പ്രതിശ്രുത വരന്റെ വീട്ടില്‍ നിന്ന് ആറു പവന് ആഭരണങ്ങളും 30000 രൂപയും മോഷണം പോയി

ചിങ്ങവനം: പ്രതിശ്രുത വരന്റെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളും അടിച്ചു മാറ്റിയത് നാട്ടിലെ കള്ളനെന്ന സംശയത്തില്‍ പോലീസ് അന്വേഷണം നീളുന്നു. ചിങ്ങവനം മണിമലപറമ്പില്‍ സാംകുട്ടിയുടെ വീട്ടിലാണ് കവര്‍ച്ച നടത്തിയത്. ആറു പവന് ആഭരണങ്ങളും 30000 രൂപയുമാണ് കവര്‍ന്നത്. മോഷണം നടന്ന വീട്ടില്‍ പോലീസ് നായയെ എത്തിച്ചു നടത്തിയ അന്വേഷണത്തിലാണ് നാട്ടിലെ കള്ളനാണോ എന്ന സംശയം ഉയര്‍ന്നത്.
മോഷണം നടന്ന വീട്ടില്‍ നിന്ന് പോലീസ് നായ ഓടിയത് സമീപത്തെ കുറ്റിക്കാട്ടിലൂടെയായിരുന്നു. പരിചയമില്ലാത്തവര്‍ക്ക് രാത്രിയില്‍ കുറ്റിക്കാട്ടിലൂടെ രക്ഷപ്പെടാന്‍ കഴിയുകയില്ല. നല്ല പരിചയമുള്ളവര്‍ക്ക് മാത്രമേ ഇതുവഴി പോകാനാവു എന്നാണ് പോലീസ് കരുതുന്നത്. അതിനാല്‍ നാട്ടിലെ കള്ളനാണോ പിന്നിലെന്ന സംശയം ബലപ്പെട്ടു. വീട്ടില്‍ ചൊവാഴ്ച്ച പുലര്‍ച്ചെ രണ്ടിനുശേഷമാണ് മോഷണം നടന്നത്. ഓടിട്ട പഴയ വീടിന്റെ മുന്‍വശത്തുള്ള ജനല്‍ പാളികള്‍ കുത്തി തുറന്നു മരയഴി ഉളിക്കു മുറിച്ചാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കയറിയത്.

വീടിനുള്ളിലെ മുറികളില്‍ കയറിയ മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും, മേശവലിപ്പിനുള്ളില്‍ നിന്നും രൂപയും രണ്ട് മുറികളില്‍ നിന്നായി പൂട്ട് കുത്തിതുറന്നാണ് അപഹരിച്ചത്. ഞായറാഴ്ച സാംകുട്ടിയുടെ മകന് തോമസിന്റെ മനസമ്മതമായിരുന്നതിനാല് വൈകുന്നേരം അഞ്ചോടെയാണ് കുടുംബാംഗങ്ങള്‍ വീട്ടിലെത്തിയത്. തോമസിന്റെ സഹോദരന് മാത്യു രാത്രി ഒന്നോടെയാണ് ഉറങ്ങിയത്. ഇതിനു ശേഷമാകാം മോഷണം നടന്നതെന്നു കരുതുന്നതായി മാത്യു പറഞ്ഞു.

പുലര്‍ച്ചെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കുത്തിതുറന്നു കിടക്കുന്ന അലമാരകളും മേശകളും കണ്ടത്. ഡോഗ് സ്ക്വാഡിനു പുറമെ വിരലടയാള വിദഗ്ദരും പരിശോധന നടത്തി. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. സമീപത്തെ പുരയിടത്തില്‍ മോഷ്ടാവ് ഉപേക്ഷിച്ച കമ്ബി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

