമസം നിര്‍ത്തി മക്കളുടെ വീടുകളില്‍ മാറി മാറി താമസിക്കുകയായിരുന്നു. അച്ഛനെ ആര് നോക്കും എന്നതിനെച്ചൊല്ലി മക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് വയോധികനെ ഉപേക്ഷിച്ചുപോകുന്ന തരത്തിലേക്ക് എത്തിയത്. നാലു മാസമായി അച്ഛനെ നോക്കുന്നത് തങ്ങളാണെന്നും ഇനിയും നോക്കുന്നതില്‍ പല അസൗകര്യങ്ങളുമുണ്ടെന്നും മൂത്ത മകള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *