നോട്ടു നിരോധനവും സാമ്പത്തിക പരിഷ്ക്കരണവും കാറ്റ് പോയ ബലൂൺപോലെ: ആർ.ശശി

കൊയിലാണ്ടി: ഏറെ കൊട്ടിഘോഷിച്ച് രാജ്യത്ത് നടപ്പിലാക്കിയ നോട്ടു നിരോധനവും സാമ്പത്തിക പരിഷ്കരണ നടപടികളും കാറ്റുപോയ ബലൂൺ പോലെയായെന്ന് സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം ആർ.ശശി പറഞ്ഞു. എ.ഐ.വൈ. എഫ് നേതാവും സി.പി.ഐ. അരിക്കുളം ലോക്കൽ കമ്മിറ്റിഅംഗവുമായിരുന്ന പി. വിനീഷിന്റെ മൂന്നാം ചരമവാർഷിക ദിനാചരണേത്തോടനുബന്ധിച്ച് കുരുടിമുക്കിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത മേഖലകളും പ്രതിസന്ധി നേരിടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. സാമ്പത്തിക വിദഗ്ദ്ധരെല്ലാം പരിഷ്കരണ നടപടികളിലെ പൊള്ളത്തരങ്ങൾ വിളിച്ചു പറയാൻ തുടങ്ങിയിരിക്കുന്നു. ജനങ്ങൾ മോദിയുടെ ജനവിരുദ്ധ നയങ്ങൾ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.ബിജു അധ്യക്ഷത വഹിച്ചു. സി.പി.ഐ.പേരാമ്പ്ര മണ്ഡലം സെക്രട്ടറി ഇ.കുഞ്ഞിരാമൻ, കാരയാട് കുഞ്ഞികൃഷ്ണൻ, ജിജോയ് ആവള, ഇ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
രാവിലെ പ്രഭാതഭേരിയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. ഗായത്രി മുക്കിന് സമീപം സംഘടിപ്പിച്ച കമ്മ്യൂണിസ്റ്റ് കുടുംബസംഗമം ജില്ലാ എക്സി.കമ്മിറ്റി അംഗം കെ.കെ.ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അജയ് ആവള, വി.എം.സമീഷ്, അശ്വിൻ ആവള, എം.എം സുധ, ഇ.രാജൻ എന്നിവർ സംസാരിച്ചു. തുടർന്ന് പ്രകടനവും പൊതുസമ്മേളനവും നടന്നു. എം.വി.ശശി, സുരേഷ് കല്ലങ്ങൽ, ഇ.കെ.രാജൻ, ധനേഷ് കാരയാട്, ഇ.വേണു, ടി.എം.രാജൻ, അത്യോട്ട് ഗംഗാധരൻ കെ.രാധാകൃഷ്ണൻ, ടി.ബിജു എന്നിവർ നേതൃത്വം നൽകി.
