KOYILANDY DIARY.COM

The Perfect News Portal

വന്മുകം-എളമ്പിലാട് MLP സ്കൂളിൽ നിന്ന് ആയിരം സഡാക്കോ കൊക്കുകള്‍ ഹിരോഷിമയിലേക്ക് പറന്നു

കൊയിലാണ്ടി.  വന്മുകം-എളമ്പിലാട് എം.എൽ പി.സ്കൂളിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ ആയിരം സഡാക്കോ കൊക്കുകള്‍ ഹിരോഷിമ ദിനമായ  ചൊവ്വാഴ്ച  ഹിരോഷിമയിലേക്ക് പറന്നു.  ലോകത്തെവിടെയും നടക്കുന്ന യുദ്ധങ്ങള്‍ക്കിരയാവുന്ന അനേകായിരം കുഞ്ഞുങ്ങളുടെ പ്രതീകമാണ് സഡാക്കോ സസക്കി എന്ന ജാപ്പനീസ് പെണ്‍കുട്ടി. 1945 ആഗസ്റ്റ് ആറിന് ഹിരോഷിമയില്‍ ആറ്റംബോംബ് വീഴുമ്പോള്‍ സഡാക്കോക്ക് രണ്ട് വയസ്സായിരുന്നു. ആറ്റം ബോംബിൻ്റെ കിരണങ്ങളേറ്റ അവളുടെ ശരീരം രക്താര്‍ബുദത്തിന് കീഴടങ്ങി.
ആശുപത്രി കിടക്കയില്‍ മരണത്തോടുമല്ലടിക്കുമ്പോള്‍ ജപ്പാനില്‍ നിലനിന്നിരുന്ന ഒരു വിശ്വാസം അവള്‍ക്ക് ആശ്വാസമേകി. പേപ്പര്‍കൊണ്ട് ആയിരം കൊക്കുകളെ നിര്‍മിച്ചാല്‍ ആഗ്രഹിക്കുന്ന കാര്യം നടക്കും എന്നതായിരുന്നു വിശ്വാസം. മികച്ച ഓട്ടക്കാരിയാകാന്‍ കൊതിച്ച സഡാക്കോ കൊക്കുകളെ നിര്‍മിക്കാന്‍ തുടങ്ങി. ആയിരം കൊക്കുകള്‍ തികയും മുമ്പേ 1955 ഒക്ടോബര്‍ 25ന് സഡാക്കോ ഈ ലോകത്തോട് വിടവാങ്ങി. സഡാക്കോയുടെ ഓര്‍മക്കായി സഹപാഠികള്‍ ഹിരോഷിമയിലെ സമാധാന പാര്‍ക്കില്‍ സ്മാരകം നിര്‍മിച്ചു.     
സഡാക്കോയുടെ സ്മാരകത്തില്‍ അര്‍പ്പിക്കാനുള്ള ആയിരം പേപ്പര്‍ കൊക്കുകള്‍കൊണ്ട് തീര്‍ത്ത ഹാരം വന്മുകം- എളമ്പിലാട്  സ്കൂളിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച കൊക്കുകളിലെല്ലാം കുട്ടികളും, അധ്യാപകരും ചേർന്ന് ഒപ്പ് വെച്ച്  ഹിരോഷിമയിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. അവിടത്തെ വിദ്യാര്‍ഥികള്‍ ഈ ഹാരം സഡാക്കോയുടെ സ്മാരകത്തില്‍ അര്‍പ്പിക്കും. 
വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൻ്റെ പേര് അവിടെ ആലേഖനവും ചെയ്യും.  കോഴിക്കോട് കലക്ടറുടെ ചേമ്പറിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ്. സാംഭശിവ റാവുവിൽ നിന്ന് സ്കൂൾ ലീഡർ നിരഞ്ജന എസ് മനോജിന്റെ നേതൃത്വത്തിൽ കൊക്കുകൾ അടങ്ങിയ ബോക്സ് ഏറ്റുവാങ്ങി. ഹിരോഷിമ ദിനത്തിൽ നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സന്ദേശമാണിതെന്ന് കലക്ടർ പറഞ്ഞു.
അധ്യാപകരായ പി.കെ.അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ, വി.പി.സരിത, വിദ്യാർത്ഥികളായ  ആയിഷമെഹാന, ഫാത്തിമ റന, വസുദേവ് കാർത്തിക്, എ.വി. ദേവ ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
Share news

Leave a Reply

Your email address will not be published. Required fields are marked *